
കൊച്ചി: എം.ശിവശങ്കറിനെ എൻഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റ് ഇന്ന് ചോദ്യം ചെയ്യില്ല. പതിനൊന്ന് മണിയോടെ ശിവശങ്കർ എൻഫോഴ്‌സ്‌മെന്റ് ആസ്ഥാനത്തേക്ക് എത്തിച്ചേരുമെന്നായിരുന്നു വിവരം. വിദേശയാത്രകൾ സംബന്ധിച്ചായിരുന്നു ചോദ്യം ചെയ്യൽ തീരുമാനിച്ചിരുന്നത്. വിദേശ ഡോളറുകൾ കടത്തിയതിൽ ശിവശങ്കറിന് പങ്കുണ്ടോയെന്നാണ് എൻഫോഴ്‌സ്‌മെന്റ് പരിശോധിക്കുന്നത്. വിദേശയാത്രകളുടെ മുഴുവൻ രേഖകളും ഹാജരാക്കാൻ എൻഫോഴ്‌സ്‌മെന്റ് ശിവശങ്കറിനോട് ആവശ്യപ്പെട്ടിരുന്നു.
ഇന്നലെ കൊച്ചിയിൽ വക്കീലിനെ കാണാനെത്തിയ ശിവശങ്കർ എൻഫോഴ്‌സ്‌മെന്റിനോട് ഫോണിൽ വിളിച്ച് താൻ കൊച്ചിയിലുണ്ടെന്ന് അറിയിച്ചിരുന്നു. ആവശ്യപ്പെട്ട എല്ലാ രേഖകളും കൈയ്യിലുണ്ടെന്നും നാളെ ചോദ്യം ചെയ്യലിന് വിധേയനാകാൻ തനിക്ക് സൗകര്യമുണ്ടെന്നും അദ്ദേഹം അറിയിച്ചു. തുടർന്നായിരുന്നു ഇന്നത്തേക്ക് ചോദ്യം ചെയ്യൽ നിശിചയിച്ചത്. ഇതോടെ മാദ്ധ്യമപ്പട എൻഫോഴ്സ്‌മെന്റ് ഓഫീസിന് മുന്നിൽ തമ്പടിച്ചു. എന്നാൽ മുൻകൂർ ജാമ്യാപേക്ഷ നൽകിയ പശ്‌ചാത്തലത്തിൽ ഹാജരാകേണ്ടയെന്ന് ശിവശങ്കർ തീരുമാനിക്കുകയായിരുന്നു. അന്വേഷണ സംഘത്തോട് കുറച്ച് കൂടി സമയം ആവശ്യപ്പെടാനാണ് ശിവശങ്കർ നീക്കം നടത്തുന്നത്.