
സ്പെയിനിലെ പ്രശസ്തമായ കാളപ്പോര് മത്സരത്തിൽ, കാളയെ പ്രകോപിപ്പിക്കാൻ ചുവന്ന തുണി ഉയർത്തിക്കാണിക്കാറുണ്ട്. ഇതു കണ്ടു കാളയ്ക്ക് കലിയിളകുന്നു. പയറ്റു തുടങ്ങുന്നു. ചുവപ്പുകണ്ട കാളയെപ്പോലെ എന്ന ഒരു ചൊല്ലുതന്നെ അതിൽ നിന്നുണ്ടായി. വാസ്തവത്തിൽ ചുവപ്പ് കണ്ടതുകൊണ്ടല്ല കാളയ്ക്ക് കലിയിളകുന്നത്. ചുവപ്പും അതുമായി ബന്ധപ്പെട്ട മറ്റു നിറങ്ങളും കാളയ്ക്ക് തിരിച്ചറിയാനാവില്ല. മുന്നിൽ എന്തോ ഒന്ന് ഇളകിയാടുന്നതുകണ്ട് കാള അക്രമാസക്തനാവുകയാണ്. ഈ പ്രപഞ്ചത്തിലെ പലതിനെക്കുറിച്ചും നമുക്ക് കിട്ടാറുള്ള അറിവുകൾ കളർ ബ്ലൈൻഡ് ആയ കാള ചുവപ്പു കാണുമ്പോലെയാണ്. സത്യാന്വേഷികൾ നടത്തുന്ന നിതാന്തമായ നിരീക്ഷണങ്ങളിലൂടെയാണ് അവയ്ക്കു പിന്നിലെ മഹാരഹസ്യങ്ങൾ വെളിപ്പെട്ടുവരുന്നത്.
ഊർജ്ജതന്ത്രത്തിൽ ഇക്കൊല്ലം മൂന്നു ശാസ്ത്രജ്ഞർക്ക് നൊബേൽ പ്രൈസ് നേടിക്കൊടുത്ത അന്വേഷണവും പ്രപഞ്ചരഹസ്യത്തിലേക്കുള്ള വെളിച്ചം വീശലാണ്. ആൽബർട്ട് ഐൻസ്റ്റീൻ പൊതു ആപേക്ഷിക സിദ്ധാന്തത്തിൽ തമോഗർത്തമുണ്ടാകുന്ന പ്രതിഭാസത്തിലേക്ക് വെളിച്ചംവീശുന്ന ശാസ്ത്രതത്വം പ്രവചിച്ചിരുന്നു. ബ്രിട്ടീഷ് ശാസ്ത്രജ്ഞനായ റോജർ പെൻറോസ് ഗണിതശാസ്ത്രം ഉപയോഗിച്ച് ഈ പ്രതിഭാസം യാഥാർത്ഥ്യമാണെന്ന് തെളിയിച്ചതാണ് അദ്ദേഹത്തെ നൊബേൽ സമ്മാനത്തിന്റെ പകുതി പങ്കിടാൻ നിയുക്തനാക്കിയത്. തമോഗർത്തം എന്ന പദം ഐൻസ്റ്റീൻ ഉപയോഗിക്കുകയോ പ്രപഞ്ചത്തിൽ അങ്ങനെയൊന്ന് ഉണ്ടെന്ന് പറയുകയോ ചെയ്തിരുന്നില്ല. അതിലേക്ക് നയിക്കുന്ന ഒരു ശാസ്ത്രതത്വം അവതരിപ്പിക്കുക മാത്രമായിരുന്നു. അതിനെ അടിസ്ഥാനപ്പെടുത്തിയാണ് റോജർ പെൻറോസ് അന്വേഷിച്ചത്. സൗരയൂഥം ഉൾപ്പെടുന്ന ക്ഷീരപഥത്തിന്റെ നടുക്ക് സൂപ്പർ മാസീവ് ബ്ലാക്ക് ഹോൾ ഉണ്ടെന്ന് കണ്ടെത്തിയതിനാണ് അമേരിക്കൻ ശാസ്ത്രജ്ഞയായ പ്രൊഫ. ആൻഡ്രിയ ഗെസും ജർമ്മൻ ശാസ്ത്രജ്ഞനായ റീൻഹാർഡ് ഗൻസലും റോജർ പെൻറോസിനൊപ്പം ഊർജ്ജതന്ത്ര നൊബേൽ സമ്മാനം പങ്കിട്ടത്. അവിടെ തമോഗർത്തമുണ്ടെന്ന് അരനൂറ്റാണ്ടായി ശാസ്ത്രജ്ഞർ അനുമാനിച്ചിരുന്നു. സൂര്യന്റെ 40 ലക്ഷം മടങ്ങ് പിണ്ഡമുള്ള(മാസ്) ഈ തമോഗർത്തത്തെ ലോകത്തിലെ ഏറ്റവും വലിയ ടെലസ്കോപ്പുകൾ ഉപയോഗിച്ചാണ് നീരീക്ഷിച്ചത്. രണ്ടു പേരും രണ്ടു രാജ്യങ്ങളിലിരുന്ന് നടത്തിയ പരീക്ഷണങ്ങൾ ഒരേ നിഗമനത്തിൽ എത്തുകയായിരുന്നു.
