
അന്തിക്കാട്: ബി.ജെ.പി പ്രവർത്തകൻ മുറ്റിച്ചൂർ നിധിലിനെ വധിച്ച കേസിൽ രണ്ടുപേർ കൂടി അറസ്റ്റിൽ. താന്ന്യം സ്വദേശി മുത്രത്തിൽപ്പറമ്പിൽ അഖിൽ (22), മണലൂർ സ്വദേശി ചിറയത്ത് സായുഷ്(24) എന്നിവരാണ് പിടിയിലായത്. ആലപ്പുഴ എറണാകുളം മണ്ണുത്തി എന്നിവിടങ്ങളിൽ ഒളീവിൽ കഴിയുകയായിരുന്ന പ്രതികൾ തമിഴ് നാട്ടിലേക്ക് കടക്കുന്നതിന് പണം കണ്ടെത്തുന്നതിനിടെ പെരിങ്ങോട്ടുകരയിലെ ക്ഷേത്രക്കുളത്തിന് സമീപം വച്ചാണ് പിടിയിലായതെന്നാണ് വിവരം. ഇതോടെ നിധിൽ വധക്കേസിൽ പ്രതികളുടെ എണ്ണം അഞ്ചായി. സംഭവം നടന്ന ദിവസം വൈകീട്ട് മുറ്റിച്ചൂർ സ്വദേശി പള്ളിയിൽ സനൽ തൃശൂരിലെ ആശുപത്രിയിൽ ചികിത്സ തേടിയെത്തിയപ്പോൾ അറസ്റ്റിലായിരുന്നു. തിങ്കളാഴ്ച താന്ന്യം സ്വദേശി തെക്കൂട്ട് ശ്രീരാഗ്, പെരിങ്ങോട്ടുകര സ്വദേശി അനുരാഗ് എന്നിവർ എറണാകുളത്ത് പിടിയിലായി. സനൽ, ശ്രീരാഗ്, അനുരാഗ് എന്നിവരെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.