eee

വളരെ പതിയെയാണ് അവൾ തകരവാതിലുകൾ തുറന്നത്. അകത്ത് ഇരുളടഞ്ഞ ഇടത്ത് ഒരു കയറ്റു കട്ടിലിൽ അമ്മ കിടക്കുന്നുണ്ട്. പണിസ്ഥലത്ത് കുഴഞ്ഞു വീണതാണ്. ആറുമാസമായി ഇടതു കയ്യും കാലും തളർന്ന് ഒരെയൊരു കിടപ്പ്. അവൾ അമ്മയെ വിളിച്ചുണർത്തി. സ്വാമിനാഥനും കാജലും അമ്മയെ താങ്ങി ഇരുത്തി. സ്വാമിനാഥൻ ആ അമ്മയുടെ മൂത്തമകനാണ് കാജൽ മകളും. പണി കഴിഞ്ഞു പോരുമ്പോൾ മരുന്നും പഴങ്ങളും മറ്റുഅത്യാവശ്യ സാധനങ്ങളും അവർ വാങ്ങിക്കൊണ്ടു വരും.

''അമ്മേ ഇന്നിപ്പോൾ പനിയൊന്നുമില്ല.""

കാജൽ അമ്മയുടെ നെറ്റിയിൽ കൈവച്ച് പറഞ്ഞു.

''ശരിയാ മോളേ ഇന്ന് എനിക്ക് നല്ല ആശ്വാസം ഉണ്ട്.""

ഞാൻ പതിയെ എഴുന്നേറ്റിരുന്നു. ഇനി ഒരു ഊന്നുവടി കൂടി കിട്ടിയാൽ ഒന്ന് നടക്കാമായിരുന്നു. അമ്മ ആഗ്രഹം അറിയിച്ചു ഈ സമയം അവൾ കാപ്പി ഉണ്ടാക്കൻ പോയി. മണ്ണെണ്ണ സ്റ്റൗവിന്റെ മുരണ്ടുകൊണ്ടുള്ള ഇരമ്പൽ തകര ഷെഡിന് പുറത്തു കേൾക്കാം. കാജൽ കാപ്പിയും പഴവും അമ്മയ്‌ക്ക് കൊടുത്തു. കുറെ കഴിഞ്ഞപ്പോൾ സ്വാമിനാഥൻ പുറത്തുനിന്ന് വിളിച്ചു ചോദിച്ചു. അവർ രണ്ടുപേരും കൂടി അമ്മയെ ഇരുളിലൂടെ ലോക്കോഷെഡ്ഡിന് പുറകിലെ ഒഴിഞ്ഞ പറമ്പിൽ കൊണ്ടുപോയി കസേരയിലിരുത്തി. കുറച്ചു മാറി കാജലും ഇരുന്നു. മറ്റു സൗകര്യം ഇല്ലാത്തവർ ഇതിന് വെളിം പറമ്പുകൾ ആണ് ഉപയോഗിക്കുന്നത്. വൈകിട്ട് എട്ടു മണിക്ക് ശേഷവും പുലർച്ചെ ആറു മണിക്ക് മുമ്പും ആകണം എന്ന് മാത്രം. ഏതാണ്ട് ഇരുപതുവർഷമായി ഇവിടെ ഈ ഷെഡ്ഡിൽ വന്നിട്ട്. അന്ന് ഹരിഹര അയ്യർ സാർ ചീഫ് എൻജിനീയറായി ഇരുന്ന കാലം. അദ്ദേഹത്തിന്റെ വീട്ടിലെ ജോലിക്കാരനായി.