1967 ൽ അമേരിക്കൻ ശാസ്ത്രജ്ഞനായ ജോൺ വീലർ ആണ് പ്രാകാശത്തെപ്പോലും വലിച്ചെടുത്ത് വിഴുങ്ങുന്ന പ്രപഞ്ചത്തിലെ ഈ നിഗൂഢഇടത്തെ ബ്ലാക്ക് ഹോൾ എന്ന് വിളിച്ചത്. 1971 ആയപ്പോഴേക്കും തമോഗർത്തത്തിന്റെ സാന്നിദ്ധ്യം ഉറപ്പിക്കാനും ശാസ്ത്രലോകത്തിന് കഴിഞ്ഞു. 2019ൽ നാസ തമോഗർത്തത്തിന്റെ ചിത്രം ആദ്യമായി പുറത്തുവിട്ടു. എം-87 ഗാലക്സി എന്ന് ശാസ്ത്രലോകം വിളിക്കുന്ന കന്നിരാശിയിലെ തമോഗർത്തമായിരുന്നു അത്. പേരുകേട്ടാൽ ചിലരെങ്കിലും വിചാരിക്കും പോലെ ബ്ലാക്ക് ഹോൾ എന്നാൽ ഒരു ദ്വാരമോ ശൂന്യതയോ അല്ല. അതീവ സാന്ദ്രതയുള്ള ദ്രവ്യം പറഞ്ഞറിയിക്കാനാവാത്ത പിണ്ഡത്തോടെ നിലകൊള്ളുകയോ ചലിക്കുകയോ ചെയ്യുന്ന ഇടമാണ്. പ്രകാശം അവിടെ പ്രതിഫലിക്കാത്തതിനാൽ ആ ഭാഗത്തെ ചിത്രം പകർത്താനാവില്ല. അതിനുള്ള ഒരു സാങ്കേതികവിദ്യയും നിലവിലില്ല. നാസ പുറത്തുവിട്ട ചിത്രം തമോഗർത്തത്തിന് ചുറ്റുമുള്ള വലയത്തിന്റേതാണ് (Accretion disc). ക്ഷീരപഥത്തിലെ ബ്ലാക്ക് ഹോളിന്റെ ചിത്രം അത്തരത്തിലും പുറത്തുവന്നിട്ടില്ല.
