
കോട്ടയം: പൊതുമരാമത്ത് വകുപ്പ് ഇന്റർലോക്ക് പാകിയ നടപ്പാത ജല അതോറിറ്റി പൊളിച്ച സംഭവത്തിൽ പൊതുമരാമത്ത് ഉദ്യോഗസ്ഥരെ സസ്‌പെൻഡ് ചെയ്ത് മന്ത്രി ജി.സുധാകരൻ. ഏറ്റുമാനൂർ-പൂഞ്ഞാർ സംസ്ഥാന പാതയിൽ, ഏറ്റുമാനൂർ കോണിക്കൽ, പുന്നുത്തറ, മങ്കരക്കലുങ്ക് പ്രദേശത്തെ പാത പൊളിക്കുന്നത് തടയുകയോ, മേലധികാരികളെ അറിയിക്കുകയോ ചെയ്യാത്തതിനാലാണ് ഉദ്യോഗസ്ഥരെ സസ്‌പെൻഡ് ചെയ്തത്.
കോട്ടയം നിരത്ത് വിഭാഗം അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എൻജിനീയർ ജോസ് രാജൻ, ഏറ്റുമാനൂർ നിരത്ത് വിഭാഗം അസിസ്റ്റന്റ് എൻജിനീയർ ആർ.രൂപേഷ് എന്നിവരെയാണ് സസ്‌പെൻഡ് ചെയ്തത്. അതോടൊപ്പം പൊതുഖജനാവിലെ പണം പാഴാക്കിയ ഉദ്യോഗസ്ഥരിൽ നിന്ന് അതു തിരിച്ചു പിടിക്കുന്നതിനുള്ള നടപടി സ്വീകരിക്കുമെന്നും മന്ത്രി വ്യക്തമാക്കി.
20 ലക്ഷം രൂപ ചെലവിൽ നിർമിച്ച പാതയാണ് പൊളിച്ചത്. അന്വേഷണ റിപ്പോർട്ട് നൽകാൻ വിജിലൻസ് ഡെപ്യൂട്ടി ചീഫ് എൻജിനീയറെ ചുമതലപ്പെടുത്തിയിട്ടുണ്ട്. ഏറ്റുമാനൂർ ശുദ്ധജല പദ്ധതിക്കായി പൈപ്പ് സ്ഥാപിക്കുന്നതിനായിട്ടാണ് ജല അതോറിറ്റി നടപ്പാത പൊളിച്ചത്.