
ഏറെ നാളായി രോഗാവസ്ഥയിൽ കഴിഞ്ഞിരുന്ന നടി ശരണ്യയുടെ ജീവിതത്തിൽ പുതുവെളിച്ചം.
ശരണ്യയുടെ സ്വപ്നങ്ങൾക്കൊപ്പം നടന്ന സഹയാത്രിക സീമ ജി. നായർ ആ ദുരിതകാലത്തിലൂടെ സഞ്ചരിക്കുന്നു...
ഒട്ടും പ്രതീക്ഷിക്കാത്ത സമയത്ത് ജീവിതത്തിൽ ഇരുട്ട് നിറയുക, ആ ഇരുട്ടിനൊപ്പം നീണ്ട ദൂരം നടക്കേണ്ടി വരിക. തുടരെത്തുടരെ വിഷമങ്ങളെ നേരിടേണ്ടി വരിക. ആർക്കും അത്ര എളുപ്പത്തിൽ നേരിടാൻ കഴിയുന്നതല്ല, ഈ അവസ്ഥകളൊന്നും. ഒരു പുഞ്ചിരി കൊണ്ടാണ് ഓർക്കാപ്പുറത്ത് ഒരു നിമിഷം കൊണ്ട് ഇല്ലാതായ അതുവരെയുള്ള ഇരുട്ടിനെ നടി ശരണ്യ നേരിട്ടത്. ജീവിതം തന്നെ കീഴ്മേൽ മറിഞ്ഞ കാലം. താരത്തിളക്കത്തിൽ നിൽക്കുന്ന സമയത്താണ് ഗുരുതരരോഗം പിടിപ്പെട്ടത്. ജീവൻ നിലനിറുത്താൻ ചികിത്സയ്ക്ക് വലിയ തുക തന്നെ വേണ്ടിയിരുന്നു. ചികിത്സയ്ക്കുള്ള പണം പോലും കണ്ടെത്താനാകാതെ ശരണ്യ ഏറെ വലഞ്ഞു. രോഗം തിരിച്ചറിഞ്ഞ നാൾ മുതൽ ഇന്നോളം ഉറ്റകൂട്ടുകാരിയും അമ്മയുമൊക്കെയായി കൂടെ നിഴൽ പോലെ നടന്ന ആളാണ് നടി സീമ ജി.നായർ. ഒരുപക്ഷേ, മറ്റാരേക്കാളും നന്നായി ശരണ്യയുടെ അതിജീവന കഥ പറയാനും കഴിയുക അവർക്ക് തന്നെയാണ്. പ്രതിസന്ധികളെയെല്ലാം നടന്ന് തോൽപ്പിച്ച് ജീവിതത്തിലേക്ക് മടങ്ങി വരുന്ന ശരണ്യ നമുക്കെല്ലാം അഭിമാനമാണ്, പ്രചോദനമാണ്.
''ശരണ്യ ചിരിച്ചു തുടങ്ങി. എത്രയോ വർഷങ്ങൾക്ക് ശേഷമാണ് അവളുടെ മുഖത്ത് ഈ ചിരി കാണുന്നത്. വേദനകളും കഷ്ടതകളുമൊക്കെ മാറി അവൾ പഴയ പോലെ ജീവിതത്തിലേക്ക് തിരിച്ച് വന്നുകൊണ്ടിരിക്കുകയാണ്. പ്രാർത്ഥനകളും പ്രതീക്ഷകളുമായി ഇനി മുന്നോട്ടുള്ള യാത്രയ്ക്ക് ഊർജം പകരുന്നത്. ഇപ്പോഴിതാ മറ്റൊരു വലിയ സ്വപ്നം കൂടി പൂർത്തിയാവുകയാണ്. ശരണ്യയ്ക്ക് സ്വന്തമായി ഒരു വീടെന്ന സ്വപ്നം, 23ന് വീടിന്റെ പാലുകാച്ചലാണ്.""ശരണ്യയുടെ ജീവിതം സീമ പറയുന്നു.
