
ദുബായ്: ഐ.പി.എൽ പാതിവഴിൽഎത്തിയതിന് പിന്നാലെ മിഡ് സീസൺ ട്രാൻസ്ഫ്ർ വിൻഡോയും തുറന്നു. ടീമുകളിൽ ഉൾപ്പെട്ടിട്ടും ഇതുവരെ കൂടുതൽ അവസരങ്ങൾ കിട്ടാത്ത താരങ്ങൾക്ക് മറ്ര് ടീമുകളിലേക്ക് മാറുന്നതിനുള്ള അവസരമാണ് മിഡ് സീസൺ ട്രാൻസ്ഫർ വിൻഡോയിലൂടെ ലഭിക്കുന്നത്. ഇന്നലെ മുതലാണ് മിഡ് സീസൺ ട്രാൻസ്ഫർ വിൻഡോ തുറന്നത്. ഇന്നലെ മുതൽ അഞ്ച് ദിവസത്തേക്കാണ് താരങ്ങൾക്ക് ലോൺ വ്യവസ്ഥയിൽ ടീം മാറുന്നതിനുള്ള അവസരം. കളിക്കാരൻ ഉൾപ്പെട്ട ടീമും മാറുന്ന ടീമും തമ്മിലുള്ള പരസ്പര ധാരണയുടെയും വ്യവസ്ഥകളുടെയും പുറത്തായിരിക്കും താരങ്ങളുടെ കൂടുമാറ്രം.
ടീമുകളെല്ലാം ഏഴ് മത്സരങ്ങൾ വീതം കളിച്ചു കഴിഞ്ഞു.
ഇനിയുള്ള മത്സരങ്ങൾ ഏറെ നിർണായകമായ പോയിന്റ് ടേബിളിൽ പിന്നിലുള്ള ചെന്നൈ സൂപ്പർ കിംഗ്സ്, കിംഗ്സ് ഇലവൻ പഞ്ചാബ് പോലുള്ള ടീമുകൾക്ക് ഈ മിഡ് ട്രാൻസ്ഫർ വിൻഡോ കൂടുതൽ പ്രയോജനപ്പെടുത്താനാകുമെന്നാണ് വിലയിരുത്തൽ.
കളിക്കാൻ അവസരം കിട്ടാതെ ഡഗൗട്ടിലിരിക്കുന്ന നിരവധി താരങ്ങൾക്ക് ഈ ട്രാൻസ്ഫർ വിൻഡോ മികച്ച അവസരണമാണ്.
ചെന്നൈ സൂപ്പർ കിംഗ്സിലെ ഇമ്രാൻ താഹിർ, മിച്ചൽ സാന്റ്‌നർ, പഞ്ചാബിലെ ക്രിസ് ഗെയ്ൽ, ഡൽഹി ക്യാപിറ്റൽസിലെ അജിങ്ക്യ രഹാനെ, സൺറൈസേഴ്സ് ഹൈദരാബാദിലെ ജാസൺ ഹോൾഡർ, മുംബയ് ഇന്ത്യൻസിലെ ക്രിസ് ലിൻ തുടങ്ങിയവർക്കെല്ലാം ഇതുവരെ അധികം അവസരങ്ങൾ ലഭിക്കാത്തവരാണ്.
ശ്രദ്ധിക്കാൻ
ടീമിനൊപ്പം ഉണ്ടായിട്ടും രണ്ട് മത്സരത്തിൽ കൂടുതൽ കളിക്കാത്ത താരങ്ങൾക്കാണ് ടീം മാറാനുള്ള അവസം കിട്ടുക. ഈ സീസണിലേക്ക് മാത്രമായിരിക്കും ഈ കൂടുമാറ്റം. സീസൺ കഴിയുമ്പോൾ താരങ്ങൾ തങ്ങളുടെ മാതൃടീമിൽ തിരിച്ചെത്തണം. ഉദാഹരണത്തിന് കിംഗ്സ് ഇലവൻ പഞ്ചാബ് താരം ക്രിസ് ഗെയ്ലിനെ ചെന്നൈ സൂപ്പർ കിംഗ്സ് വാങ്ങിക്കുന്നുവെന്ന് കരുതുക. ഈ സീസൺ മുഴുവൻ ഗെയ്ലിന് ചെന്നൈക്കായി കളിക്കാം. എന്നാൽ സീസൺ അവസാനിക്കുമ്പോൾ അദ്ദേഹം പഞ്ചാബിലേക്ക് മടങ്ങിവരേണ്ടിവരും.
മറ്രൊരു കാര്യം ലോണിൽ മറ്രു ടീമിലേക്ക് മാറുന്ന താരങ്ങൾക്ക് തങ്ങളുടെ മാതൃടീമിനെതിരെ കളിക്കാനാകില്ല.