
മുംബയ്: മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറെയെ പരിഹസിച്ച് ഗവര്‍ണര്‍ ഭഗത് സിംഗ് കോഷിയാരി കത്തയച്ച സംഭവത്തില്‍ പ്രധാനമന്ത്രിക്ക് കത്തയച്ച് എന്‍.സി.പി അധ്യക്ഷന്‍ ശരദ് പവാര്‍. ഗവര്‍ണര്‍ ഉപയോഗിച്ച ഭാഷയില്‍ താന്‍ ഞെട്ടിപ്പോയതായി പവാര്‍ പ്രധാനമന്ത്രിക്ക് അയച്ച കത്തില്‍ പറയുന്നു.
'ബഹുമാനപ്പെട്ട ഗവര്‍ണര്‍ക്ക് ഈ വിഷയത്തില്‍ സ്വതന്ത്രമായ അഭിപ്രായങ്ങളും അഭിപ്രായങ്ങളും ഉണ്ടായിരിക്കാമെന്ന് ഞാന്‍ അംഗീകരിക്കുന്നു. അതിനൊപ്പം മുഖ്യമന്ത്രിയെ വിവരം അറിയിക്കാനുള്ള ഗവര്‍ണറുടെ നീക്കത്തെ അഭിനന്ദിക്കുന്നു. എന്നിരുന്നാലും, മാദ്ധ്യമങ്ങളിലൂടെ പുറത്തുവന്ന ഗവര്‍ണറുടെ കത്തും അതില്‍ ഉപയോഗിച്ചിരിക്കുന്ന ഭാഷയും കണ്ട ഞാന്‍ ഞെട്ടിപ്പോയി' പവാര്‍ കത്തില്‍ കുറിക്കുന്നു.
ആരാധനാലയങ്ങള്‍ തുറക്കുന്നതിനെക്കുറിച്ച് പ്രഖ്യാപനം നടത്തണമെന്ന് ആവശ്യപ്പെട്ട് തിങ്കളാഴ്ചയാണ് ഗവര്‍ണര്‍ മുഖ്യമന്ത്രി ഉദ്ധവ് താക്കറെയ്ക്ക് കത്തയച്ചത്. മറ്റു നഗരങ്ങളില്‍ ജൂണില്‍ തന്നെ ആരാധനാലയങ്ങള്‍ തുറന്നുവെന്നും അവിടെയൊന്നും കൊവിഡ് കേസുകള്‍ ക്രമാതീതമായി വര്‍ദ്ധിച്ചിട്ടില്ലെന്ന് ഗവര്‍ണര്‍ കത്തില്‍ ചൂണ്ടിക്കാട്ടുന്നു. ബാറുകളും റസ്റ്റൊറന്റുകളും ബീച്ചുകളും തുറന്നെങ്കിലും നമ്മുടെ ദൈവങ്ങളെ മാത്രം ലോക് ഡൗണില്‍ ഒറ്റപ്പെടുത്തിയിരിക്കുകയാണെന്നും ഗവര്‍ണര്‍ കുറ്റപ്പെടുത്തിയിരുന്നു. എന്നാല്‍ തനിക്ക് ആരില്‍ നിന്നും ഹിന്ദുത്വ സര്‍ട്ടിഫിക്കറ്റിന്റെ ആവശ്യമില്ല എന്നായിരുന്നു ഉദ്ധവ് നല്‍കിയ മറുപടി.