
ചെന്നൈ: തമിഴ് ചലച്ചിത്ര താരങ്ങളായ വിജയകാന്തിന്റെയും ധനുഷിന്റെയും വീടുകളിൽ വ്യാജ ബോംബ് ഭീഷണി. ചെന്നൈയിലെ പൊലീസ് കൺട്രോൾ റൂമിലാണ് രണ്ട് തവണ ബോംബ് ഭീഷണി ഫോൺവിളികൾ വന്നത്. ഉടൻ തന്നെ പൊലീസ് ധനുഷിന്റെ അഭിരാമപുരത്തെ വീട്ടിലും വിജയകാന്തിന്റെ വിരുഗംപാക്കത്തെ വീട്ടിലും തിരച്ചിൽ നടത്തിയെങ്കിലും ഒന്നും കണ്ടെത്തിയില്ല. ഇതോടെ സന്ദേശം വ്യാജമാണെന്ന് തെളിയുകയായിരുന്നു.
പിന്നീട് പൊലീസ് നടത്തിയ പരിശോധനയിൽ രണ്ട് തവണയും വിളിച്ചത് ഒരാൾ തന്നെയാണെന്ന് മനസ്സിലായി. എന്നാൽ ഇയാൾ പൊലീസിന്റെ പിടിയിലകപ്പെടാതെ രക്ഷപ്പെട്ടു എന്നാണ് വിവരം. വൈകാതെ ഇയാളെ പിടികൂടും എന്നാണ് പൊലീസ് നൽകുന്ന വിവരം. കഴിഞ്ഞ മാസങ്ങളിലും തമിഴ് സൂപ്പർ താരങ്ങളുടെ വീടുകളിൽ വ്യാജ ബോംബ് ഭീഷണി ഉണ്ടായിരുന്നു. രജനികാന്ത്, വിജയ്, അജിത്ത് എന്നിവർക്ക് വ്യാജബോംബ് ഭീഷണി ലഭിച്ചിരുന്നു. എന്നാൽ അന്വേഷണത്തിൽ മാനസിക രോഗമുളളയാളാണ് ഫോൺ ചെയ്‌തതെന്ന് പൊലീസ് കണ്ടെത്തി. ജൂലായ് 18നും നടൻ അജിത്തിന്റെ ഇഞ്ചമ്പാക്കത്തെ വീട്ടിൽ ബോംബ് ഭിഷണി സന്ദേശം ലഭിച്ചതിനെ തുടർന്ന് പൊലീസ് അന്വേഷിച്ചിരുന്നു.