
ലക്നൗ: ഉറങ്ങിക്കിടക്കുകയായിരുന്ന പ്രായപൂർത്തിയാകാത്ത മൂന്ന് ദളിത് സഹോദരിമാരുടെ ശരീരത്തിൽ ആസിഡൊഴിച്ചയാളെ പൊലീസ് ഏറ്റുമുട്ടലിലൂടെ അറസ്റ്റുചെയ്തു. ഉത്തർപ്രദേശിലെ ഗോണ്ട ജില്ലയിലായിരുന്നു സംഭവം. ആഷിഷ് എന്നയാളാണ് അറസ്റ്റിലായത്. ഏറ്റുമുട്ടലിൽ പരിക്കേറ്റ ഇയാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. 17,7, 5 വയസുകാരാണ് ആക്രമണത്തിന് ഇരയായത്. ഇതിൽ പതിനേഴുകാരിയുടെ ഒരു കണ്ണിന് പൊളളലേറ്റു.
ആഷിഷിന്റെ പ്രണയാഭ്യർത്ഥന പതിനേഴുകാരി നിരസിച്ചതിന്റെ വൈരാഗ്യമാണ് ആക്രമണത്തിലേക്ക് നയിച്ചതെന്നാണ് പൊലീസ് പറയുന്നത്. അടുത്തയാഴ്ചയാണ് പെൺകുട്ടിയുടെ വിവാഹ നിശ്ചയം. പ്രതികാരം ചെയ്യാനുറച്ച് പെൺകുട്ടിയുടെ വീടിന് സമീപത്ത് എത്തിയ ആഷിഷ് ഇരുട്ടിൽ പതുങ്ങിനിന്നു. എല്ലാവരും ഇറക്കമായെന്ന് ബോദ്ധ്യമായപ്പോൾ ജനാലയിലൂടെ സഹോദരിമാരുടെ ദേഹത്തേക്ക് ആസിഡ് ഒഴിക്കുകയായിരുന്നു. പൊലീസ് തിരച്ചിൽ ആരംഭിച്ചതറിഞ്ഞ് രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെയാണ് ഏറ്റുമുട്ടലിലൂടെ കീഴ്പ്പെടുത്തിയത്.
ഉത്തർപ്രദേശിലെ ക്രമസമാധാന നില ആകെ തകർന്നു എന്നതിന് തെളിവാണ് സ്ത്രീകൾക്കും പെൺകുട്ടികൾക്കും നേരേ നിരന്തരം ഉണ്ടാവുന്ന ആക്രമണം എന്ന ആരോപണവുമായി പ്രതിപക്ഷം രംഗത്തെത്തിയിട്ടുണ്ട്. കഴിഞ്ഞദിവസം കനത്ത സുരക്ഷയിൽ സ്റ്റേറ്റ് സിവിൽ സർവീസ് പരീക്ഷ നടക്കുകയായിരുന്ന കോളേജിൽ പതിനേഴുകാരിയെ ഒരുകൂട്ടം വിദ്യാർത്ഥികൾ കൂട്ടമാനഭംഗത്തിന് വിധേയയാക്കിയിരുന്നു.