ഒരു പച്ച മലയാളിയായ നാരായണൻ നമ്പീശൻ. പാലക്കാട്ടുകാരൻ. വീട്ടിൽ നിന്നും പുറപ്പെട്ടു പോന്നതാണ് ഒരു പണി അന്വേഷിച്ച് വന്നുപെട്ടത് സാക്ഷാൽ ഹരിഹര അയ്യരുടെ മുന്നിൽ അദ്ദേഹത്തിന്റെ ഭസ്‌മം പൂശിയ വിശാലമായ നെറ്റിത്തടം. നടുവിലായി നീളത്തിൽ ഒരു ചന്ദന രേഖ.നല്ല വിടർന്ന കണ്ണുകൾ, വെറ്റിലമുറുക്കി ചുവപ്പിച്ച ചുണ്ടുകൾ എപ്പോഴും ഒരു പുഞ്ചിരി തെളിഞ്ഞു നിൽക്കുന്ന മുഖം അതാണ് അയ്യർ സാർ തികഞ്ഞ ഒരു മനുഷ്യസ്‌നേഹി ചില സന്ദർഭങ്ങളിൽ, ചിലർക്ക് മുന്നിൽ, ചില മനുഷ്യർ ദൈവാവതാരമായി പ്രത്യക്ഷപ്പെടാറുണ്ട്. അദ്ദേഹം നമ്പീശന് കൊടുത്ത വരദാനമാണ് ഈ ഗാങ്മാൻ മാൻ ജോലിയും കയറി കിടക്കാൻ ഈ തകര ഷെഡും. നമ്പീശന് ഒരു ജീവിതം കൈവന്നതുപോലെ. ഒരു വൈകുന്നേരം ട്രാക്കിലെ പണി കഴിഞ്ഞ ഫിഷ്‌ ബോൾട്ട് സ്‌പാനറും പിടിച്ചു ക്ഷീണിച്ച് ഷെഡിലേക്ക് പോകുമ്പോഴാണ് ഇന്ദുമതി കാലിൽ പിണഞ്ഞത്. പിന്നെ ഒന്നും ആലോചിച്ചില്ല അവളുമായി നേരെ ഹരിഹരഅയ്യർ സാറിന്റെ സമക്ഷം ഹാജരായി. ഇന്ദുമതി അവളുടെ കണ്ണ് നനയിക്കുന്ന കഥ മൊഴിഞ്ഞു. ഹരിഹര അയ്യർ സാറിന്റെ കണ്ണ് അവൾ നനയിച്ചു. ഒരു നിമിഷത്തെ ആലോചന. അദ്ദേഹം ആ വരാന്തയിൽ അല്പം നടന്നു ശേഷം അയ്യർ സാറിന്റെ ഉത്തരവ് വന്നു.

''നമ്പീശൻ. നീ ഇവളെയും കൂട്ടിക്കൊണ്ടു നിന്റെ ആ 'വീട്ടിലേ'ക്കു പോകൂ...""

