
ലക്‌നൗ: മുൻ കേന്ദ്ര മന്ത്രിയും ബി.ജെ.പി നേതാവുമായ ചിന്മയാനന്ദിനെതിരെയുള്ള ബലാത്സംഗക്കേസിൽ പരാതിക്കാരിയായ നിയമ വിദ്യാർത്ഥിനി മൊഴിമാറ്റി. ചിലരുടെ സമ്മർദ്ദം കാരണമാണ് ചിന്മയാനന്ദിനെതിരെ ബലാത്സംഗ പരാതി നൽകിയതെന്ന് പെൺകുട്ടി കോടതിയിൽ അറിയിച്ചു. പ്രത്യേക എം.എൽ.എ-എം.പി കോടതിയിലാണ് വിദ്യാർത്ഥിനി മൊഴിമാറ്റിയത്. കോടതയിൽ ഹാജരായ പെൺകുട്ടി ചിന്മയാനന്ദിനെതിരെ നേരത്തെ നൽകിയ മൊഴി നിഷേധിക്കുകയായിരുന്നു.
ഷാജഹാൻപുരിലെ നിയമ കോളേജിലെ വിദ്യാർത്ഥിനിയായിരുന്ന പെൺകുട്ടിയാണ് മുൻ എം.പിയും മന്ത്രിയുമായിരുന്ന ചിന്മായനന്ദിനെതിരെ ബലാത്സംഗ പരാതിയുമായി രംഗത്തെത്തിയത്. തുടർന്ന് പെൺകുട്ടിയെ കാണാതായതോടെ സംഭവം വലിയ വിവാദമാവുകയായിരുന്നു. സുഹൃത്തിനൊപ്പം ഒളിച്ചുകഴിഞ്ഞ പെൺകുട്ടി പിന്നീട് കോടതിയിൽ ഹാജരായി. തന്നെ ഭീഷണിപ്പെടുത്തി പണം തട്ടാൻ പെൺകുട്ടി ശ്രമിച്ചെന്ന് ചിന്മായനന്ദും പരാതി നൽകി. സംഭവത്തിൽ ഇരുവരും അറസ്റ്റിലായിരുന്നു. നിലവിൽ ഇരുവരും ജാമ്യത്തിലാണ്.
പെൺകുട്ടി കൂറുമാറിയതായും നടപടിയെടുക്കണമെന്നും ആവശ്യപ്പെട്ട് പ്രോസിക്യൂഷൻ അപേക്ഷയുമായി കോടതിയെ സമീപിച്ചു. പെൺകുട്ടിയെ വിസ്തരിക്കണമെന്നും ആരുടെ സമ്മർദ്ദപ്രകാരമാണ് മൊഴി നൽകിയതെന്ന് വ്യക്തമാക്കണമെന്നും പ്രോസിക്യൂഷൻ കോടതിയെ അറിയിച്ചു. പ്രോസിക്യൂഷന്റെ അപേക്ഷ രജിസ്റ്റർ ചെയ്യാനും വാദിയുടേയും പ്രതിയുടേയും പുതിയ മൊഴി പകർപ്പുകൾ ഹാജരാക്കാനും ജഡ്ജി പി.കെ റായ് ആവശ്യപ്പെട്ടു. കേസിന്റെ വാദം ഒക്‌ടോബർ പതിനഞ്ചിന് കേൾക്കാൻ കോടതി തീരുമാനിച്ചു.