
കാലിഫോർണിയ: അതിവേഗ ഇന്റർനെറ്റ് കണക്‌ടിവിറ്റി സാദ്ധ്യമാക്കുന്ന 5ജി ടെക്‌നോളജിയോട് കൂടിയ പുതിയ ഐഫോൺ 12 സീരീസ് ആപ്പിൾ പുറത്തിറക്കി. ഈമാസം 30 മുതൽ ഇന്ത്യയിൽ ലഭ്യമാകും. 6.1 ഇഞ്ച് സ്‌ക്രീനുള്ള ഫോണിന് കറുപ്പ്, ചുവപ്പ്, നീല, പച്ച, വെള്ള നിറഭേദങ്ങളുണ്ട്.
അലുമിനിയത്തിൽ പൊതിഞ്ഞ ചെറു മോഡലായ ഐഫോൺ 12 മിനി, സ്‌റ്റെയിൻലെസ് സ്‌റ്റീൽ വശങ്ങളോട് കൂടിയ ഐഫോൺ 12 പ്രൊ, ഐഫോൺ 12 പ്രൊ മാക്‌സ് എന്നിവയാണ് പുതു മോഡലുകൾ. നീല, ഗോൾഡ്, ഗ്രാഫൈറ്റ്, സിൽവർ നിറങ്ങളാണ് പ്രൊയ്ക്കും പ്രൊ മാക്‌സിനുമുള്ളത്. പ്രൊയുടെ ഡിസ്‌പ്ളേ 6.1 ഇഞ്ചും മാക്‌സിന്റേത് 6.7 ഇഞ്ചുമാണ്. പുത്തൻ മോഡലുകൾക്ക് പ്രതീക്ഷിച്ചതിനേക്കാൾ വില കുറവാണെന്നത് ടെക് ലോകത്തെ അമ്പരിപ്പിച്ചിട്ടുണ്ട്.
ആഗോളതലത്തിൽ ഉയർന്ന വില്പന ലക്ഷ്യമിട്ടും കൊവിഡ് പശ്‌ചാത്തലത്തിലെ സാമ്പത്തിക ഞെരുക്കവും പരിഗണിച്ചാണ് ആപ്പിൾ വില നിയന്ത്രിച്ചതെന്ന് കരുതുന്നു. ഐഫോൺ 11ന് സമാനമാണ് 12ന്റെയും സ്‌ക്രീൻ. എന്നാൽ, വശങ്ങൾക്ക് വളവിന് പകരം പരന്ന ആകൃതിയാണുള്ളത്.
35 കോടി
ആഗോളതലത്തിൽ 95 കോടി ഐഫോൺ ഉപഭോക്താക്കൾ ഉണ്ടെന്നാണ് കണക്ക്. ഇതിൽ, 35 കോടിപ്പേർ ഐഫോൺ 12ലേക്ക് 'അപ്‌ഗ്രേഡ്" ചെയ്യുമെന്ന് കരുതുന്നു.
5ജി കരുത്ത്
5ജിയാണ് ഐഫോൺ 12ന്റെ പ്രധാന ആകർഷണം. നിലവിലെ 4ജി എൽ.ടി.ഇ (ലോംഗ്-ടേം എവൊല്യൂഷൻ) സാങ്കേതികവിദ്യയേക്കാൾ പത്തിരട്ടി വേഗത്തിൽ ഡേറ്റ കൈമാറാൻ 5ജിക്ക് കഴിയും. അപ്‌ഡേറ്റഡ് കാമറ, ഒ.എൽ.ഇ.ഡി സ്‌ക്രീൻ, എ14 പ്രൊസസർ, ഉയർന്ന സ്‌റ്റോറേജ് എന്നിങ്ങനെയും സവിശേഷതകളുണ്ട്.
ഹോംപോഡ് മിനി
സ്‌പീക്കർ
ഏറെ പുതുമകളും സവിശേഷതകളോടും കൂടിയ ഹോംപോഡ് മിനി സ്‌പീക്കറും ആപ്പിൾ അവതരിപ്പിച്ചു. 9,900 രൂപയാണ് ഇന്ത്യയിൽ വില. നവംബർ 16ന് വില്പന തുടങ്ങും. പാട്ട് കേൾക്കാം, കാളിൽ സംസാരിക്കാം, വ്യക്തിഗത ശബ്‌ദം തിരിച്ചറിഞ്ഞുള്ള പ്രവർത്തനം, തുടങ്ങിയ മികവുകളോടെയുള്ള വിവിധോദ്ദേശ്യ സ്‌പീക്കറാണിത്.
മുൻ മോഡലുകൾക്ക്
വില കുറച്ചു
ഐഫോൺ 12 അവതരിപ്പിച്ചതിന് പിന്നാലെ, ഇന്ത്യയിൽ മുൻ മോഡലുകളുടെ വില ആപ്പിൾ കുറച്ചു. ഐഫോൺ 11ന് കുറയുന്നത് 13,000 രൂപയോളം. പുതുക്കിയ വില:
 ഐഫോൺ എസ്.ഇ 64 ജിബി : ₹39,900
 എസ്.ഇ 128 ജിബി : ₹44,900
 എസ്.ഇ 256 ജിബി : ₹54,900
 എക്‌സ്.ആർ 64 ജിബി : ₹47,900
 എക്‌സ്.ആർ 128 ജിബി : ₹52,900
 ഐഫോൺ 11 64 ജിബി : ₹54,900
 128 ജിബി : ₹59,900
 256 ജിബി : ₹69,900
ഐഫോൺ 12:
ഇന്ത്യയിലെ വില
 ഐഫോൺ 12 മിനി 64 ജിബി : ₹69,900
 128 ജിബി : ₹74,900
 256 ജിബി : ₹84,900
 ഐഫോൺ 12 64 ജിബി : ₹79,900
 128 ജിബി : ₹84,900
 256 ജിബി : ₹94,900
 ഐഫോൺ 12 പ്രൊ 128 ജിബി : ₹1.19 ലക്ഷം
 256 ജിബി : ₹1.29 ലക്ഷം
 512 ജിബി : ₹1.49 ലക്ഷം
 12 പ്രൊ മാക്‌സ് 128 ജിബി : ₹1.29 ലക്ഷം
 256 ജിബി : ₹1.39 ലക്ഷം
 512 ജിബി : ₹1.59 ലക്ഷം