എസ്.പി. ബാലസുബ്രഹ്മണ്യത്തിന്റെ അകാല വിയോഗം സംഗീത പ്രേമികളെയാകെ ദുഃഖത്തിലാക്കി. ഒരേ ചരടിൽ ഏതു ജീവിതങ്ങളെയും കോർത്തിണക്കാനുള്ള മാസ്മരിക ശക്തി സംഗീതത്തിനല്ലാതെ സ്നേഹത്തിനു മാത്രമേ ഉണ്ടാവൂ. സംയക്കായ ഗീതത്തിനെയാണു സംഗീതമെന്നു പറയുന്നതത്രേ. ശങ്കരാ... എന്ന ഒറ്റപ്പാട്ടിലൂടെ തെന്നിന്ത്യയെ സംയക്സ്വരങ്ങളുടെ ലോകത്തെത്തിച്ച, എത്രയോ മാസ്മരികഗാനങ്ങളിലൂടെ ഇന്ത്യയെ മുഴുവൻ അവയേറ്റു പാടിച്ച എസ്.പി.ബി സംയക് സ്വരങ്ങളിലൂടെസംഗീതപ്രേമികളെ രഞ്ജിപ്പിച്ച എസ്.പി.ബി ക്ക് അശ്രുപ്രണാമമർപ്പിക്കട്ടെ. കുയിലിന്റെ സ്വരം പഞ്ചമവും മയിലിന്റെ സ്വരം ഷഡ്ജവുമാണത്രേ. പ്രകൃതിയിലെ ജീവജാലങ്ങളുടെ ശബ്ദത്തിലൂടെയാണു മനുഷ്യൻ സ്വരങ്ങളെ വേർതിരിച്ചറിഞ്ഞത്. 'എഫ് ഷാർപ്പിൽ" പാടുന്ന തേൻകുരുവിയെ കുറിച്ച് ബ്രിട്ടീഷ് ഇന്ത്യയിലെ പക്ഷിനിരീക്ഷകൻ ഫർഗൂസൺ തന്റെ പുസ്തകത്തിൽ കുറിക്കുന്നുണ്ട്. ഓലേഞ്ഞാലിക്കിളികൾ മിക്കവാറും കാക്കത്തമ്പുരാട്ടിയുടെ വാസസ്ഥലത്തിനടുത്ത് വട്ടമിടുന്നത് അവയുടെ പാട്ടു കേൾക്കാനായിരിക്കാം എന്നും അദ്ദേഹം കുറിക്കുന്നു. നാം പാട്ടിഷ്ടപ്പെടുന്നത് അത് നമ്മെ കാന്തതരംഗങ്ങളിലൂടെ സന്തോഷിപ്പിക്കുന്നതുകൊണ്ടാണത്രേ. മസ്തിഷ്കത്തിലെ ലിംബിക്, പാരാലിംബിക് സ്ഥാനങ്ങൾ നമ്മെ ആനന്ദം കൊള്ളിക്കുന്ന ഭാഗങ്ങളാണ്. അവയെ പ്രചോദിപ്പിക്കാൻ സംഗീതത്തിനു ശേഷിയുണ്ടെന്ന് മോൺട്രിയാളിലെ മക്ഗിൽ യൂണിവേഴ് സിറ്റിയിലെ ന്യൂറോശാസ്ത്രജ്ഞന്മാർ പറയുന്നു. ദുഃഖം, ദേഷ്യം,സന്തോഷം തുടങ്ങിയ വിവിധ വികാരങ്ങളെ പ്രചോദിപ്പിക്കാൻ വിവിധതരം 'നോട്ടുകൾ"ക്കു കഴിയും.
