fazil-lijo-jose-pellisser

സംവിധായകൻ ലിജോ ജോസ് പെല്ലിശ്ശേരിയെ കുറിച്ചുള്ള ആലപ്പി അഷ്‌റഫിന്റെ കുറിപ്പ് ശ്രദ്ധേയമാകുന്നു. സെൻസർ ബോർഡ് മെമ്പർ ആയിരുന്ന സമയത്ത് ലിജോയുടെ നായകൻ എന്ന സിനിമ സെൻസർ ചെയ‌്ത ഒരാളായിരുന്നു താൻ എന്നും, ഇരുത്തംവന്ന സംവിധായകനാണ് ലിജോ ജോസ് പെല്ലിശ്ശേരി എന്ന് അന്ന് തനിക്ക് മനസിലായതാണെന്നും ആലപ്പി അഷ്‌റഫ് കുറിച്ചു.

കൂടാതെ, ആരാണ് ഈ ലിജോ ജോസ് പെല്ലിശ്ശേരി എന്ന് സംവിധായകൻ ഫാസിൽ ചോദിച്ച ഒരു സന്ദർഭത്തെ കുറിച്ചും ആലപ്പി അഷ്‌റഫിന്റെ ഫേസ്ബുക്ക് കുറിപ്പിലുണ്ട്.

ഫേസ്ബുക്ക് പോസ്‌റ്റിന്റെ പൂർണരൂപം-

'ലിജോ ജോസ് പെല്ലിശ്ശേരി എന്ന സംവിധായകന് തികച്ചും അർഹതയ്ക്കുള്ള അംഗീകാരമാണ് സ്റ്റേറ്റ് അവാർഡ് .
ഞാൻ സെൻസർ ബോർഡ് മെമ്പറായിരുന്നപ്പോൾ അദ്ദേഹത്തിന്റെ 'നായകൻ' എന്ന ആദ്യ ചിത്രം സെൻസർ ചെയ്തതിലൊരാളായിരുന്നു ഞാൻ.
ഇരുത്തംവന്ന ഒരു സംവിധായകന്റെ മികവ് ആ ചിത്രത്തിൽ കൂടി എനിക്ക് കാണാൻ കഴിഞ്ഞു..
എന്നാൽ പടം ബോക്‌സോഫീസിൽ പരാജയമായിരുന്നു.
ഇനിയൊരു ഫ്ളാഷ് ബാക്ക്..
നിർമ്മാതാവ് ഹസീബിന്റെ വീടിന്റെ പാലുകാച്ച് ..
എർണാകുളത്ത്നിന്നു ഞാനും എത്തി. ആലപ്പുഴയിലെ സിനിമാക്കാർ എല്ലാവരുമുണ്ടയിരുന്നു.
ഞാനും പ്രോഡക്ഷൻ കൺട്രോളർ കബീറുമായി ഭക്ഷണം കഴിച്ചു കൊണ്ടിരിക്കുമ്പോൾ എന്റെ പിന്നിൽ വന്ന് തട്ടി സംവിധായകൻ ഫാസിൽ പറഞ്ഞു .
' നീ തിരിച്ചു പോകുന്നവഴി വീട്ടിലൊന്നു കയണേ' .
' ശരി ഞാൻ വരാം '
തിരികെ പോകും വഴി ഞാൻ പാച്ചിക്കായുടെ വീട്ടിൽ കയറി.
ചായ കുടിച്ച് കൊണ്ടിരിക്കുമ്പോൾ അദ്ദേഹം പറഞ്ഞു..
'എടാ നിന്നെ വരാൻ പറഞ്ഞതേ.. എനിക്ക് ഇപ്പോഴത്തെ പുതിയ സംവിധായകരെക്കുറിച്ചൊന്നും കൂടുതൽ അറിയില്ല.'
ഒന്ന്നിർത്തി ...എന്നിട്ട്
'ആരാണി ലിജോ ജോസ്പല്ലിശ്ശേരി ...?
ഷാനു (ഫഹദ് ) ന്റെ ഡേറ്റ് ചോദിച്ച് വന്നിട്ടുണ്ടു്.. '.
ഞാൻ പറഞ്ഞു.
'നല്ലൊരു ഭാവിയുള്ള ടെക്നീഷ്യനാണ് ..'
' നിനക്കെങ്ങിനെ അറിയാം...?'
ആദ്യ ചിത്രം സെൻസർ ചെയ്ത വിവരവും , അതിൽ സംവിധായകന്റെ കഴിവുകളും ഞാൻ വിവരിച്ചു..
'എന്നിട്ടാണോ പടം എട്ടു നിലയിൽ
പൊട്ടിയത് '
അതെക്കുറിച്ചല്ലല്ലോ ഞാൻ പറഞ്ഞത് സംവിധായകൻ കഴിവുള്ളവനാണന്ന് ഉറപ്പാ.
അദ്ദേഹം പിന്നീട് ഒന്നും മിണ്ടിയില്ല.
പിന്നീട് അറിയുന്നു ഫഹദ് ലിജോയുടെ ആമേൻ എന്ന ചിത്രത്തിൽ അഭിനയിക്കുന്നുവെന്ന്.
ചിത്രം ബംബർ ഹിറ്റ്..
ഞാനാ ചിത്രം രണ്ടു പ്രാവിശ്യം തിയേറ്ററിൽ പോയി കണ്ടു...
ലിജോ ജോസ് പെല്ലിശ്ശേരിയുടെ
ഉയരങ്ങളിലേക്കുള്ള കുതിപ്പ് ദൂരെ നിന്നു കാണുമ്പോൾ...
മനസ്സ് കൊണ്ടു് അഭിനന്ദനങ്ങളും അനുഗ്രഹങ്ങളും നേരുകയാണ് ഞാൻ.
ലിജോയുടെ എല്ലാ സിനിമകളും കണ്ടിട്ടുണ്ടങ്കിലും അദ്ദേഹത്തെ ഇതുവരെ നേരിട്ട് ഞാൻ കണ്ടിട്ടില്ല എന്നുള്ളത് മറ്റൊരു സത്യം.
ആലപ്പി അഷറഫ്‌'