ഭാരതത്തിന് പുത്തനല്ല ബ്ലാക്ക് ഹോൾ എന്ന നാമം. കൊൽക്കത്തയിൽ ഉണ്ടായിരുന്നു ഒരു ബ്ലാക്ക് ഹോൾ. അതിന്റെ സ്മാരകം ഇപ്പോഴും അവിടെ കാണാം. ഒരു വലിയ മുറിയുടെ(14x18 feet)മാത്രം വിസ്തൃതിയുള്ള ജയിലറയായിരുന്നു അത്. ബ്രിട്ടീഷ് ഇന്ത്യയിലെ ബംഗാൾ പ്രസിഡൻസിയിൽ നിർമ്മിച്ചിരുന്ന കൊൽക്കത്തയിലെ ഹൂഗ്ലി നദിക്കരയിലെ ഫോർട്ട് വില്യം എന്ന കോട്ടയിലായിരുന്നു അത്. സിറാജ് ഉദ് ദൗള എന്ന ബംഗാൾ നവാബ് 1756 ജൂൺ 20ന് 146 ബ്രിട്ടീഷ് യുദ്ധത്തടവുകാരെ ഈ ജയിലിൽ അടച്ചിട്ടു. 123 പേരും ശ്വാസംമുട്ടി മരിച്ചു. അകത്തുപോയാൽ പിന്നൊരിക്കലും പുറംലോകം കാണില്ലെന്ന അർത്ഥത്തിൽ കൊൽക്കത്തയിലെ ഈ ബ്ലാക്ക് ഹോൾ കുപ്രസിദ്ധമായി.
പ്രകാശത്തെപ്പോലും പുറത്തുവിടാത്ത, പ്രവചനത്തിന് വഴങ്ങാത്ത ഗുരുത്വാകർഷണമുള്ള ഇടങ്ങൾ ബഹിരാകാശത്തുണ്ടാവാമെന്ന് 1783 മുതൽ ശാസ്ത്രലോകം അനുമാനിച്ചിരുന്നു. 1974 ൽ ബ്ലാക്ക് ഹോൾസ് ഒരു ബ്ലാക്ക് ബോഡിയെപ്പോലെ റേഡിയേറ്റ് ചെയ്യുന്നു എന്ന് സ്റ്റീഫൻ ഹോക്കിംഗ്സും നിരീക്ഷിച്ചു. എന്നാൽ, നക്ഷത്രം ചുരുങ്ങിയാണ് ബ്ലാക്ക് ഹോൾ ആയി പരിണമിക്കുന്നത് എന്ന തത്വം ഹോക്കിംഗ്സ് അംഗീകരിച്ചിരുന്നില്ല. ഒരു വസ്തുവിനും അത്രയ്ക്ക് ചുരുങ്ങാൻ ആവില്ലെന്നായിരുന്നു അദ്ദേഹത്തിന്റെ നിരീക്ഷണം. പ്രപഞ്ചം ഉണ്ടായപ്പോൾത്തന്നെ ബ്ലാക്ക് ഹോളുകളും ഉണ്ടായിരുന്നു എന്നാണ് അദ്ദേഹം പ്രവചിച്ചത്. എന്നാൽ, നക്ഷത്രങ്ങൾക്കെല്ലാം ജനനവും വളർച്ചയും മരണവുമുണ്ടെന്നും നക്ഷത്രം ചുരുങ്ങിയുണ്ടാകുന്ന പ്രതിഭാസമാണ് തമോഗർത്തം എന്നുമുള്ള കണ്ടെത്തലിനാണ് ഇന്നും പ്രാബല്യമുള്ളത്. നക്ഷത്രങ്ങൾ കൂട്ടിയിടിച്ചും ബ്ലാക്ക് ഹോൾ ഉണ്ടാകാം. തമോഗർത്തത്തിന് അതിനേക്കാൾ വലിപ്പമുള്ള വസ്തുക്കളെയും വലിച്ചുമുറുക്കി വിഴുങ്ങാൻ കഴിയും. അതിനെ വലയം ചെയ്യുന്ന നക്ഷത്രങ്ങളെയെല്ലാം ഒരു നാൾ അത് തന്റെ ഗർഭഗൃഹത്തിലേക്ക് വലിച്ചെടുത്തേക്കാം. ബ്ലാക്ക് ഹോൾ മാത്രമല്ല വൈറ്റ് ഹോളും പ്രപഞ്ചത്തിലുണ്ടെന്നും