പണ്ട് ബസിലും ട്രെയിനിലുമൊക്കെ വയറ്റത്തടിച്ചു പാട്ടുപാടുന്ന കുട്ടികളെ കാണുമ്പോൾ അവർ എത്ര മധുരമായാണു പാടുന്നതെങ്കിലും അവർ സ്കൂളിൽ പോകാനാകാതെ വിശപ്പകറ്റാൻ പാടുന്ന പാട്ട് വലിയ ദുഃഖം ഉള്ളിൽസൃഷ്ടിച്ചിരുന്നു. കൊച്ചുകുട്ടികൾ വയറുകഴിയാനായി പണിയെടുക്കുന്നത് കാണുന്നത് കൊളുത്തിവലിക്കുന്ന വേദന ഉണ്ടാക്കുന്നു. യാഥാർത്ഥ്യങ്ങൾ സൃഷ്ടിക്കുന്ന ഇത്തരം വേദനകളും സംഗീതം സൃഷ്ടിക്കുന്ന കണ്ണീരും തമ്മിൽ വ്യത്യാസമുണ്ടെന്നാണ് മന:ശാസ്ത്രജ്ഞന്മാരുടെ അഭിമതം. Take me home, country roads എന്ന ജോൺ ഡെൻവറിന്റെ പാട്ട് അതിമനോഹരമാണ്. ഇത്തരം 'കൺട്രി മ്യൂസിക്കും" നമ്മെ നാടൻ പാട്ടുകളുമൊക്കെ പ്രകൃതിയുമായി അടുപ്പിക്കുന്നു. സുപ്രഭാതം... നീലഗിരിയുടെ സഖികളേ എന്ന ജയച്ചന്ദ്രന്റെ പാട്ടുകേട്ടാൽ ഒരു കുന്നിൻ ചരിവിലെ സൂര്യോദയമാസ്വദിക്കുന്ന തോന്നൽ എവിടെ നിന്നാലും നമ്മിൽ ജനിപ്പിക്കും. അനശ്വര വരികളെഴുതിയ കവികളെയോ സംഗീതം സൃഷ്ടിച്ചവരെയോ റാഫിയുടെയോ യേശുദാസിന്റെയോ പാട്ട് കേൾക്കുമ്പോൾ നാം ഓർക്കണമെന്നുമില്ല. ഗോവൻ കൊങ്കണി ഗാനങ്ങൾ നമ്മെഅറിയാതെ ചുവടു വയ്പ്പിക്കും. ചില സ്പാനിഷ് ഗാനങ്ങളും അങ്ങിനെതന്നെ.അമേരിക്കയിൽ ഒരു ട്രെയിനിംഗിനായി പോയപ്പോൾ അതിരാവിലെ റേഡിയോ സംഗീതം കേട്ടാണ് ഉണരുക. ബീഥോവന്റെ സിംഫണി പ്രഭാതത്തിലെ പൂജ്യം ഡിഗ്രിക്കു താഴെയുള്ള തണുപ്പിൽ നിന്നു മെല്ലെ ഉണർത്തി ഭൂപാളമെന്ന പോലെ ജീവിതചര്യകളിലേക്ക് തള്ളിവിട്ടിരുന്നു. സാൽസ്ബർഗിൽ ജനിച്ച മൊസാർട്ട് വിയന്നയിൽ വച്ചാണ് അദ്ദേഹത്തിന്റെ ഏറ്റവും പ്രസിദ്ധമായ സിംഫണികൾ രചിച്ചത്. എക്കാലത്തെയും മികച്ച ക്ലാസിക്കൽ കമ്പോസറായ മൊസാർട്ടിനെ വിയന്ന നഗരം കമ്പോളവത്കരിച്ചിരിക്കുന്നതു കാണുന്നത് കൗതുകകരമാണ്. മൊസാർട്ടിന്റെ കൺസേർട്ടുകളുടെ ടിക്കറ്റ് വിറ്റു കൊണ്ട് തെരുവിൽ ആളുകൾ നടക്കുന്നത് സ്ഥിരം കാഴ്ച. എന്നാൽ ചോക്കളേറ്റ് വരെയുള്ള പല വസ്തുക്കൾക്കും മൊസാർട്ടിന്റെ പേരും ചിത്രവും നൽകിയിരിക്കുന്നു! ഇന്നും നഗരത്തിലെഏറ്റവും സജീവസാന്നിദ്ധ്യം അവിടം ഭരിച്ച ചക്രവർത്തിമാരെക്കാളധികം മൊസാർട്ടാണ്. 1700 കളിലാണ് മൊസാർട്ട് തന്റെ മാസ്മരിക സംഗീതമുതിർത്തത്.1500 കളിൽ പുരന്ദര ദാസൻ കർണ്ണാടക സംഗീതത്തിന്റെ അടിത്തറ പാകി. സംഗീത നഗരമെന്നു വിശേഷിപ്പിക്കാവുന്ന തഞ്ചാവൂർ വലിയ അദ്ഭുതം തന്നെയാണ്. ത്യാഗരാജസ്വാമികൾ, മുത്തുസ്വാമി ദീക്ഷിതർ, ശ്യാമശാസ്ത്രികൾ എന്നീ മൂന്നു കർണാടക സംഗീത ചക്രവർത്തിമാർ ജീവിച്ച തഞ്ചാവൂരിലേക്കുള്ള യാത്രയിൽ വീണയുണ്ടാക്കുന്ന തെരുവും സന്ദർശിച്ചിരുന്നു.
