pic

ന്യൂഡൽഹി: ഉത്തർപ്രദേശിലെ ഹാഥ്‌രസിൽ കൂട്ടമാനഭംഗത്തിനിരയായി കൊല്ലപ്പെട്ട 20 കാരിയുടെ മൃതദേഹം അർദ്ധരാത്രി കുടുംബത്തെ ബന്ധികളാക്കി സംസ്കരിച്ച പൊലീസ് നടപടിക്കെതിരെ രൂക്ഷവിമർശനവുമായി അലഹബാദ് ഹൈക്കോടതി. ഇരയോടും അവളുടെ കുടുംബത്തിനോടുമുള്ള മനുഷ്യാവകാശ ലംഘനമാണ് നടന്നിട്ടുള്ളതെന്നും കോടതി നിരീക്ഷിച്ചു. ക്രമസമാധാനത്തിന്റെ പേരിലാണെങ്കിൽ പോലും ഇത് പാടില്ലായിരുന്നുവെന്നും കോടതി വ്യക്തമാക്കി.

കേസുമായി ബന്ധപ്പെട്ട് ഇരയായ പെൺകുട്ടിയുടെ കുടുംബാംഗങ്ങളുടെ മൊഴി കേട്ടശേഷം ചൊവ്വാഴ്ച പുറപ്പെടുവിച്ച ഉത്തരവിലാണ് അലഹബാദ് ഹൈക്കോടതി ഇക്കാര്യം വ്യക്തമാക്കിയത്. സംസ്കാരം ഉൾപ്പടെയുള്ള കാര്യങ്ങളിലെ പൊലീസിന്റെ പങ്ക് പരിശോധിക്കുമെന്നും കോടതി പറഞ്ഞു. കൊല്ലപ്പെട്ട പെൺകുട്ടിക്ക് മതപരമായ ആചാരങ്ങൾക്കും അനുഷ്ഠാനങ്ങൾക്കും അനുസൃതമായി ശവസംസ്കാരത്തിന് അർഹതയുണ്ട്. ഇത് അവളുടെ കുടുംബം നിർവഹിക്കേണ്ടതാണെന്നും കോടതി വ്യക്തമാക്കി.

പെൺകുട്ടിയെ വ്യക്തിഹത്യ ചെയ്യുന്ന നടപടി ഒരുതരത്തിലും അനുവദിക്കാനാകില്ലെന്നും കോടതി പറഞ്ഞു. പ്രതികളെ അനുകൂലിക്കുന്ന വിഭാഗവും ചില രാഷ്ട്രീയനേതാക്കളും പെൺകുട്ടിക്കെതിരേ പരാമർശം നടത്തിയിരുന്നു. പെൺകുട്ടിക്ക് ചില മോശം കൂട്ടുകെട്ടുകളുണ്ടെന്നും ധാരാളം പേരുമായി ഫോണിൽ സംസാരിക്കാറുണ്ടെന്നും ചില ആരോപണങ്ങൾ ഇതിനിടെ ചിലർ പ്രചരിപ്പിച്ചിരുന്നു. ഇതേക്കുറിച്ച് കുടുംബം കോടതിയിൽ മൊഴിനൽകിയിരുന്നു. ഈ സാഹചര്യത്തിലാണ് ഹെെക്കോടതിയുടെ ഉത്തരവ്.