മറിച്ചൊന്നും പറയാതെ ഇന്ദുമതിയും നാരായണൻ നമ്പീശനും അവിടെ ഒന്നാവാൻ തീരുമാനിച്ചു. ഭാഷയും ദേശവും വേഷവും ആചാരങ്ങളും എല്ലാം അവിടെ ഒന്നായി. അങ്ങ് നീണ്ടു സമാന്തരമായി പോകുന്ന പാളങ്ങളിലൂടെ ഒത്തിരി വണ്ടികൾ പാഞ്ഞുപോയികഴിഞ്ഞു. നമ്പീശന്റെ ആ തകര കൂടാരത്തിൽ രണ്ട് പ്രസവങ്ങൾ നടന്നു. ആദ്യത്തേത് കഴിഞ്ഞപ്പോൾ നമ്പീശൻ പറഞ്ഞു. ഇവനെ എന്റെ നാട്ടിലെ ഒരു പേര് ഇട്ടു വിളിക്കണം ഇന്ദുമതിക്ക് പാലക്കാടൻ പേരൊന്നും വശമില്ല ..നമ്പീശൻ മകനെ കയ്യിലെടുത്തു ചെവിയിൽ വിളിച്ചു 'സ്വാമിനാഥൻ' .ഇനി അടുത്തത് നമുക്ക് ഒരു മകളാ…അയാൾ കൂട്ടിച്ചേർത്തു . ഇന്ദുമതി യുടെ മുഖത്ത് നാണം ഇരച്ചുകയറുന്നത് നമ്പീശൻ നോക്കിക്കണ്ടു.. തലകുനിച്ചിരുന്നു ഇന്ദു മതി പറഞ്ഞു, 'അതിന് നമുക്ക് കാജൽ എന്ന് പേരിടാം. അവരുടെ കൂടാരത്തിനു പുറത്ത് വെയിലും മഞ്ഞും മഴയും മാറി മാറി വന്നു പോയിക്കൊണ്ടിരുന്നു. കാജൽ അവളുടെ വീടിനു മുറ്റത്ത് ഒരു ചെറിയ പൂന്തോട്ടം ഉണ്ടാക്കി. ലോക്കോ ഷെഡ്ഡിന് മുന്നിലെ ഉയർന്ന തൂണിൽ ഉള്ള വലിയ വിളക്കിന്റെ ബൾബ് മാറ്റി ഇട്ടപ്പോൾആ വെളിച്ചം കാജലിന്റെ ഉദ്യാനത്തിലും പ്രകാശം പരത്തി.. നിശാശലഭങ്ങൾ മുല്ലപ്പൂക്കളിൽ ഉമ്മ വെച്ച് ക ളിച്ചു.. സ്‌നേഹത്തിന്റെ ഒരു കൂടാരമായി ആ തകര ഷെഡ് മാറി. അന്നൊരു വൈകുന്നേരം നമ്പീശൻ വീട്ടിൽ വന്നു കയറുന്നത് നെഞ്ചുവേദന യോടെയാണ്… സന്ധ്യ ആവുന്നു വേദന കൂടി നമ്പീശൻ കുഴഞ്ഞുവീണു. ആശുപത്രിയിലേക്ക് കൊണ്ടുപോകുംവഴി നമ്പീശന്റെ ആത്മാവ് അവന്റെ തകര കൂടാരത്തിലേക്കു തിരിച്ചുപോന്നു. ആശുപത്രിയിൽ ഡോക്ടർ പറഞ്ഞു അരമണിക്കൂർ മുമ്പ് മരണം സംഭവിച്ചു പോയി. ഹൃദയസ്തംഭനമാണ് മരണകാരണം. ഹരിഹര അയ്യർ സാർ റിട്ടയർ ചെയ്തു . പകരം ഒരു അഭിലാഷ് അറോറ ചാർജെടുത്തു….. ഒരു ദിവസം രാവിലെ അദ്ദേഹം നമ്പീശന്റെ ഷെഡ്ഡിന് മുന്നിൽ വന്ന്'ഇവിടെ ആരാ താമസിക്കുന്നത്' എന്ന് ചോദിച്ചു കൊണ്ട് തകരവാതിലിൽ മുട്ടി… ഇന്ദുമതി പതിയെ പുറത്തേക്ക് വന്നു ഒന്നും പറയാതെ അയാളെ നോക്കി നിന്നു.

''നിങ്ങൾ റെയിൽവേയുടെ സ്ഥലം കയ്യേറി ഇരിക്കുകയാണ് അല്ലേ.?""

അയാളുടെ കണ്ണുകൾ ആർത്തിയോടെ ഇന്ദുമതിയെ ഒപ്പിയെടുക്കുന്നുണ്ടായിരുന്നു.

''ഇനിയും നിനക്ക് ഇവിടെ തുടർന്ന് താമസിക്കണോ?'" ഇന്ദുമതി മറുപടി ഒന്നും പറഞ്ഞില്ല.

''നീ എന്റെ ക്വാർട്ടേസിലേക്ക് വരണം. ഞാൻ എല്ലാം പറഞ്ഞു തരാം.ഇല്ലായെങ്കിൽ നാളെ തന്നെ ഇത് പൊളിച്ചു മാറ്റേണ്ടിവരും.?""ഒരു താക്കീത് നൽകി അയാൾ പോയി. ഇതെല്ലാം കേട്ടുകൊണ്ട് സ്വാമിനാഥനും കാജലും അവരുടെ പൂന്തോട്ടത്തിൽ ഇരിക്കുകയായിരുന്നു. വൈകുന്നേരം ഇന്ദു മതി ക്വാർട്ടേഴ്സിലേക്ക് നടന്നു. അറോറയുടെ കാമക്കൂത്തും കൂടിയാട്ടവും അവളുടെ നെഞ്ചിൽ അരങ്ങേറി. അവൾ സാരി വലിച്ചു നേരെയാക്കി ഒതുക്കി കുത്തുമ്പോൾ 'ഇനി നീ ഒരിക്കലും അവിടം വിട്ടു പോകേണ്ട. നീ അവിടെത്തന്നെ താമസിച്ചോ'......അയാളുടെ മദ്യത്തിൽ പൊതിഞ്ഞ ചിലമ്പിച്ചു ചിതറിയ വാക്കുകൾ അവൾ കേട്ടു . അമ്മ വരുന്നതും കാത്ത് അവർ അവിടെ ഇരിപ്പുണ്ടായിരുന്നു.

