
വടക്കാഞ്ചേരി: ലൈഫ് മിഷൻ ക്രമക്കേടിലെ അന്വേഷണത്തിന്റെ ഭാഗമായി വടക്കാഞ്ചേരിയിലെ ലൈഫ് ഭവന പദ്ധതി ഫ്‌ളാറ്റ് വിജിലൻസ് സംഘം നേരിട്ടെത്തി പരിശോധിച്ചു. പദ്ധതിയുടെ ചുമതലയുണ്ടായിരുന്ന തൃശൂരിലെ ഉദ്യോഗസ്ഥരുടെ മൊഴി രേഖപ്പെടുത്തിയ ശേഷമാണ് വിജിലൻസ് കൊച്ചി ഓഫീസിൽ നിന്നുള്ള അഞ്ചംഗ സംഘം ചരൽപ്പറമ്പിലെ പദ്ധതി പ്രദേശത്ത് എത്തിയത്. കഴിഞ്ഞ മാസം സി.ബി.ഐ സംഘവും സ്ഥലം പരിശോധിച്ചിരുന്നു.വടക്കഞ്ചേരി നഗരസഭയിൽ എത്തിയ അന്വേഷണ സംഘം നഗരസഭാ സെക്രട്ടറി കെ.എം. മുഹമ്മദ് അനസിൽ നിന്നു വിവരങ്ങൾ ശേഖരിച്ചു. രണ്ടാം തവണയാണ് നഗരസഭയിൽ വിജിലൻസ് പരിശോധനയ്ക്കായി എത്തുന്നത്. ഫ്‌ളാറ്റിന്റെ ബലപരീക്ഷണം നടത്താൻ വിജിലൻസ് പദ്ധതിയിടുന്നുണ്ട്. ഇതിനായി പൊതുമരാമത്ത് വകുപ്പിന് ഉടൻ കത്തു നൽകും.