pic

ന്യൂഡൽഹി: ജമ്മു കാശ്മീർ മുൻ മുഖ്യമന്ത്രി മെഹബൂബ മുഫ്തയ്ക്ക് ഒരു വർഷത്തിനു ശേഷം തടങ്കലിൽ നിന്നും മോചനം. ഇന്ത്യൻ ഭരണഘടനയുടെ ആർട്ടിക്കിൾ 370 പ്രകാരം ജമ്മു കാശ്മീരിന്റെ പ്രത്യേക പദവി കേന്ദ്രം നിർത്തലാക്കുകയും രണ്ട് കേന്ദ്രഭരണ പ്രദേശങ്ങളായി വിഭജിക്കുകയും ചെയ്തതിന് പിന്നാലെ ഓഗസ്റ്റ് അഞ്ചിനാണ് മുഫ്തിയെയും മറ്റു രാഷ്ട്രീയ നേതാക്കളെയും തടങ്കലിലാക്കിയത്. മകൾ ഇൽതിജ മുഫ്തയാണ് മെഹബൂബ തടങ്കൽ മുക്തയായ വിവരം ട്വിറ്ററിലൂടെ സ്ഥിരീകരിച്ചത്.

പൊതു സുരക്ഷാ നിയമം (പി.എസ്.എ) ചുമത്തിയായിരുന്നു മുഫ്തിയെ തടവിലാക്കിയത്. പി‌.എസ്‌.എ പ്രകാരം മുഫ്തിയുടെ തടവ് ഒരു വർഷത്തിനപ്പുറം നീട്ടാൻ കഴിയുമോയെന്നും അങ്ങനെയാണെങ്കിൽ എത്രകാലം കൂടി അത് നീട്ടാനാണ് നിങ്ങൾ ശ്രമിക്കുന്നതെന്നും സുപ്രീംകോടതി ജമ്മു കാശ്മീർ ഭരണകൂടത്തോട് നേരത്തെ ചോദിച്ചിരുന്നു. അമ്മയെ തുടർച്ചയായി തടങ്കലിൽ വെക്കുന്നതിനെതിരെ മുഫ്തിയുടെ മകൾ ഇൽതിജ സമർപ്പിച്ച ഹർജി പരിഗണിക്കവെയാണ് സുപ്രീം കോടതി ഇക്കാര്യം ചോദിച്ചത്. കേസിൽ കോടതി വ്യാഴാഴ്ച കൂടുതൽ വാദം കേൾക്കാനിരിക്കുകയാണ്.

മുൻ ജമ്മു കാശ്മീർ മുഖ്യമന്ത്രിമാരായ ഫാറൂഖ് അബ്ദുല്ല, ഒമർ അബ്ദുല്ല എന്നിവരെ ഈ വർഷം ആദ്യം തടങ്കലിൽ നിന്ന് മോചിപ്പിച്ചിരുന്നു. എന്നാൽ ഭരണകൂടം മുഫ്തിയുടെ തടവ് നീട്ടിക്കൊണ്ടു പോകുകയായിരുന്നു.