sivasankar

കൊച്ചി: ലൈഫ് മിഷൻ തട്ടിപ്പിൽ മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി ശിവശങ്കറിനെ ചോദ്യം ചെയ്യാൻ ഒരുങ്ങി സി.ബി.ഐ. ലൈഫ് മിഷൻ ഉദ്യോഗസ്ഥർക്ക് മാത്രമേ കോടതി ഉത്തരവിന്റെ പരിരക്ഷയുളളൂ. ബാക്കി അന്വേഷണം തുടരുന്നതിന് തങ്ങൾക്ക് കുഴപ്പമില്ലെന്നാണ് സി.ബി.ഐ നിലപാട്. വിദേശത്ത് നിന്ന് എത്തിയ പണം ഏതെങ്കിലും ഉദ്യോഗസ്ഥർക്കോ ഇടനിലകാർക്കോ പൊതുപ്രവർത്തകർക്കോ കമ്മീഷനായി നൽകിയിട്ടുണ്ടെങ്കിൽ അവർക്കെതിരെ അന്വേഷണം നടത്തുന്നതിനും സി.ബി.ഐക്ക് തടസമില്ല. ഇക്കാര്യത്തിൽ സി.ബി.ഐക്ക് നിയമോപദേശം ലഭിച്ചിട്ടുണ്ട്.

താൻ കമ്മീഷൻ നൽകിയിട്ടുണ്ടെന്നാണ് സന്തോഷ് ഈപ്പന്റെ മൊഴി. സന്തോഷ് ഈപ്പന്റെ മൊഴിയിൽ തുടർനടപടികളുമായി പോകാമെന്നാണ് സി.ബി.ഐ വൃത്തങ്ങൾ പറയുന്നത്. ഈ പശ്‌ചാത്തലത്തിലാണ് ശിവശങ്കർ അടക്കമുളള ഉദ്യോഗസ്ഥരെ ചോദ്യം ചെയ്യാൻ സി.ബി.ഐ ഒരുങ്ങുന്നത്. ശിവശങ്കർ ഇടപെട്ടാണ് ലൈഫ് മിഷൻ പദ്ധതി യൂണിടാക്കിന് നൽകുന്നത്. ശിവശങ്കറാണ് പദ്ധതിയുടെ എം.ഒ.യു പോലും അട്ടിമറിച്ചത്. ആദ്യം നിശ്‌ചയിച്ച ഫ്ളാറ്റുകളുടെ എണ്ണം പോലും കുറച്ചത് ശിവശങ്കർ ഇടപെട്ടാണെന്നാണ് സി.ബി.ഐക്ക് ലഭിച്ചിരിക്കുന്ന സൂചന.

സ്വപ്‌ന സുരേഷ് അടക്കമുളളവർക്ക് കമ്മീഷൻ കിട്ടിയതിൽ ശിവശങ്കറിന് പങ്കുണ്ടോയന്നെതും സി.ബി.ഐയുടെ പരിശോധനാ വിഷയമാണ്. അതുകൊണ്ട് ശിവശങ്കറിനെ ചോദ്യം ചെയ്യേണ്ടി വരുമെന്നാണ് സി.ബി.ഐ നിലപാട്. സി.ബി.ഐയുടെ നീക്കം എന്താണെന്ന് അറിയാത്തതിനാൽ തന്നെ തത്ക്കാലം കാത്തിരിക്കാനാണ് ശിവശങ്കറിന് കിട്ടിയിരിക്കുന്ന നിയമോപദേശം. ഈ ആഴ്‌ച തന്നെ ശിവശങ്കറിനെ ചോദ്യം ചെയ്‌തേക്കുമെന്നാണ് സി.ബി.ഐ നൽകുന്ന സൂചന.