heavy-rain

ഹൈദരാബാദ്: തെലങ്കാനയിൽ ഇന്നലെ രാത്രി പെയ്‌ത കനത്ത മഴയെ തുടർന്ന് മതിൽ ഇടിഞ്ഞ് വീണ് രണ്ട് മാസം പ്രായമുളള കുട്ടിയടക്കം ഒമ്പത് പേർ മരിച്ചു. പത്ത് വീടുകൾ സ്ഥിതി ചെയ്യുന്ന ഒരു കോമ്പൗണ്ടിലെ മതിലാണ് ഇടിഞ്ഞുവീണത്. മൃതദേഹങ്ങൾ പലതും അവശി‌ഷ്ടങ്ങൾക്കിടിയൽ കുടുങ്ങി കിടക്കുകയാണ്.

തെലങ്കാനയിലും അയൽസംസ്ഥാനമായ ആന്ധ്രാപ്രദേശിലും കഴിഞ്ഞ മൂന്ന് ദിവസമായി കനത്ത മഴയാണ് പെയ്യുന്നത്. തെലങ്കാനയിൽ 48 മണിക്കൂറിനുള്ളിൽ പന്ത്രണ്ട് പേർ മരിച്ചു. തുടർച്ചയായി പെയ്ത മഴയെ തുടർന്ന് സംസ്ഥാനത്തിന്റെ പല ഭാഗങ്ങളിലും വെളളപ്പൊക്കമുണ്ടായി.

#HyderabadRains I was at a spot inspection in Mohammedia Hills, Bandlaguda where a private boundary wall fell resulting in death of 9 people & injuring 2. On my from there, I gave a lift to stranded bus passengers in Shamshabad, now I'm on my way to Talabkatta & Yesrab Nagar... pic.twitter.com/EVQCBdNTvB

— Asaduddin Owaisi (@asadowaisi) October 13, 2020

ഹൈദരാബാദിലെ നിരവധി പ്രദേശങ്ങളിൽ വെളളപ്പൊക്കം കാരണം വൻ ഗതാഗത കുരുക്കാണ് അനുഭവപ്പെട്ടത്. ജലനിരപ്പ് ഉയർന്നതിനെ തുടർന്ന് ഹൈദരാബാദിലേക്ക് വെള്ളം എത്തിക്കുന്ന ഹിമയത്ത് സാഗർ അണക്കെട്ടിന്റെ ഷട്ടറുകൾ ഇന്നലെ രാത്രിയേടെ തുറന്നു. കനത്ത മഴയെ തുടർന്ന് ആളുകൾ വീടിന് പുറത്തിറങ്ങരുതെന്ന് അധികൃതർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

ഇന്നും നാളെയുമായി നടത്താൻ നിശ്‌ചയിച്ചിരുന്ന എല്ലാ പരീക്ഷകളും ഉസ്‌മാനിയ സർവകലാശാല മാറ്റിവച്ചു. ബംഗാൾ ഉൾക്കടലിൽ ഉണ്ടായ ന്യൂനമർദമാണ് ആന്ധ്രാപ്രദേശ്, തെലങ്കാന, ഒഡീഷ എന്നിവിടങ്ങളിൽ കനത്ത മഴയ്ക്ക് കാരണമായത്. ആന്ധ്രാപ്രദേശിലെ നൂറിലധികം സ്ഥലങ്ങളിൽ 11 മുതൽ 24 സെന്റിമീറ്റർ വരെ മഴ പെയ്തു.