ഹൃദയത്തിലാണ് അവൾക്ക് സ്ഥാനം
2012 ൽ ഒരു സീരിയൽ സെറ്റിൽ വച്ചാണ് ശരണ്യയ്ക്ക് ശാരീരിക ബുദ്ധിമുട്ടുകൾ തുടങ്ങുന്നത്. അന്ന് ഞാനും ശരണ്യയും തമ്മിൽ പരിചയമില്ല. ഒരു ഓണത്തിന് അമ്മയും ശരണ്യയും ഷോപ്പിംഗിന് പോകാനൊരുങ്ങുമ്പോഴാണ് ശരണ്യ തലചുറ്റി വീഴുന്നതും ഹോസ്പിറ്റലിലാകുന്നതും. അവിടെ വച്ചാണ് ഇതൊരു സീരിയസ് പ്രശ്നം ആണെന്ന് അറിയുന്നത്. പിന്നീട് നിരവധി ടെസ്റ്റുകൾ നടത്തി. ഒടുവിൽ കാൻസറാണെന്ന് ഡോക്ടർമാർ വിധിയെഴുതി. അന്ന് ഗണേഷേട്ടൻ മന്ത്രിയാണ്. സീരിയൽ താരങ്ങളുടെ സംഘടന (ആത്മ)യിലെ പ്രസിഡന്റുമാണ്. ഞാനും അന്ന് ആത്മയുടെ ഭാരവാഹിയാണ്. ഗണേഷേട്ടൻ പറഞ്ഞാണ് ശരണ്യയുടെ അസുഖത്തെ കുറിച്ചറിയുന്നത്. പിന്നീട് അവൾക്കു വേണ്ട എല്ലാ കാര്യങ്ങൾക്കും മുന്നിൽ തന്നെയുണ്ടായിരുന്നു. അന്ന് ഇത്രയും വലിയൊരു ആത്മബന്ധം ഞങ്ങൾക്കിടയിലുണ്ടാകുമെന്ന് കരുതിയിരുന്നില്ല. അതുവരെ എനിക്കും ശരണ്യയ്ക്കും തമ്മിൽ ഒരു പരിചയവുമുണ്ടായിരുന്നില്ല. ഒരേ ഇൻഡസ്ട്രിയിൽ വർക്ക് ചെയ്യുന്ന രണ്ടു പേർ, അതായിരുന്നു ആകെയുണ്ടായിരുന്ന ബന്ധം. അറിഞ്ഞോ അറിയാതെയോ ഞങ്ങൾക്കിടയിലെ സ്നേഹം ശക്തമായി വളരുകയായിരുന്നു. ഞാനവളുടെ സെക്കൻഡ് മദറാണെന്നാണ് ശരണ്യ പറയുന്നത്. എനിക്കവളെന്റെ സ്വന്തം മകൾ തന്നെയാണ്. കഴിഞ്ഞജന്മത്തിലെന്തോ കണക്ഷൻ ഞങ്ങൾ തമ്മിലുണ്ടാകും. മുജ്ജന്മ ബന്ധം എന്ന് പറയാനാണ് എനിക്കിഷ്ടം.

