
ലക്‌നൗ: ഹാഥ്റാസ് പെൺകുട്ടിയുടെ സുരക്ഷ തങ്ങളുടെ ഉത്തരവാദിത്വമാണെന്ന് യു.പി സർക്കാർ സുപ്രീംകോടതിയിൽ. പെൺകുട്ടിയുടെ വീട്ടിൽ ത്രിതല സുരക്ഷ ഏർപ്പെടുത്തിയിട്ടുണ്ട്. സുരക്ഷ വർദ്ധിപ്പിക്കുന്നതിന്റെ ഭാഗമായി സിസിടിവി ക്യാമറകൾ ഗ്രാമത്തിലെ വഴികളിൽ സ്ഥാപിച്ചു. പെൺകുട്ടിയുടെ കുടുംബത്തിലെ വനിതകളുടെ സുരക്ഷയ്‌ക്കായി പ്രത്യേക വനിത പൊലീസിനെയും നിയോഗിച്ചിട്ടുണ്ടെന്ന് സർക്കാർ കോടതിയെ അറിയിച്ചു.
കേസ് അന്വേഷിക്കുന്ന സി.ബി.ഐ പെൺകുട്ടിയുടെ കുടുംബത്തിലെ മൂന്ന് പേരുടെ മൊഴി ഇന്ന് രേഖപ്പെടുത്തും. പെൺകുട്ടിയുടെ അച്ഛന്റെയും സഹോദരന്റെയും മൊഴികൾ ഇപ്പോൾ സി.ബി.ഐ താൽക്കാലിക അന്വേഷണ ഓഫീലെത്തിച്ച് രേഖപ്പെടുത്തുകയാണ്.
അതേസമയം അലഹബാദ് ഹൈക്കോടതിയിൽ യു.പി സർക്കാർ കേസ് അന്വേഷണത്തെ കുറിച്ച് നൽകിയ വിശദീകരണത്തിൽ തൃപ്‌തിയില്ലെന്ന് ഹൈക്കോടതി അറിയിച്ചു. ഹാഥ്‌റാസിൽ ജില്ല പൊലീസ് അധികാരിക്കെതിരെ അച്ചടക്ക നടപടിയെടുത്ത സർക്കാർ എന്തുകൊണ്ട് ജില്ല മജിസ്‌ട്രേറ്റിനെതിരെ നടപടിയൊന്നും കൈക്കൊണ്ടില്ലെന്ന് ഹൈക്കോടതി ആരാഞ്ഞു. ഹൈക്കോടതിയിലെ ലഖ്‌നൗ ബെഞ്ചാണ് ഇത്തരത്തിൽ ചോദ്യം ഉന്നയിച്ചത്. കേസുമായി നേരിട്ട് ബന്ധമില്ലാത്തയാൾ അതിനെ കുറിച്ച് അഭിപ്രായം പറയുന്നത് ശരിയാണോ എന്ന് നിയമ പരിപാലന ചുമതലയുളള അഡീഷണൽ ഡയറക്‌ടർ ജനറലിനോട് കോടതി ആരാഞ്ഞു. അഡീഷണൽ ഡയറക്‌ടർ ജനറലായ പ്രശാന്ത് കുമാർ പീഢനം നടന്നതിന് തെളിവില്ലെന്ന് മുൻപ് പരസ്യമായി അഭിപ്രായപ്പെട്ടിരുന്നു.