
സംസ്ഥാന ചലച്ചിത്ര അവാർഡ് പ്രഖ്യാപനം പൊതുവെ സ്വാഗതം ചെയ്യപ്പെടുമ്പോഴും ശ്രദ്ധയാകർഷിച്ച ചില ചിത്രങ്ങൾ പൂർണ്ണമായും അവഗണിക്കപ്പെട്ടതായി ആഷേപമുണ്ട്.അതിൽ പ്രധാനമാണ് പ്രമുഖ ഡോക്യുമെന്ററി സംവിധായികയായ ഡോ. ജെ.ഗീത ആദ്യമായി സംവിധാനം ചെയ്ത കഥാചിത്രം റൺ കല്യാണിയ്ക്ക് ഒരു അവാർഡു പോലും ലഭിക്കാതെ പോയത്. ചലച്ചിത്രോത്സവങ്ങളിൽ വൻശ്രദ്ധ നേടിയ മലയാള ചിത്രമായിരുന്നു റൺ കല്യാണി.കൽക്കട്ടാ ചലച്ചിത്രോത്സവത്തിൽ പ്രീമിയർ ചെയ്യുകയും സ്പെഷ്യൽ ജൂറി അവാർഡ് കരസ്ഥമാക്കുകയും ചെയ്ത ഈ ചിത്രം ന്യൂയോർക്ക് ഫിലിം ഫെസ്റ്റിവലിൽ മികച്ച ചിത്രത്തിനും സംവിധാനത്തിനും നടിക്കുമുള്ള നോമിനേഷൻ നേടുകയും മികച്ച നടിക്കുള്ള അവാർഡ് കരസ്ഥമാക്കുകയും ചെയ്തിരുന്നു.കല്യാണിയെ അവതരിപ്പിച്ച ഗാർഗി അനന്തൻ അവിടെ മികച്ച നടിയായി തിരഞ്ഞെടുക്കപ്പെട്ടു.
കേരളം തഴഞ്ഞു
2019 ലെ കേരളത്തിന്റെ രാജ്യാന്തര ചലച്ചിത്രോത്സവത്തിൽ ( ഐ.എഫ്.എഫ്.കെ ) റൺ കല്യാണി തിരഞ്ഞെടുക്കപ്പെട്ടില്ല. കേരളത്തിൽ പ്രീമിയർ നടത്താനുള്ള ആഗ്രഹം അതുകാരണം മുടങ്ങി.കൊൽക്കത്തയിലായിരുന്നു പ്രീമിയർ.ഇപ്പോൾ കേരള സംസ്ഥാന ചലച്ചിത്ര അവാർഡിലും പൂർണ്ണമായും അവഗണിക്കപ്പെട്ടു.-സംവിധായിക  ഡോ. ജെ. ഗീത കേരളകൗമുദിയോട് പറഞ്ഞു.
'അവാർഡ് നേടിയ എല്ലാവരേയും ആദ്യമായി അഭിനന്ദിക്കുന്നു. അവാർഡ് ജൂറി റൺ കല്യാണിയെ ഒരു അവാർഡിനുപോലും പരിഗണിക്കപ്പെടാതിരുന്നത് എന്തുകൊണ്ടാണെന്ന് മനസിലാകുന്നില്ല.അവാർഡിന് അപേക്ഷിച്ചിരുന്നില്ലേയെന്നാണ് ഇപ്പോൾ പലരും വിളിച്ചു ചോദിക്കുന്നത്.അർഹമായ എല്ലാ കാറ്റഗറിയിലും അപേക്ഷിച്ചിരുന്നു.കിട്ടിയില്ല. ഒരു വനിതാ സംവിധായികയെന്ന നിലയിൽ കേരളത്തിൽ പിടിച്ചു നിൽക്കാൻ പാടാണെന്ന് ഇപ്പോൾ മനസിലാകുന്നു.ഒരു പ്രോത്സാഹനവും ഇല്ല. ചലച്ചിത്ര നിരൂപകരും സിനിമയെ ഗൗരവമായി കാണുന്നവരുമൊക്കെ മികച്ചതെന്ന് വിലയിരുത്തിയ ചിത്രമായിട്ടും പരിഗണിക്കപ്പെട്ടില്ല. ഫിപ്രെസ്കി ജൂറി വോട്ട് ചെയ്ത് തിരഞ്ഞെടുത്ത 2019 ലെ മികച്ച 20 ചിത്രങ്ങളിലൊന്നായിരുന്നു റൺ കല്യാണി.കല്യാണിയെ അവതരിപ്പിച്ച ഗാർഗിയുടെ അതുല്യമായ അഭിനയം പോലും അവഗണിക്കപ്പെട്ടു.പശ്ചാത്തല സംഗീതം നിർവഹിച്ചത് ശ്രീവൽസൻ ജെ.മേനോനായിരുന്നു.അത് പരിഗണിച്ചില്ല. എന്താണ് സംഭവിക്കുന്നത്? ഒരെത്തും പിടിയും കിട്ടുന്നില്ല." ഡോ. ജെ.ഗീത വിശദീകരിച്ചു.
'വനിതാ സംവിധായിക എന്ന നിലയിൽ ഈ രംഗത്ത് ഇറങ്ങുമ്പോൾ വലിയ ബുദ്ധിമുട്ടുകൾ നേരിടേണ്ടി വന്നിട്ടുണ്ട്. അതെല്ലാം മറികടന്നാണ് പുതിയൊരു ഭാവുകത്വവും കാഴ്ചപ്പാടുമൊക്കെ അവതരിപ്പിക്കാൻ ശ്രമിച്ചത്.അതിനോടുള്ള പ്രതികരണം ഈ രീതിയിലായാൽ എങ്ങനെയാണ് മുന്നോട്ടു പോവുക?"ഗീത ചോദിക്കുന്നു.
'സിനിമയുടെ റിലീസ് കൊവിഡ് കാരണം നീണ്ടുപോയി.പക്ഷേ ഇനി ഇപ്പോൾ അതൊക്കെ മാറുമ്പോഴും എങ്ങനെ റിലീസ് ചെയ്യുമെന്നറിയില്ല. ചലച്ചിത്ര അക്കാഡമിയും ,ചലച്ചിത്ര വികസന കോർപ്പറേഷനുമൊക്കെ എന്ത് സഹകരണം നൽകും? അറിയില്ല. വനിതാ സംവിധായകർ എന്തിനു വേണമെന്നാണോ അവർ കരുതുന്നത്. അറിയില്ല." ഡോ. ജെ. ഗീത വ്യക്തമാക്കി.