കരഞ്ഞു താണ്ടിയ വഴികൾ
ആദ്യത്തെ സർജറി കഴിഞ്ഞതോടെ എല്ലാം പഴയപോലെ ആകുമെന്ന് കരുതിയിരിക്കവെയാണ് വീണ്ടും തിരിച്ചടിയായി രോഗം സ്ഥിരീകരിച്ചത്. ഒന്നര വർഷത്തെ ഇടവേളയിൽ രണ്ടാമത്തെ സർജറിയും. അങ്ങനെയിപ്പോൾ എട്ടു വർഷത്തിനിടയിൽ പത്ത് സർജറിയാണ് നടത്തിയത്. എട്ടെണ്ണം തലയിലും രണ്ടെണ്ണം കഴുത്തിലുമായിരുന്നു. ഒരെണ്ണം കഴിഞ്ഞ് അതിന്റെ ക്ഷീണം മാറുന്നതിന് മുന്നേ തന്നെ അടുത്ത സർജറി വേണ്ടി വരും. 29 വയസിനുള്ളിൽ അവൾ ഒരുപാട് അനുഭവിച്ചു. ശരണ്യയുടെ അസാധാരണ മനക്കരുത്ത് കൊണ്ട് മാത്രമാണ് അവളിപ്പോൾ തിരിച്ചുവന്നത്. ഇനിയൊരിക്കലും ആ അസുഖം അവളെ ബുദ്ധിമുട്ടിക്കില്ല എന്ന് തന്നെയാണ് ഞങ്ങളെല്ലാവരും വിശ്വസിക്കുന്നത്.
സർജറികൾ തുടരെ തുടരെ വേണ്ടി വന്നതോടെ ചികിത്സയ്ക്കുള്ള ചെലവ് കണ്ടെത്തുക എന്നത് വലിയ ബുദ്ധിമുട്ടായി മാറി. ഏഴാമത്തെ സർജറിയായപ്പോൾ കൈയിൽ പത്ത് പൈസയില്ല. ശരണ്യയുടെ അമ്മ ഗീതച്ചേച്ചി വിളിച്ച് ഇനി ചികിത്സയ്ക്ക് ഒരു പൈസയും കൈയിലില്ലെന്ന് പറഞ്ഞ് കരഞ്ഞതോടെ അറിയാവുന്ന പലരെയും വിളിച്ച് ഞാൻ വീണ്ടും സഹായം അഭ്യർത്ഥിച്ചു. പക്ഷേ, സഹായിച്ചവരെല്ലാം മുഖം കറുപ്പിച്ചു തുടങ്ങി. കുറേ വാതിലുകൾ മുട്ടി. എല്ലാം തുറന്നതിനേക്കാൾ വേഗത്തിൽ അടഞ്ഞുവെന്നതാണ് സത്യം. ചിലയിടത്ത് നിന്ന് മനസിന് വിഷമമുണ്ടാകുന്ന തരത്തിലും മറുപടി കിട്ടി.
അങ്ങനെയാണ് സോഷ്യൽ മീഡിയയിൽ ഈ വാർത്ത വരണമെന്ന് തീരുമാനിക്കുന്നത്. ആളുകൾ വിശ്വസിക്കണമെങ്കിൽ ശരണ്യയുടെ അപ്പോഴത്തെ അവസ്ഥ കാണിക്കേണ്ടിയിരുന്നു. പക്ഷേ അവളോട് കാര്യം പറഞ്ഞപ്പോൾ അവൾക്കത് വലിയ ഷോക്കായിരുന്നു. അവളെ വച്ച് വീഡിയോ എടുക്കാൻ പറ്റില്ലെന്നും കരച്ചിലാണെന്നും പറഞ്ഞ് ഗീതച്ചേച്ചി എന്നെ ഫോണിൽ വിളിച്ച് സങ്കടപ്പെട്ടു. അവളെ പറഞ്ഞ് മനസിലാക്കുക എന്നതല്ലാതെ ഞങ്ങൾക്ക് മറ്റൊരു വഴിയുമുണ്ടായിരുന്നില്ല. അങ്ങനെയാണ് സൂരജ് പാലക്കാരനൊപ്പം