കളകളമൊഴുകുന്ന നദീതീരത്തു നിൽക്കുന്ന പ്ലാവ് വെട്ടിയ തടിയിൽ നിന്നാണ് നല്ല നാദമുള്ള വീണ തീർക്കുന്നതെന്ന് ഞങ്ങൾ സന്ദർശിച്ച നാഗരാജൻ എന്ന കലാകാരൻ പറഞ്ഞു. ഒരു വീണയുണ്ടാക്കുക എത്ര ശ്രമകരമായ ജോലിയാണ്! അതു നേരിൽ കണ്ടു മനസിലാക്കാനായത് വലിയ ഭാഗ്യമായി കരുതുന്നു. ത്യാഗരാജ സ്വാമികളുടെ വീട്ടിലേക്ക് നഗരത്തിൽ നിന്നു കുറേക്കൂടി ദൂരം പോകണം. ആ വീട് തെരുവോരത്ത് അതേപടി ഇന്നും നിലനിറുത്തിയിരിക്കുന്നു. അവിടെ ഇരുന്ന് അല്പസമയം ധ്യാനിച്ചു. ഒരു കൊച്ചുക്ഷേത്രംപോലെ ആ മുറി സൂക്ഷിച്ചിരിക്കുന്നു. ത്യാഗരാജ സ്വാമിയുടെ ചിത്രത്തിനുമുൻപിൽ നേദിച്ച ഫലങ്ങൾ പ്രസാദമായി സൂക്ഷിപ്പുകാരൻ നൽകി. സമ്പൂർണ സമർപ്പണത്തിന്റെ നേർക്കാഴ്ചയായ ആ സംഗീത ജീവിതം എത്ര ധന്യം!
ആലത്തൂരിൽ എ.എസ്.പിയായിരിക്കുമ്പോൾ ചെമ്പൈ ഗ്രാമത്തിൽ പോയി സംഗീതോത്സവത്തിൽ കേൾവിക്കാരിയാകാനായത് മധുരിക്കുന്ന ഓർമയാണ്. നവരാത്രി സംഗീതോത്സവവും ജനുവരി മാസത്തിലെ സ്വാതിതിരുനാൾ സംഗീതോത്സവവും തിരുവനന്തപുരത്തിന്റെ തനതായ രീതിയിലൊരുക്കുന്ന സംഗീത വിരുന്നുകൾ അസുലഭ നിമിഷങ്ങൾ സമ്മാനിക്കുന്നു. സഞ്ജയ് സുബ്രഹ്മണ്യത്തിന്റെ സ്ഥിരസാന്നിദ്ധ്യം ഈ സംഗീതോത്സവങ്ങളുടെ നിറവാണ്. ഗസലും കൗവാലിയും സൂഫി സംഗീതവുമൊക്കെ നമ്മെ ആനന്ദത്തിലെത്തിക്കുന്നു. സംഗീതം അമരമാണ്, അത് ഏത് രൂപത്തിൽ പ്രത്യക്ഷപ്പെട്ടാലും.