അനുമാനിക്കുന്നുണ്ട്. ബ്ലാക്ക് ഹോൾ പരിണമിച്ചാണ് അതുണ്ടാകുന്നതെന്നും ബ്ലാക്ക് ഹോളിന്റെ മറുവശമാണ് വൈറ്റ് ഹോൾ എന്നുമൊക്കെയാണ് അനുമാനങ്ങൾ. അതിലേക്കുള്ള അന്വേഷണങ്ങൾ വെളിപ്പെടേണ്ടതുണ്ട്. നക്ഷത്രങ്ങളുടെ അകത്തു ഹൈഡ്രജൻ ന്യൂക്ലിയസുകൾ ഉയർന്ന താപനിലയിലും മർദ്ദത്തിലും ന്യൂക്ലിയാർ ഫ്യൂഷൻ വഴി ഒന്നായി ഡ്യൂറ്റീരിയവും പിന്നീട് ഹീലിയം ന്യൂക്ലിയസും ഉണ്ടാവുന്നതായി ജർമ്മനിയിൽ ജനിച്ച ഹാൻസ് ബെതെ (hans bethe)1930 ൽ കണ്ടെത്തിയിരുന്നു. ഹൈഡ്രജൻ കത്തിത്തീരുന്നതോടെ നക്ഷത്രം മുഴുവനായി ഹീലിയം ന്യൂക്ലിയസുകളിലേക്ക് ചുരുങ്ങാൻ തുടങ്ങുന്നു. നക്ഷത്രങ്ങൾ കൂട്ടിയിടിക്കുമ്പോഴും അന്തിമദശയിൽ ന്യൂക്ലിയസുകളിലേക്ക് സർവതും ചുരുങ്ങുന്ന പ്രക്രിയയാണ് സംജാതമാകുന്നത്.
തമോഗർത്തം അതിന്റെ സമീപത്തുള്ള നക്ഷത്രങ്ങളിൽ ചെലുത്തുന്ന സ്വാധീനം മാത്രമേ നമുക്കറിയാൻ കഴിയൂ. ഒരു കൂട്ടം നക്ഷത്രങ്ങൾ ഒരിടത്ത് പരിക്രമണം ചെയ്യുന്നെങ്കിൽ അവിടെ ഒരു ബ്ലാക്ക് ഹോൾ ഉണ്ടായേക്കാം എന്നായിരുന്നു പ്രാഥമിക നിഗമനം. നക്ഷത്രം അതിന്റെ അടുത്തുള്ള ഒരു തമോഗർത്തത്തിലേക്ക് വലിച്ചടുപ്പിക്കപ്പെടുമ്പോൾ അവയിലെ ന്യൂക്ലിയസുകൾ കൂട്ടിയിടിച്ച് എക്സ് -റേ കിരണങ്ങൾ ഉണ്ടാകുന്നു. ഇത്തരം പ്രതിപ്രവർത്തനങ്ങൾ ദൂരദർശിനികളിലൂടെയും ഗണിതശാസ്ത്രത്തിലൂടെയും നിരീക്ഷിക്കുക വഴിയാണ് തമോഗർത്തത്തിലേക്കുള്ള അന്വേഷണത്തിന് വെളിച്ചം കിട്ടുന്നത്. ഭൂമിയെ ഉൾപ്പടെ ഏതു വസ്തുവിനെയും ഞെക്കിഞെരുക്കിയാൽ ഒരു ബ്ലാക്ക് ഹോൾ ആവാം. മൂന്ന് കിലോമീറ്ററോളം വ്യാസാർത്ഥമുള്ളതായി (radius) ചുരുങ്ങിയാൽ സൂര്യനും 9 മില്ലി മീറ്ററായി ചുരുങ്ങിയാൽ ഭൂമിയും ഒരു ബ്ലാക്ക് ഹോളായി മാറാം. അതാണ് തമോഗർത്തത്തിന്റെ നിഗൂഢതയ്ക്ക് ആഴവും ഇരുട്ടും വർദ്ധിപ്പിക്കുന്നത്. പേടിക്കേണ്ട, സൂര്യന്റെ അനേക മടങ്ങ് പിണ്ഡമുള്ള നക്ഷത്തിനു മാത്രമേ ചുരുങ്ങി തമോഗർത്തമാകാൻ കഴിയൂ എന്നാണ് ഇതുവരെയുള്ള കണ്ടെത്തൽ.