ആദ്യ വീഡിയോ ചെയ്തത്. പ്രതീക്ഷിക്കാത്ത തരത്തിൽ ആളുകളിൽ നിന്നും സഹായം ലഭിച്ചു. ആ സർജറിയും കഴിഞ്ഞു. ഓരോ തവണയും സർജറി കഴിയുമ്പോൾ അതോടെ അവൾ ജീവിതത്തിലേക്ക് തിരിച്ചുവരുമെന്നാണ് കരുതിയത്. പക്ഷേ അസുഖം പിന്നെയും അവളെ ബുദ്ധിമുട്ടിച്ചു കൊണ്ടേയിരുന്നു. ഓരോ തവണയും സർജറി കഴിഞ്ഞ് പൊയ്ക്കൊണ്ടിരുന്നത് വാടകവീട്ടിലായിരുന്നു. വാടക കൊടുക്കാൻ തന്നെ ഏറെ പ്രയാസമായിരുന്നു അവർക്ക്. അങ്ങനെയാണ് ശരണ്യയ്ക്ക് സ്വന്തമായി വീട് വേണ്ടേയെന്ന് ഞാൻ ഗീതചേച്ചിയോട് ചോദിക്കുന്നത്. സുഖമില്ലാത്ത മകളെയും കൊണ്ട് ആ അമ്മ കഷ്ടപ്പെടുന്നത് കണ്ടുനിൽക്കാൻ കഴിയുന്ന കാഴ്ചയായിരുന്നില്ല. പക്ഷേ ആ അമ്മ അപ്പോഴും പറഞ്ഞു കൊണ്ടിരുന്നത് വീടെന്ന ചിന്തയൊന്നും ഞങ്ങൾക്കില്ല സീമാ എന്നായിരുന്നു. പക്ഷേ അവർക്ക് സ്വന്തമായി ഒരു വീട് വേണമെന്ന് മറ്റാരെക്കാളും നിർബന്ധം എനിക്കായിരുന്നു. അവരുടെ കഷ്ടപ്പാടുകൾ നേരിട്ട് അറിയാവുന്നവർക്ക് മാത്രമേ അതൊക്കെ മനസിലാകുമായിരുന്നുള്ളൂ. അക്കാലത്താണ് ഫിറോസ് കുന്നംപറമ്പിലിനെ പറ്റി ഞാനറിയുന്നത്, അങ്ങനെ അദ്ദേഹത്തോട് കാര്യം പറഞ്ഞു. ഒരുദിവസം ഫിറോസ് ശ്രീകാര്യത്തെ അവരുടെ വാടകവീട്ടിൽ നിന്ന് ലൈവ് പോയിരുന്നു. അതുവഴി സമാഹരിച്ച തുക ഉപയോഗിച്ചാണ് ശരണ്യയുടെ പുതിയ വീട് പണിതത്. അ
തിന്റെ പാലുകാച്ചാണ് ഈ മാസം നടക്കുന്നത്.

തളർച്ചയുടെ കാലം
ഏഴാമത്തെ സർജറി കഴിഞ്ഞതോടെ പിന്നെയും അവസ്ഥ കൂടുതൽ മോശമായി. ചെറിയ തളർച്ചയൊക്കെയായി. വിദഗദ്ധ ചികിത്സയ്ക്ക് വേണ്ടി അവളെ ബാംഗ്ലൂരിലേക്ക് കൊണ്ടു പോയി. അപ്പോഴും ഇനിയെന്ത് എന്ന ചിന്ത ഞങ്ങളെ വല്ലാതെ വേദനിപ്പിച്ചിരുന്നു. അവിടത്തെ ചികിത്സ കഴിഞ്ഞപ്പോഴേക്കും ഇനി ആ അസുഖം ശരണ്യയെ ബാധിക്കില്ലെന്ന് അവരുടെ ഉറപ്പ് കിട്ടിയതായിരുന്നു. പക്ഷേ വിധി വീണ്ടും അവളെ പരീക്ഷിച്ചു. സർജറി