
വിശ്വാസികളുടെ അതീവപവിത്രമായ ഗുരുദോംഗ്മാറിലൂടെ പ്രകൃതിയെ തൊട്ടുകൊണ്ടുള്ള യാത്ര. യോഗാത്മകതയുടെപ്രശാന്തി നിറഞ്ഞുനിൽക്കുന്ന ഒരപൂർവ അനുഭവം...
സമുദ്രനിരപ്പിൽ നിന്ന് 17,800 അടി ഉയരത്തിൽ സ്ഥിതിചെയ്യുന്ന ഇന്ത്യയിലെ ഏറ്റവും ഉയരമുള്ള ഈ തടാകം, ലോകത്തിലെത്തന്നെ ഏറ്റവുമുയരത്തിൽ സ്ഥിതി ചെയ്യുന്ന തടാകങ്ങളിൽ ഒന്നാണ്. 290 ഏക്കറാണ് വിസ്തീർണം. ബുദ്ധമതവിശ്വാസികളുടെ അതീവ പവിത്രമായ ഒരു സ്ഥാനമാണ് ഈ തടാകം. യോഗാത്മകതയുടെ പ്രശാന്തി നിറഞ്ഞുനിൽക്കുന്ന ഒരപൂർവ അനുഭവം. പ്രകൃതിയുടെ വിശാലമായ കാൻവാസിൽ ഒരനുഗ്രഹീത ചിത്രകാരൻ വരച്ച സമാനതകളില്ലാത്ത വർണവിസ്മയം പോലെ മനോഹരം. തടാകവും അതിനു ചുറ്റുമുള്ള മഞ്ഞുമൂടിയ പർവത മുടികളും. അവിടുത്തെ ആകാശത്തിന് അത്യാകർഷകമായ ഒരപൂർവ നീലനിറമാണ്. തടാകത്തിലെ സ്ഫടിക ജലത്തിൽ ആ നിറത്തിന്റെ പ്രതിഫലനം പ്രകടം. ചുറ്റോടു ചുറ്റും അകലങ്ങളിലായി, കാവൽ നിൽക്കുന്നത് ഗിരി ശിഖരങ്ങളിൽ മഞ്ഞു പാളികൾ മകുടം ചാർത്തിയ ഹിമാലയം. സൂര്യപ്രകാശത്തിൽ മഞ്ഞുമലകൾ വെട്ടിത്തിളങ്ങുന്ന ഒക്ടോബറിലെ ഒരു തെളിഞ്ഞ പ്രഭാതമായിരുന്നു അത്. പർവതസാനുവിലൂടെ അപകട ഭീതിയോടെയുള്ള യാത്ര നൽകിയ ക്ഷീണം ഈ ദർശനത്തിൽ അലിഞ്ഞില്ലാതാകും. പ്രാർത്ഥനാ പൂർണമായി നിൽക്കുന്ന പ്രകൃതി. സസ്യ ലതാദികൾ ഒരു ദിക്കിലും കാണാനില്ല. പക്ഷേ കാറിൽ നിന്നിറങ്ങിയപ്പോൾ ഞെട്ടിപ്പോയി. തണുപ്പിന് ഇത്രയും തണുപ്പോ? കൊടും തണുപ്പ്. മൈനസ് 20 മുതൽ 10 ഡിഗ്രി വരെ സീസൺ അനുസരിച്ച് താപനിലയിൽ വ്യത്യാസം വരും.
സിക്കിമിന്റെ തലസ്ഥാനമായ ഗ്യാംഗ്ടോക്കിൽ നിന്ന് 160 കി.മി. ദൂരമുണ്ട് ഗുരുദോംഗ് മാറിലേക്ക്. കിഴക്കൻ സിക്കിം ജില്ലയിലുള്ള ഗ്യാംഗ്ടോക്കാണ് സിക്കിമിലെ ഏറ്റവും വലിയ പട്ടണവും. 7,096 ചതുരശ്ര കി.മി മാത്രം വലുപ്പമുള്ള സിക്കിമിന്റെ, നാല് ജില്ലകളുടെ കൂട്ടത്തിൽ ഏറ്റവും വിസ്തൃതി കൂടിയ വടക്കൻ സിക്കിമിലാണ് ഗുരുദോംഗ്മാർ. ചൈനയും നേപ്പാളുമായി അതിർത്തി പങ്കിടുന്ന ജില്ലയാണ് വടക്കൻ സിക്കിം, ഇൻഡോ ടിബറ്റൻ അതിർത്തിയിലായതിനാൽ സദാസൈന്യത്തിന്റെ നീയന്ത്രണത്തിലാണ് . 4,226 ച.കി.മി.വിസ്തൃതിയുള്ള ഈ പ്രദേശത്തെ ആകെ ജനസംഖ്യ 43709 മാത്രം. 2000 അടി ഉയരത്തിൽ സ്ഥിതി ചെയ്യുന്ന മംഗൻ ആണ് ഈ ജില്ലയുടെ തലസ്ഥാനം. ഏലത്തിന്റെ ലോകതലസ്ഥാനം എന്ന കീർത്തിയും ' മംഗനു" സ്വന്തം. ഇവിടെ നിന്ന് നോക്കിയാൽ ഉയരത്തിൽ ലോകത്ത് മൂന്നാം സ്ഥാനത്ത് നിൽക്കുന്ന 28,169 അടി ഉയരമുളള കാഞ്ചൻജംഗയുടെ വിദൂര ദൃശ്യം കാണാം. 'മംഗനു" ചുറ്റുപാടുമാണ് ജനങ്ങൾ അധികവും താമസിക്കുന്നത്.
വടക്കൻ സിക്കിമിലെ ഒരു ചെറിയ പട്ടണമാണ് ലാചെൻ. 8838 അടി ഉയരത്തിൽ. ഗ്യാംഗ് ടോക്കിൽ നിന്ന് 129 കി. മി. യാത്രചെയ്ത് ലാചെനിൽ വന്നു രാത്രി തങ്ങിയിട്ടു വെളുപ്പിനെയാണ് ഞങ്ങൾ 30 കി.മി. യാത്ര ചെയ്തു ഗുരുദോംഗ് മാറിലേക്ക് പോയത്. മനം മയക്കുന്ന ഒരു സൗന്ദര്യ ഭൂമിയിലൂടെയാണു യാത്ര. പർവത പ്രദേശമായതിനാൽ ജനവാസം തീരെ കുറവ്, അധികമാരും കടന്നു ചെല്ലാത്ത പ്രദേശം. ഉയർന്ന പർവതങ്ങളിൽക്കാണുന്ന സവിശേഷമായ ആൽപൈൻ, സമ്പന്നമായ സസ്യജാല സമൃദ്ധിയുടെ വന്യ മനോഹാരിത വർണ്ണനാതീതമാണ്, 3000 മുതൽ 5000അടി വരെയാണ് ആൽപൈൻ. അതിനു താഴെ സമശീതോഷ്ണ കാലാവസ്ഥയിൽ വളരുന്ന സസ്യങ്ങളാണ് കാണുന്നത്. ജൈവവൈവിദ്ധ്യത്തിന്റെ ഒരു പറുദീസയാണ് സിക്കിം. 6000 അടിയിലധികം ഉയരമുളള വടക്കൻ പർവതശൃംഗങ്ങൾ ടുന്ദ്ര എന്നറിയപ്പെടുന്ന ധ്രുവമേഖലാ മരുപ്രദേശങ്ങളാണ്.
പർവതത്തിന്റെ കുത്തനെയുള്ള ചരിവുകളിൽ മണ്ണിടിച്ചിൽ അതിസാധാരണമാണ്. 5000ത്തോളം അടി ഉയരത്തിൽ നിന്ന് ഇടിഞ്ഞു വീണ സുദീർഘമായ ചാലുകൾ കാണാം. കുത്തനെയുള്ള ചരിവിന്റെ ഭാഗമായ റോഡും പാലങ്ങളും ഇതിനൊപ്പം താഴ്വരയുടെ അഗാധതയിലേക്ക് അടർന്നു പോയിരിക്കുന്ന കാഴ്ചയും കാണാം. മഴ കൊണ്ടും മഞ്ഞുരുകുന്നത് കൊണ്ടും ഇങ്ങനെ സംഭവിക്കാറുണ്ട്. റോഡുകൾ അടർന്നു പോകുന്നതും വളരെ സാധാരണമാണ്. ആർമിയുടെ മേൽ നോട്ടത്തിലാണ് റോഡുകൾ. എത്ര വലിയ കേടുപാടുകൾ സംഭവിച്ചാലും വളരെ പെട്ടെന്ന് മണിക്കൂറുകൾക്കകം, ആർമിയും തദ്ദേശ വാസികളും ചേർന്ന് യാത്രക്ക് പര്യാപ്തമാകുന്നത്, സിക്കിമിലെ നാല് ജില്ലകളിലും നേരിട്ടനുഭവിച്ചു.

ആകാശത്തുനിന്നു ഭൂമിയിൽ നേരിട്ട് പതിക്കുന്നത് പോലെ, ഉയർന്ന മലമുടികളിൽ നിന്ന് താഴേക്കൊഴുകുന്ന വെള്ളി നാട പോലെ വെയിലിൽ തിളങ്ങുന്ന എണ്ണമറ്റ വെള്ളച്ചാട്ടങ്ങളും കണ്ണിനു വിരുന്നൊരുക്കും.സിക്കിമിന്റെ തൊട്ടുതെക്കുഭാഗത്ത് കിടക്കുന്ന ഇന്ത്യൻ സംസ്ഥാനമായ പശ്ചിമ ബംഗാൾ സിക്കിമിലേക്കും ഭൂട്ടാനിലേക്കും നേപ്പാളിലേക്കും കരമാർഗം സഞ്ചരിക്കുന്നവർക്ക് ഒരു പൊതു കവാടമാണ്. പശ്ചിമ ബംഗാളിലെ ബാഗ്ദോഗ്രയിൽ വിമാനമിറങ്ങിയിട്ട്, സിക്കിമിന്റെ തലസ്ഥാനത്തേക്ക് എൻ എച്ച് 10 ലൂടെ ഇരു പുറവുമുള്ള ഹരിത സമൃദ്ധിയാസ്വദിച്ചു 125 കി. മി. യാത്ര, ഒരു നാല് മണിക്കൂർ. ഏറ്റവുമടുത്തുള്ള റെയിൽവേ സ്റ്റേഷൻ ജൽപ്യാഗുരിയാണ്. അവിടെ നിന്നും ഗ്യാംഗ്ടോക്കിലെത്താൻ156 കി. മി. , 5 മണിക്കൂറോളം സമയം.13000 അടി ഉയരത്തിൽസ്ഥിതി ചെയ്യുന്ന താൻഗു താഴ്വരയാണ് ലാച്ചെനും ഗുരുദോംഗ്മാറിനും ഇടയ്ക്കുള്ള ഗ്രാമം. ഒക്ടോബറിൽ താൻഗു താഴ്വരയെ മഞ്ഞുപാളികൾ മൂടിത്തുടങ്ങിയിരുന്നു. എങ്കിലും അതൊന്നും കാര്യമാക്കാതെ താഴ്വരയിലൂടെ സിക്കിമിന്റെ സൗഭാഗ്യമായ ടീസ്ടാ നദി ശാന്തമായി ഒഴുകിക്കൊണ്ടിരുന്നു മാർച്ച് വരെ താൻഗു മഞ്ഞിന്റെ കട്ടിക്കമ്പിളി പുതച്ചു കിടക്കുമെന്നു ഞങ്ങളുടെ സിക്കിംകാരനായ ഡ്രൈവർ പവൻ സുബ്ബ പറഞ്ഞു. പക്ഷേ മേയ് മാസമാകുമ്പോഴേക്കും കഥയാകെ മാറും. കണ്ണടച്ച് തുറക്കുമ്പോഴേക്കും പ്രകൃതിയിലെ ഇന്ദ്രജാലക്കാരൻ ഒരു മാന്ത്രികപ്പീലിയുഴിഞ്ഞു, പൂക്കൾ കൊണ്ടവിടമാകെ നിറങ്ങളുടെ ഒരത്ഭുത ലോകം തീർക്കുമത്രേ.
