swapna-suresh-pinarayi

തിരുവനന്തപുരം: സ്വപ്ന സുരേഷിനെ നേരത്തെ അറിയാമെന്ന് മുഖ്യമന്ത്രി ഇന്നലെ വെളിപ്പെടുത്തിയത് അന്വേഷണ ഏജൻസികൾ എപ്പോൾ വേണമെങ്കിലും തന്റെയടുത്ത് എത്താം എന്ന തിരിച്ചറിവിലായിരിക്കാമെന്ന് കെ.പി.സി.സി വൈസ് പ്രസിഡന്റ് ശൂരനാട് രാജശേഖരൻ.ഇതുവരെ ഓർമ ഇല്ല എന്ന സ്ഥിരം പല്ലവിയിൽ നിന്ന് മുഖ്യമന്ത്രി മാറിയത് ആരുടെ ഉപദേശപ്രകാരമാണെന്നും അദ്ദേഹം ചോദിക്കുന്നു.

പ്രളയ ഫണ്ട് സമാഹരണത്തിന് ശിവശങ്കരനും സ്വപ്നയും മുഖ്യമന്ത്രിയോടൊപ്പം ഗൾഫ് സന്ദർശനങ്ങളിൽ ഉണ്ടായിരുന്നു എന്നുള്ള വാർത്തകൾ പുറത്ത് വരുന്നു. ഫണ്ട് സമാഹരണത്തിലെ വിദേശയാത്ര സംബന്ധിച്ച് ഡോ.എം.കെ.മുനിർ മുഖ്യമന്ത്രിയോട് 2018 ആഗസ്ത് 12 ൽ ചോദിച്ച നിയമസഭ ചോദ്യത്തിന് ഉത്തരം നൽകാത്തത് മുഖ്യമന്ത്രിക്ക് ഒരു പാട് കാര്യങ്ങൾ മറയ്ക്കാനുണ്ട് എന്നതിന്റെ പ്രത്യക്ഷ തെളിവാണെന്നും അദ്ദേഹം കുറിപ്പിലൂടെ വിമർശിക്കുന്നു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം

സ്വപ്ന സുരേഷിനെ എനിക്ക് നേരത്തെ അറിയാം ,അവർ എന്നെ കാണാൻ വന്നിട്ടുണ്ട്, ശിവശങ്കരനെ അവർക്ക് പരിചയപ്പെടുത്തി കൊടുത്തത് ഓർമയില്ല ചിലപ്പോൾ ശിവശങ്കരനെ ബന്ധപ്പെടാൻ പറഞ്ഞിരിക്കാം തുടങ്ങിയ വെളിപ്പെടുത്തലുകൾ മുഖ്യമന്ത്രി ഇന്നലെ നടത്തിയത് അന്വേഷണ ഏജൻസികൾ എപ്പോൾ വേണമെങ്കിലും തൻ്റെയടുത്ത് എത്താം എന്ന തിരിച്ചറിവിൽ.
ഇതു വരെ എനിക്കറിയില്ല, ഓർമ ഇല്ല എന്ന സ്ഥിരം പല്ലവിയിൽ നിന്ന് മുഖ്യമന്ത്രി മാറിയത് ആരുടെ ഉപദേശപ്രകാരമാണ്? പ്രളയ ഫണ്ട് സമാഹരണത്തിന് ശിവശങ്കരനും സ്വപ്നയും മുഖ്യമന്ത്രിയോടൊപ്പം ഗൾഫ് സന്ദർശനങ്ങളിൽ ഉണ്ടായിരുന്നു എന്നുള്ള വാർത്തകൾ പുറത്ത് വരുന്നു. ഫണ്ട് സമാഹരണത്തിലെ വിദേശയാത്ര സംബന്ധിച്ച് ഡോ.എം.കെ.മുനിർ മുഖ്യമന്ത്രിയോട് 2018 ആഗസ്ത് 12 ൽ ചോദിച്ച നിയമസഭ ചോദ്യത്തിന് ഉത്തരം നൽകാത്തത് മുഖ്യമന്ത്രിക്ക് ഒരു പാട് കാര്യങ്ങൾ മറയ്ക്കാനുണ്ട് എന്നതിൻ്റെ പ്രത്യക്ഷ തെളിവാണ്. നക്ഷത്ര ചിഹ്നമിടാത്ത ചോദ്യം നമ്പർ 3786 ന് ഇതുവരെ ഉത്തരം ലഭിച്ചിട്ടില്ലെന്ന് നിയമസഭ വെബ്സൈറ്റിലെ ചോദ്യോത്തരങ്ങൾ പരിശോധിച്ചാൽ മനസിലാകും.ചോദ്യം ഇങ്ങനെ;
(എ) നവകേരള നിർമാണത്തിനായി ഫണ്ട് സമാഹരിക്കാൻ മുഖ്യമന്ത്രി നടത്തിയ ഗൾഫ് രാജ്യ സന്ദർശനങ്ങളിൽ എത്ര അംഗങ്ങൾ അദ്ദേഹത്തിൻ്റെ സംഘത്തിലുണ്ടായിരുന്നു?
( ബി ) വിമാന ടിക്കറ്റ്, താമസ ചെലവ്, യാത്രാബത്ത തുടങ്ങിയ വിവിധയിനങ്ങളിൽ മുഖ്യമന്ത്രിയുടെയും സംഘത്തിൻ്റെയും ചെലവിന് സർക്കാരിൽ നിന്ന് എത്ര തുക വിനിയോഗിച്ചിട്ടുണ്ട്?
( സി ) മുഖ്യമന്ത്രിയുടെയും സംഘത്തിൻ്റെയും ഗൾഫ് പര്യടനത്തെ തുടർന്ന് കേരളത്തിൻ്റെ പ്രളയാനന്തര പുനരുദ്ധാരണ പ്രവർത്തനങ്ങൾക്ക് എത്ര തുകയുടെ വാഗ്ദാനം ലഭിച്ചുവെന്ന് വ്യക്തമാക്കാമോ?
(ഡി ) തുക കൈമാറിയ വ്യക്തികൾ/ സ്ഥാപനങ്ങൾ ആരൊക്കെ എന്ന് അറിയിക്കാമോ, വാഗ്ദാനം നൽകിയിട്ടുള്ള സംഘടനകൾ / വ്യക്തികൾ ആരൊക്കെ എന്ന് വിശദമാക്കാമോ?