india

ന്യൂഡൽഹി: അതിര്‍ത്തിക്ക് സമീപം ഇന്ത്യ 44 പാലങ്ങള്‍ തുറന്നതിന് പിന്നാലെ പ്രകോപനപരമായ നിലപാടുമായി ചൈന. വിവാദപ്രദേശമായ ലഡാക്ക് കേന്ദ്രഭരണ പ്രദേശമാക്കി മാറ്റിയത് അനധികൃതമായാണെന്നാണ് ഇന്ത്യക്കെതിരെ ഉന്നയിക്കുന്നത്. അതിന് പുറമെ അവിടുത്തെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങളെ എതിര്‍ക്കുമെന്നും ചൈന വ്യക്തമാക്കി.

പ്രശ്‌നങ്ങള്‍ക്ക് കാരണം ലഡാക്കിലെ നിര്‍മ്മാണങ്ങളാണെന്നും ചൈന വ്യക്തമാക്കി. കടന്നു കയറ്റങ്ങളെയും , അതിക്രമങ്ങളെ ശക്തമായി പ്രതിരോധിക്കാന്‍ സാധിക്കുന്ന തരത്തിലാണ് കരസേനയും വ്യോമസേനയും സംയുക്തമായി 'ബി.ആര്‍' പ്ലാന്‍ ആസൂത്രണം ചെയ്തിരിക്കുന്നത്. ഭീഷ്മ - റഫേല്‍ എന്നതിന്റെ ചുരുക്കെഴുത്താണ് ബി.ആര്‍ പ്ലാന്‍. കിഴക്കന്‍ ലഡാക്കിലെ സമുദ്രനിരപ്പില്‍നിന്നും 17000 അടി ഉയര്‍ത്തിലുള്ള യഥാർത്ഥ നിയന്ത്രണരേഖയില്‍ ഉഗ്രശേഷിയുള്ള ഭീഷ്മ ടാങ്കുകളാണ് കരസേന വിന്യസിച്ചിരിക്കുന്നത്.

അതിര്‍ത്തിയില്‍ അടിസ്ഥാന സൗകര്യവികസനം വര്‍ദ്ധിപ്പിക്കുന്നതും സൈനിക വിന്യാസം വേഗത്തിലാക്കുന്നതുമാണ് ഇരുപക്ഷവും തമ്മിലുള്ള സംഘര്‍ഷങ്ങള്‍ക്ക് മൂലകാരണം. ഇന്ത്യയും ചൈനയും തമ്മിലുള്ള സംഘര്‍ഷം സജീവമായതോടെയാണ് അതിര്‍ത്തിയില്‍ സര്‍വസജ്ജമായ യുദ്ധ ടാങ്കുകള്‍ പ്രത്യക്ഷപ്പെട്ടു തുടങ്ങിയത്. ഇരു രാജ്യങ്ങളും തങ്ങളുടെ ഏറ്റവും മികച്ച യുദ്ധ ടാങ്കുകള്‍ തന്നെ അതിര്‍ത്തിയില്‍ വിന്യസിച്ചിരിക്കുകയാണ്. ഇന്ത്യക്കുള്ളത് റഷ്യന്‍ നിര്‍മിത ടി.ടി-90, ടി-72 ടാങ്കുകളാണ്.

ചൈനയുടെയും പാകിസ്ഥാന്റെയും ഉറക്കം നഷ്ടപ്പെടുത്തിക്കൊണ്ട് വ്യോമസേനയുടെ റഫേല്‍ യുദ്ധവിമാനങ്ങളും അതിര്‍ത്തിക്ക് മുകളില്‍ സദാ നിരീക്ഷണം തുടരുകയാണ്. അതിശൈത്യത്തിലും ബുദ്ധിമുട്ടില്ലാതെ പ്രവര്‍ത്തിക്കുന്ന ഇന്ത്യയുടെ ടി-90, ടി-72 യുദ്ധടാങ്കുകള്‍ക്ക് മുന്നില്‍ ചൈനയുടെ ഭാരംകുറഞ്ഞ ടാങ്കുകള്‍ക്ക് പിടിച്ചു നില്‍ക്കാനാകില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍.