
ലണ്ടൻ: ഫ്രഞ്ച് ഓപ്പണിൽ റാഫേൽ നദാൽ കുറിച്ച ചരിത്ര നേട്ടം ആർക്കും തകർക്കാനാകില്ലെന്ന് ബ്രിട്ടീഷ് ടെന്നിസ് സെൻസേഷൻ ആൻഡി മുറെ. പതിമ്മൂന്നാം തവണയും ഫ്രഞ്ച് ഓപ്പൺ ചാമ്പ്യനായ നദാലിനെ അഭിനന്ദിച്ചു കൊണ്ടാണ് മുറെയുടെ അഭിപ്രായ പ്രകടനം. 13 ഫ്രഞ്ച് ഓപ്പൺ കിരീടങ്ങളെന്ന നദാലിന്റെ റെക്കാഡ് ഒരിക്കലും ആരും തകർക്കില്ല. അദ്ദേഹ നേട്ടത്തിൽ അതിയായ സന്തോഷമുണ്ട്. 
തീർച്ചയായും അദ്ദേഹമൊരു ഇതിഹാസമാണ്.കളിമൺ കോർട്ടിൽ റാഫയെ വെല്ലാൻ ആരുമില്ല. -മുറെ പറഞ്ഞു. കഴിഞ്ഞ ദിവസമാണ് ലോക ഒന്നാം നമ്പർ താരം നൊവാക്ക് ജോക്കോവിച്ചിനെ കീഴടക്കി നദാൽ പതിമ്മൂന്നാം ഫ്രഞ്ച് ഓപ്പൺ കിരീട നേട്ടം സ്വന്തമാക്കിയത്. 
ഈ കിരീട നേട്ടത്തോടെ ഏറ്രവും കൂടുതൽ ഗ്രാൻഡ് സ്ലാം കിരീടം നേടിയ പുരുഷ താരം എന്ന റെക്കാഡ് റോജർ ഫെഡറർക്കൊപ്പം പങ്കിടാനും നദാലിനായി. ഇരുവരുടെയും അക്കൗണ്ടിൽ 20 വീതം ഗ്രാൻഡ് സ്ലാം കിരീടങ്ങളുണ്ട്.