
കൊവിഡ് വെെറസ് വ്യാപനം തടയുന്നതിന് ലോകമെമ്പാടുമുള്ള രാജ്യങ്ങൾ സ്വീകരിച്ച നടപടികളിൽ ഏറ്റവും ഫലപ്രദമായ ഒന്നാണ് ഡിജിറ്റൽ സാങ്കേതികവിദ്യകൾ. രോഗവ്യാപനത്തിന് തടയിടാൻ സാങ്കേതികവിദ്യയുടെ സഹായത്തോടെ ഇന്ത്യ വികസിപ്പിച്ചെടുത്ത ആരോഗ്യസേതു ആപ്പിനെ പ്രശംസിച്ച് രംഗത്തെത്തിയിരിക്കുകയാണ് ലോകാരോഗ്യ സംഘടന. കൊവിഡ് സംബന്ധിച്ച് നടത്തിയ ഒരു വാർത്താസമ്മേളനത്തിലാണ് ലോകാരോഗ്യ സംഘടനയുടെ മേധാവി ഡോ. ടെഡ്രോസ് അദാനോം ഇന്ത്യയിൽ ഉപയോഗിക്കുന്ന കൊവിഡ് കോൺടാക്റ്റ്-ട്രേസിംഗ് ആപ്ലിക്കേഷനായ ആരോഗ്യസേതുവിനെ പറ്റി പറഞ്ഞത്.
"ഇന്ത്യയിൽ നിന്നുള്ള ആരോഗ്യസേതു ആപ്ലിക്കേഷൻ 150 ദശലക്ഷം ഉപയോക്താക്കൾ ഇതിനാകം ഡൗൺലോഡ് ചെയ്തു.  രോഗവ്യാപന മേഖലകൾ തിരിച്ചറിയുന്നതിനും പരിശോധന വിപുലീകരിക്കുന്നതിനും ആരോഗ്യവകുപ്പിനെ ഇത് ഏറെ സഹായിച്ചു” ആരോഗ്യസേതു ആപ്ലിക്കേഷൻ വഹിച്ച പങ്ക് എടുത്തുകാട്ടിക്കൊണ്ട് ടെഡ്രോസ് അദാനോം പറഞ്ഞു.
വൈറസ് പടരുന്നത് പരിശോധിക്കാൻ വിവിധ രാജ്യങ്ങൾ ഉപയോഗിക്കുന്ന ഡിജിറ്റൽ സാങ്കേതികവിദ്യകളെയും അദ്ദേഹം പ്രശംസിച്ചു. ഇന്ത്യയിൽ ഉപയോഗിക്കുന്നതിനുപുറമെ, മറ്റ് രാജ്യങ്ങളും സമാനമായ ആപ്ലിക്കേഷനുകൾ ഉപയോഗിക്കുന്നതായി ഡോ. ടെഡ്രോസ് പരാമർശിച്ചു.