കഴിഞ്ഞ് വീട്ടിലെത്തിയതോടെ ശരണ്യയുടെ ശരീരഭാരം വല്ലാതെ കൂടി. നടക്കാനൊന്നും പറ്റാതെ തളർന്ന് കിടപ്പായി. വീണ്ടും ശ്രീചിത്രയിലേക്ക് മാറ്റി. പിന്നെയും സർജറി. അതോടെ ശരീരം ഏറെക്കുറേ തളർന്ന അവസ്ഥയിലായി. കിടപ്പിലായി എന്നു പറയാം. കുറേ ഫിസിയോ തെറാപ്പിയൊക്കെ നടത്തി നോക്കി. അതിലൊന്നും ഒരു മാറ്റവുമുണ്ടായില്ല. അങ്ങനെയാണ് അന്തരീക്ഷം ഒന്നു മാറിയാൽ ചിലപ്പോൾ അവൾക്ക് മാറ്റമുണ്ടാകുമെന്ന് കരുതി എന്റെ വീട്ടിലേക്ക് കൊണ്ടു വരുന്നത്. അങ്ങനെ കഴിഞ്ഞ ജൂണിൽ തിരുവനന്തപുരത്ത് നിന്നും എറണാകുളത്ത് എത്തിച്ചു. എന്റെ സുഹൃത്ത് സാബിത്ത് ഉമ്മർ വഴിയാണ് പീസ് വാലി ഹോസ്പിറ്റലിനെ കുറിച്ച് അറിയുന്നത്. അങ്ങനെ ജൂലായിലാണ് അവളെ പീസ് വാലിയിലേക്ക് കൊണ്ടുപോകുന്നത്. എട്ടു പേർ ചേർന്നാണ് അവളെയന്ന് വണ്ടിയിൽ കയറ്റിയത്. അവിടെ ദിവസവും ആറു മണിക്കൂർ നീളുന്ന ഫിസിയോതെറാപ്പിയിലൂടെ പതിയെ പതിയെ ജീവിതത്തിലേക്ക് മടക്കി കൊണ്ടു വന്നു. ആൾക്കാർ ചേർന്ന് എടുത്തു കൊണ്ടു പോയ ശരണ്യ അതേ വീട്ടിലേക്ക് ഈ മാസം ആദ്യം തിരിച്ച് നടന്ന് വന്നുവെന്നത് ഞങ്ങൾക്ക് അത്രയും വലിയ സന്തോഷമാണ്.

സഹായിച്ചവരെ മറക്കില്ല
ഒരുപാട് പേരോട് കടപ്പെട്ടിരിക്കുന്നുണ്ട് ഞങ്ങൾ. ജീവിതത്തിലേക്ക് തിരിച്ചു നടത്തിയതിൽ ഡോ. മാത്യു എബ്രഹാമിന്റെ പേരാണ് ശരണ്യ ആദ്യം പറയുക. ഓരോ സർജറിയും അദ്ദേഹത്തിന്റെ നേതൃത്വത്തിലായിരുന്നു ശ്രീചിത്രയിൽ നടത്തിയിരുന്നത്. അറിയാത്ത എത്രയോ പേർ സഹായിച്ചിരിക്കുന്നു. കൂലിപ്പണിക്ക് പോയി കിട്ടിയ തുകയിൽ നിന്നും ഇരുന്നൂറ് രൂപ പോലും തന്ന് സഹായിച്ചവരുണ്ട്. അവരോടൊന്നും ഈ ജന്മം ഞങ്ങൾക്ക് കടം വീട്ടാനാകില്ല. സുമനസുകളുടെ സഹായം കൊണ്ടാണ് ഇപ്പോൾ ചെമ്പഴന്തി എസ്.