
ദുബായ് : ഐ.പി.എല്ലിൽ ഇന്നലെ നടന്ന മത്സരത്തിൽ ചെന്നൈ സൂപ്പർ കിംഗ്സ് സൺറൈസേഴ്സ് ഹൈദരാബാദിനെ തോൽപ്പിച്ചു. ടൂർണമെന്റിൽ പ്രതീക്ഷ നിലനിറുത്താൻ ജയം അനിവാര്യമായിരുന്ന മത്സരത്തിൽ 20 റൺസിനാണ് ചെന്നെയുടെ വിജയം. ടോസ് നേടി ആദ്യം ബാറ്റ്ചെയ്ത ചെന്നൈ സൂപ്പർ കിംഗ്സ് നിശ്ചിത ഇരുപതോവറിൽ ആറ് വിക്കറ്റ് നഷ്ടത്തിൽ 167 റൺസെടുത്തു. മറുപടിക്കിറങ്ങിയ സൺറൈസേഴ്സ് ഹൈദരാബാദിന്റെ വെല്ലുവിളി 20 ഓവറിൽ 8 വിക്കറ്റ് നഷ്ടത്തിൽ 147 റൺസിൽ അവസാനിച്ചു. അർദ്ധ സെഞ്ച്വറിയുമായി കേൻ വില്യംസൺ (39 പന്തിൽ 57) പൊരുതി നോക്കിയെങ്കിലും മറ്റാരുടേയും ഭാഗത്ത് നിന്ന് നല്ല പിന്തുണ ലഭിച്ചില്ല. 7 ഫോറുൾപ്പെട്ടതാണ് വില്യംസണിന്റെ ഇന്നിംഗ്സ്.
1 വീതം ഫോറും സിക്സും ഉൾപ്പെടെ 8 ബാളിൽ 14 റൺസ് നേടിയ റാഷിദ് ഖാൻ വാലറ്റത്ത് മിന്നലാട്ടം നടത്തിയെങ്കിലും ഫലം കാണാതെ പോയി.ജോണി ബെയർസ്റ്റോ (23), പ്രിയം ഗാർഗ് (16) എന്നിവരും അല്പനേരം പിടിച്ചു നിന്നു. ചെന്നൈക്കായി ഡ്വെയിൻ ബ്രാവോയും കരൺ ശർമ്മയും രണ്ട് വിക്കറ്റ് വീതം വീഴ്ത്തി.
നേരത്തേ മദ്ധ്യ നിരയിൽ നങ്കൂരമിട്ട ഷേൻ വാട്സണും (38 പന്തിൽ 42), അമ്പാട്ടി റായ്ഡുവും (34 പന്തിൽ 41) ആണ് ചെന്നൈയെ ഭേദപ്പെട്ട സ്കോറിലെത്തിക്കുന്നതിൽ നിർണായക പങ്കുവഹിച്ചത്. ഇരുവരും മൂന്നാം വിക്കറ്റിൽ 81 റൺസിന്റെ കൂട്ടുകെട്ട് പടുത്തുയർത്തി.
പതിവിന് വിപരീതമായി യുവതാരം സാം കറനാണ് ഫാഫ് ഡുപ്ലെസിസിന്റെ കൂടെ ഓപ്പണിംഗിന് ഇറങ്ങിയത്. നേരിട്ട ആദ്യപന്തിൽ തന്നെ ഡുപ്ലെസിസ് (0) മടങ്ങിയെങ്കിലും വെടിക്കെട്ട് ഷോട്ടുകളുമായി സാം മറുവശത്ത് തനിക്ക് കിട്ടിയ പ്രൊമോഷൻ ശരി വയ്ക്കുന്ന പ്രകടനമാണ് കാഴ്ചവച്ചത്. സന്ദീപ് ശർമ്മയുടെ പന്തിൽ ബെയർസ്റ്റോ പിടിച്ചാണ് ഡുപ്ലെസിസ് പുറത്തായത്. ഹൈദരാബാദ് ബൗളിംഗിനെ കടന്നാക്രമിച്ച സാം 21 പന്തിൽ 3 ഫോറിന്റേയും 2 സിക്സിന്റേയും അകമ്പടിയോടെ 31 റൺസ് നേടിയാണ് പുറത്തായത്. സന്ദീപ് ശർമ്മയുടെ പന്തിൽ സാം ക്ലീൻ ബൗൾഡാവുകയായിരുന്നു. 35/2 എന്ന നിലയിലായിരുന്നു ചെന്നൈ അപ്പോൾ. തുടർന്നാണ് വാട്സണും അമ്പാട്ടിയും ക്രീസിൽ ഒന്നിച്ചത്. ഇരുവരും പിന്നീട് പ്രശ്നങ്ങളില്ലാതെ ചെന്നൈയെ നൂറ് കടത്തുകയായിരുന്നു. 16-ാമത്തെ ഓവറിലെ രണ്ടാം പന്തിൽ ചെന്നൈ സ്കോർ 116ൽ വച്ച് റായിഡുവിനെ വാർണറുടെ കൈയിലെത്തിച്ച് ചേയ്ഞ്ച് ബൗളറായെത്തിയ ഖലീലാണ് കൂട്ടുകെട്ട് പൊളിച്ചത്. 3 ഫോറും 2 സിക്സും ഉൾപ്പെട്ടതായിരുന്നു റായ്ഡുവിന്റെ ഇന്നിംഗ്സ്.
പിന്നീടെത്തിയവരിൽ നായകൻ എം.എസ്. ധോണി (13 പന്തിൽ 21), രവീന്ദ്ര ജഡേജ (പുറത്താകാതെ10 പന്തിൽ 25) എന്നിവരും ചെന്നൈ ഇന്നിംഗ്സിന് നിർണായക സംഭാവന നൽകി. ഹൈദരാബാദിനായി സന്ദീപ് ശർമ്മ 4 ഓവറിൽ 19 റൺസ് മാത്രം വിട്ടുകൊടുത്ത് രണ്ട് വിക്കറ്റ് വീഴ്ത്തി ബൗളിംഗിൽ തിളങ്ങി. ഖലീലും നടരാജനും രണ്ട് വിക്കറ്റ്വീതം വീഴ്ത്തി.എട്ട് മത്സരങ്ങളിൽ ചെന്നൈയുടെ മൂന്നാം ജയമാണിത്.
ഐ,പി.എല്ലിൽ ഇന്ന്
ഡൽഹി - രാജസ്ഥാൻ