jose-k-mani

കോട്ടയം: യു.ഡി.എഫിൽ നിന്ന് പുറത്തായ കേരള കോൺഗ്രസ് ജോസ് വിഭാഗം ഇടതുമുന്നണിയിൽ ചേരാൻ തീരുമാനിച്ചു. ഇന്നു രാവിലെ പാലായിൽ ജോസ് കെ മാണിയുടെ വീട്ടിൽ ചേർന്ന പാർലമെന്ററി പാർട്ടി യോഗമാണ് ഇത് സംബന്ധിച്ച തീരുമാനമെടുത്തത്. ഔദ്യോഗിക പ്രഖ്യാപനം അൽപ്പസമയത്തിനകം ജോസ് കെ മാണി നടത്തും. പ്രഖ്യാപനത്തിനായി സംസ്ഥാന നേതാക്കൾ കോട്ടയത്തെ സംസ്ഥാന കമ്മിറ്റി ഓഫീസിലേക്ക് എത്തി തുടങ്ങി. സംസ്ഥാന കമ്മിറ്റി ഓഫീസിലെ പഴയ ബോർഡ് മാറ്റി പുതിയത് സ്ഥാപിച്ചു. പുതിയ ബോർഡിൽ രണ്ടില ചിഹ്നമില്ല.

പന്ത്രണ്ട് സീറ്റുകൾ നിയമസഭ തിരഞ്ഞെടുപ്പിൽ നൽകാമെന്നാണ് സി.പി.എമ്മുമായി ജോസ് വിഭാഗം ഉണ്ടാക്കിയ ധാരണ. കോട്ടയത്ത് മത്സരിക്കാൻ അഞ്ച് സീറ്റുകളാണ് നൽകുക. മാണി സി കാപ്പൻ അവകാശവാദമുന്നയിച്ച പാലാ സീറ്റിന്റെ കാര്യത്തിൽ വിട്ടുവീഴ്ച വേണ്ടെന്നും ഇപ്പോൾ അത് വിവാദമാക്കേണ്ടെന്നും പാർലമെന്ററി പാർട്ടി യോഗത്തിൽ ജോസ് കെ മാണി പറഞ്ഞു. തോമസ് ചാഴിക്കാടൻ എം.പി.എം.എൽ എ മാരായ റോഷി അഗസ്റ്റിൻ, ഡോ.എൻ.ജയരാജ് എന്നിവരും പാർലമെന്ററി പാർട്ടി യോഗത്തിൽ പങ്കെടുത്തു. അതേസമയം പാലാ സീറ്റിൽ അവകാശവാദമുന്നയിച്ച കാപ്പൻ ഇന്ന് 12 മണിയ്‌ക്ക് മാദ്ധ്യമങ്ങളെ കാണുന്നുണ്ട്.