എൻ കോളേജിനടുത്ത് പുതിയ വീട് പണി പൂർത്തിയാക്കിയതും. പ്രാർത്ഥനയായിരുന്നു മറ്റൊരു ശക്തി. ഒരു കാലഘട്ടത്തിൽ മാത്രമല്ല, എന്നും ഞാൻ അവൾക്ക് വേണ്ടി പ്രാർത്ഥിച്ചിട്ടുണ്ട്. ഇപ്പോഴും അതു തുടരുന്നുണ്ട്. അവളെ പ്രസവിച്ചത് ഗീതചേച്ചിയാണെങ്കിലും സ്വന്തം മോളെ പോലെയാണ് ഞാനും നോക്കുന്നത്. എനിക്കവളെന്റെ മകളും കൂട്ടുകാരിയും ഒക്കെയാണ്. ഓരോ നിമിഷത്തെയും പ്രാർത്ഥനയിലാണ് ഇപ്പോഴത്തെ ഞങ്ങളുടെ വിശ്വാസം. ആറ്റുകാൽ പൊങ്കാല പതിവായി ഇട്ടതുമൊക്കെ അവൾക്ക് വേണ്ടി തന്നെയാണ്. അസുഖം ഒരിക്കൽ കുറഞ്ഞ സമയത്ത് അവളെയും കൂട്ടി പോയി പൊങ്കാലയിട്ടിരുന്നു. ഈ എട്ടു വർഷവും പ്രാർത്ഥന മുടക്കിയിട്ടില്ല. ഇനി വിളിക്കാൻ ദൈവങ്ങളില്ല എന്നു തന്നെ പറയാം. ഇനിയും ഒരുപാട് വഴിപാടുകൾ ബാക്കിയാണ്. എല്ലാം ചെയ്തുതീർക്കണം.

തീർച്ചയായും മടങ്ങിയെത്തും
ഇനി ശരണ്യയെ പഴയ അതേ പ്രസരിപ്പോടെ സ്ക്രീനിന് മുന്നിൽ എത്തിക്കണം. അസുഖമൊക്കെ മാറി ജീവിതത്തിലേക്ക് മടങ്ങി വരുന്നുവെന്ന് അറിഞ്ഞപ്പോൾ ഏറെപ്പേരും ചോദിച്ചത് എന്നാണ് സ്ക്രീനിൽ കാണാൻ കഴിയുക എന്നാണ്. അവരോടൊക്കെ ശരണ്യ പറയുന്നത് അധികം വൈകാതെ കാണാമല്ലോ എന്നാണ്. 'ഞാനെങ്ങും പോയിട്ടില്ല, ഇവിടെ തന്നെയുണ്ട്, അഭിനയിക്കാൻ എനിക്കിപ്പോഴും കൊതിയാണ്. എന്നെ വിളിച്ചാൽ, നല്ല കാരക്ടർ കിട്ടിയാൽ തീർച്ചയായും അഭിനയിക്കും. അഭിനയിക്കാൻ ആഗ്രഹമുള്ളപ്പോഴെല്ലാമാണല്ലോ അസുഖം വന്നത്. പുതിയ ആൾക്കാരൊക്കെ വന്ന് അഭിനയിച്ചു പോകട്ടെ. ഞാൻ ഇവിടെ തന്നെയുണ്ടാകും. ഇനിയും അഭിനയിക്കാമല്ലോയെന്ന വിശ്വാസം എനിക്കുണ്ട്.""ശരണ്യയുടെ വാക്കുകൾ. ഈ ആത്മവിശ്വാസവും ധൈര്യവും മാത്രം മതി ശരണ്യയ്ക്ക് തിരികെ വരാൻ. ഇനിയും ഒരുപാട് കാര്യങ്ങൾ ചെയ്യേണ്ടതായിട്ടുണ്ട്. അവളുടെ ആരോഗ്യം പൂർണമായും തിരിച്ചു പിടിക്കണം. അതുപോലെ ശരീരഭാരവും കുറയ്ക്കണം. പതിയെ പതിയെ ഇപ്പോൾ കുറച്ചു കൊണ്ടിരിക്കുകയാണ്. അവളെ അധികം വൈകാതെ സ്ക്രീനിൽ കാണാമെന്ന പ്രതീക്ഷയിലാണ് ഞങ്ങളും - സീമ പറഞ്ഞു നിറുത്തി.