
മുംബയ്: കൊവിഡ് അൺലോക്കിന്റെ ഭാഗമായി അരാധനാലയങ്ങൾ തുറക്കാൻ വെെകുന്നതിൽ മഹാരാഷ്ട്ര ഗവർണർ ബി.എസ് കോശ്യാരിയും മുഖ്യമന്ത്രി ഉദ്ദവ് താക്കറെയും തമ്മിൽ കത്തുകളിലൂടെ വാക്പോര് നടത്തി. കത്തിലൂടെ മുഖ്യമന്ത്രിയുടെ പെട്ടെന്നുള്ള മതേതരത്വത്തെ ഗവർണർ കോശ്യരി ചോദ്യം ചെയ്തതോടെയാണ് ഇരുവരും തമ്മിലുള്ള വാക്പോര് ആരംഭിച്ചത്. ആരുടേയും ഹിന്ദുത്വ പാഠങ്ങൾ തനിക്ക് ആവശ്യമില്ലെന്നും മറുപടി കത്തിലൂടെ ഉദ്ദവ് താക്കറെ തിരിച്ചടിച്ചു.
ശ്രീരാമനോടുള്ള ഭക്തിയെക്കുറിച്ച് ഓർമ്മപ്പെടുത്തി മഹാരാഷ്ട്ര ഗവർണർ തിങ്കളാഴ്ച താക്കറേക്ക് കത്തെഴുതിയിരുന്നു. ആരാധനാലയങ്ങൾ തുറക്കുന്നത് മാറ്റിവയ്ക്കണമെന്ന് മുഖ്യമന്ത്രിക്ക് എന്തെങ്കിലും ദൈവിക മുന്നറിയിപ്പ് ലഭിക്കുന്നുണ്ടോ എന്ന് താൻ ആശ്ചര്യപ്പെടുന്നു. അതോ നിങ്ങൾ സ്വയം മതേതരനായി മാറിയോ? എന്നായിരുന്നു ഗവർണർ ഉദ്ദവ് താക്കറെയ്ക്കയച്ച കത്തിൽ പറഞ്ഞിരുന്നത്. അടുത്ത ദിവസം തന്നെ ഗവർണർ ബി.എസ് കോശ്യാരിയുടെ കത്തിന് രൂക്ഷ ഭാഷയിൽ തന്നെ താക്കറെ മറുപടി നൽകി. ഹിന്ദുത്വത്തെക്കുറിച്ച് ആരും തന്നെ പഠിപ്പിക്കണ്ടയെന്നാണ് അദ്ദേഹം ഗവർണർക്ക് അയച്ച കത്തിൽ കുറിച്ചത്. ബോളിവുഡ് നടി കങ്കണ റാവത്തിന് പിന്തുണ നൽകിയ സംഭവത്തിലും ഉദ്ദവ് താക്കറെ ഗവർണറെ പരിഹസിച്ചു.
സംസ്ഥാനത്തെ കൊവിഡ് സ്ഥിതിഗതികൾ വിലയിരുത്തിയതിന് ശേഷം ആരാധനാലയങ്ങൾ വീണ്ടും തുറക്കുന്ന കാര്യത്തിൽ തീരുമാനമെടുക്കുമെന്ന് മുഖ്യമന്ത്രി ഉദ്ദവ് താക്കറെ ഗവർണറെ അറിയിച്ചു. ഇത് സംബന്ധിച്ച ഗവർണറുടെ അഭ്യർത്ഥന സർക്കാർ പരിഗണിക്കുമെന്നും താക്കറെ കത്തിൽ പറഞ്ഞു. ആരാധനാലയങ്ങൾ തുറക്കണമെന്ന് ആവശ്യപ്പെട്ട് നിരവധി പേർ സമീപിച്ചതിന് പിന്നാലെയാണ് ഗവർണർ മുഖ്യമന്ത്രിക്ക് കത്തയച്ചത്.