അവിടുത്തെ ചെറിയ ഹോട്ടലിൽ നിന്നും കിട്ടുന്ന ചൂട് നൂഡിൽസാണ് ഗുരുദോംഗ് മാറിലെ കൊടും തണുപ്പിലേക്കിറങ്ങാൻ സഞ്ചാരികൾക്കുള്ള ഒരു തയ്യാറെടുപ്പ്. ഹോട്ടലിന്റെ ഇടുങ്ങിയ മുറിയുടെ മദ്ധ്യത്തിൽ മേൽക്കൂരയ്ക്കു മുകളിലേക്കുയർന്നു നിൽക്കുന്ന വലിയ പുകക്കുഴലുള്ള ഒരു പ്രത്യേകതരം വിറകു ചൂളയുണ്ട്. ചായ തിളക്കുന്നത് വരെ ചുറ്റുമിരിക്കുന്ന സഞ്ചാരികൾക്ക് ചെറിയ ആശ്വാസത്തിന്റെ ചൂട് ലഭിക്കും.
ഇത്ര വലിയ തണുപ്പിലും ഈ തടാകത്തിലെ ജലം ഐസായി മാറാത്തതിനെക്കുറിച്ച് തർക്ക വിഷയമായ പല പുരാ വൃത്തങ്ങളും കേട്ടു. ടിബറ്റിൽ ബുദ്ധമതം സ്ഥാപിച്ച റിമ്പോച്ചേ എന്നറിയപ്പെടുന്ന 'ഗുരു പദ്മസംഭവ" ടിബറ്റിൽ നിന്ന് മടങ്ങിപ്പോരുമ്പോൾ അവിടുത്തെ ഗോത്ര വർഗക്കാർ തണുപ്പ് കാലത്ത് ജലം നൽകണമെന്നപേക്ഷിച്ചപ്പോൾ അദ്ദേഹം തന്റെ കൈ കൊണ്ടു ജലത്തിൽ സ്പർശിച്ചതു മുതലാണ്, എന്നൊരു പക്ഷം ഇതേ കഥയുടെ മറ്റൊരു പാഠഭേദം, പതിനഞ്ചാം നൂറ്റാണ്ടിൽ ഈ വഴി വന്ന സിക്ക് ഗുരുവായ ഗുരുനാനാക്ക് അദ്ദേഹത്തിന്റെ വടി കൊണ്ട് സ്പർശിച്ചതു മൂലമാണെന്നാണ്. അതെന്തായാലും ഒരമൂല്യതീർത്ഥമായി സഞ്ചാരികളിൽ പലരും അവിടെ നിന്നും ഓരോ കുപ്പി വെള്ളവുമായി മടങ്ങുന്നു. സമുദ്രനിരപ്പിൽ നിന്നും ഇത്രയും ഉയർന്ന പ്രദേശത്ത് ഓക്സിജൻ കുറവായിരിക്കുമല്ലോ എന്നു മനസിൽ തോന്നിയ സാമാന്യയുക്തി ശരിയാണെന്ന് ബോദ്ധ്യപ്പെട്ടു. പത്ത് ദിവസത്തെ ഞങ്ങളുടെ സിക്കിം ടൂർ ചാർട്ട് ചെയ്ത സുഹൃത്തിന്റെ മകൾ ശ്രീക്കുട്ടിക്ക് പെട്ടെന്ന് ശ്വാസതടസം അനുഭവപ്പെട്ടപ്പോൾ മലയാളിയായ ഗോപകുമാറെന്ന ഒരു ആർമി ഉദ്യോഗസ്ഥൻ സഹായത്തിനെത്തിയത് മറക്കാൻ കഴിയില്ല. തിരികെപോരുമ്പോൾ തൊട്ടടുത്ത പട്ടാളക്യാമ്പിൽ വച്ച് ഓക്സിജൻ തന്നപ്പോഴാണ് എനിക്കും ശ്വാസം നേരെയായത്. അതിർത്തിയിൽ നിന്നും അഞ്ചുകിലോമീറ്റർ മാത്രം ദൂരമുള്ള ഗുരുദോംഗ് മാറിലേക്കുള്ള വഴിയിൽ നിരവധി പാട്ടാള ക്യാമ്പുകൾ കണ്ടു. ആ കൊടുംതണുപ്പിൽ രാജ്യസുരക്ഷയ്ക്ക് വേണ്ടി ജാഗരൂകരായി നിൽക്കുന്നു നമ്മുടെ പട്ടാളക്കാർ.
(ലേഖികയുടെ ഫോൺ: 9495120695)