
ശ്രീനഗർ: ജമ്മുകാശ്‌മീരിലെ ഷോപ്പിയാൻ ജില്ലയിലെ മതപഠന സ്കൂളിലെ വിദ്യാർത്ഥികളെ ഭീകര പ്രവർത്തനങ്ങൾക്ക് ഉപയോഗിച്ചുവെന്ന് കണ്ടെത്തിയതിനെ തുടർന്ന് മൂന്ന് അദ്ധ്യാപകരെ പൊതു സുരക്ഷാനിയമ പ്രകാരം പൊലീസ് അറസ്റ്റ് ചെയ്തു. അദ്ധ്യാപകരായ അബ്ദുൾ അഹത് ഭട്ട്, മുഹമ്മദ് യൂസഫ് വനി, റൗഫ് ഭട്ട് എന്നിവരാണ് പിടിയിലായത്. സ്കൂളിലെ വിദ്യാർത്ഥികൾ ഭീകര പ്രവർത്തനങ്ങളുടെ ഭാഗമാകുന്നതായി കണ്ടെത്തിയിരുന്നു. കുൽഗാം, സോഫിയാൻ, അനന്ത്നാഗ് ജില്ലകളിലെ കുട്ടികളാണ് ഇവിടെ പഠിക്കുന്നത്. ഇക്കഴിഞ്ഞ ഫെബ്രുവരിയിൽ 40 സി.ആർ.പി.എഫ് ജവാന്മാരുടെ ജീവനെടുത്ത പുൽവാമ ആക്രമണത്തിൽ ചാവേറായെത്തിയത് ഈ സ്കൂളിലെ പൂർവ വിദ്യാർത്ഥിയായിരുന്നുവെന്നും കണ്ടെത്തിയിട്ടുണ്ട്.