
രാജ്കോട്ട്: സ്ത്രീകൾക്കെതിരെ നടക്കുന്ന വ്യാപകമായ ആക്രമണങ്ങളിൽ മനംമടുത്ത് സർക്കാരിനെ സമീപിച്ച് ഗുജറാത്തിലെ രാജ്കോട്ട് ജില്ലയിലെ പെൺകുട്ടികൾ. പന്ത്രണ്ടാം ക്ലാസുകാരിയായ മിത്തൽ പർമാർ എന്ന പെൺകുട്ടിയുടെ നേതൃത്വത്തിലാണ് 30 പെൺകുട്ടികൾ ജില്ലാ കളക്ടറെ കണ്ട് നിവേദനം സമർപ്പിച്ചത്. തങ്ങൾ തോക്ക് ഉപയോഗിക്കാനുള്ള ലൈസൻസ് നൽകണം എന്നാണ് ഇവരുടെ ആവശ്യം.
സർക്കാരിന് തങ്ങളെ സംരക്ഷിക്കാൻ ആകില്ലെങ്കിൽ തങ്ങൾക്ക് സ്വയം സംരക്ഷിക്കാനുള്ള അവസരം നൽകണമെന്നും അതിനായി തങ്ങൾക്ക് തോക്ക് ഉപയോഗിക്കാനുള്ള ലൈസൻസുകൾ നൽകണമെന്നുമാണ് മിത്തൽ പർമാർ ആവശ്യപ്പെടുന്നത്. പെൺകുട്ടികൾക്കെതിരെയുള്ള ആക്രമണങ്ങൾ പട്ടാപകൽ പോലും സംഭവിക്കുകയാണെന്നും നാട്ടിൽ നിയമവും നീതിയും ഇല്ല എന്നതിന്റെ സൂചനയാണ് ഇതെന്നും പെൺകുട്ടികൾ വ്യക്തമാക്കി.
ഇനി തങ്ങളെ സംരക്ഷിക്കാൻ തങ്ങൾക്ക് മാത്രമാണ് സാധിക്കുക എന്നും ഇവർ പറയുന്നു. സ്ത്രീകൾക്കെതിരെയുള്ള അതിക്രമങ്ങൾ തടയാൻ ഉദ്ദേശിച്ചുകൊണ്ട് സ്ഥാപിച്ച 181 ഹെൽപ്പ്ലൈനും ആന്റി-റോമിയോ സ്‌ക്വാഡുകളും ഒട്ടും ഫലപ്രദമല്ലെന്നും ഇവർ പറയുന്നുണ്ട്. എന്നാൽ 18 വയസ് തികയാത്തതുകൊണ്ടും പഴയ ഫോം ഉപയോഗിച്ച് അപേക്ഷ നൽകിയതുകൊണ്ടും ഇവർ ലൈസൻസുകൾ നൽകാനാവില്ല എന്നാണ് ജില്ലാ കളക്ടർ പറയുന്നത്.