''അമ്മ എവിടെ പോയിരുന്നു എന്താ വൈകിയത്?""

അവർ മാറി മാറി ചോദിച്ചു.

''അമ്മ നമ്മുടെ വീടിന്റെ കാര്യം ചോദിക്കാൻ പോയതല്ലേ മോനെ... ഞാൻ കാൽ പിടിച്ചു യാചിച്ചിട്ടുണ്ട്.?"" അമ്മ പറഞ്ഞു നിർത്തിയ ഉടനെ സ്വാമിനാഥൻ എഴുന്നേറ്റ് പറഞ്ഞു.

''വേണ്ട ...അമ്മ ഇനി അവിടെ ഒരിക്കലും പോകണ്ട.?""

''ഇല്ല മോനെ ഒരിക്കലും.""

അവൾ കണ്ണു തുടച്ച് അകത്തേക്ക് കയറിപ്പോയി. ദൂരെ നിന്നു നോക്കിയാൽ പുകഞ്ഞുകൊണ്ടിരിക്കുന്ന ഒരു അഗ്നിപർവതം ആയി തോന്നും ആ വലിയ മാലിന്യകൂമ്പാരം..അതാണ് അവരുടെ പണിയിടം മനം മടുപ്പിക്കുന്ന രൂക്ഷഗന്ധം. ട്രക്കുകളിൽ കൊണ്ടുവന്ന് മാലിന്യം ഇറക്കി കഴിഞ്ഞാൽ പിന്നെ അതിൽ നിന്നും വിൽക്കാൻ പറ്റുന്നതും വീണ്ടും ഉപയോഗിക്കാൻ പറ്റുന്നതും തിരഞ്ഞെടുക്കുക ഇതാണ് രാവിലെ മുതൽ ഉള്ള ജോലി. തടിച്ചുകൊഴുത്ത മദ്യത്തിൽ കുളിച്ചു നടക്കുന്ന ഗംഗാറാം അയാളാണ് അവിടുത്തെ നേതാവ് കൂടാതെ കുറച്ച് ശിങ്കിടികളും. എല്ലാവരുടെയും കയ്യിൽ നീളമുള്ള തടിച്ച ചൂരൽ. പൊരിവെയിലത്ത് തണൽപറ്റി ഇത്തിരി വെള്ളം കുടിക്കാൻ പോലും അനുവാദമില്ല. സ്വാമിനാഥ നും കാജലും ഈ മാലിന്യക്കൂമ്പാരതിൽ നിന്നു വല്ലതുമൊക്കെ പെറുക്കിയെടുത്ത് പുറത്തുകൊണ്ടുപോയി ആക്ക്രിയായി വിൽക്കുമായിരുന്നു .അന്ന് വരുമാനവും മെച്ചമായിരുന്നു മൂന്നു നാലു മാസമായി മാലിന്യകൂമ്പാരം അധോലോകർ കൈയടക്കിയിട്ടു. ഒരു ദിവസം അവൻ കാജലിനെ നോക്കി പറഞ്ഞു.

''നീ ഇവിടുത്തെ റാണി ആണ് കേട്ടോ. റാണിക്ക് എന്താവശ്യമുണ്ടെങ്കിലും എന്നോട് ചോദിച്ചാൽ മതി.

എല്ലാ ദിവസവും നീ പണിക്ക് വരണമെന്നില്ല. ഞാൻ പണം അവിടെ എത്തിച്ചു കൊള്ളാം.""

കാജൽ ഒന്നും കേൾക്കാതെ ഒഴിഞ്ഞു മാറി. മാലിന്യം കയറ്റി വണ്ടികൾ വരുമ്പോൾ അവിടെ അതി ജീവനത്തിനുള്ള മത്സരമാണ്. എല്ലുന്തിയ മനുഷ്യക്കോലങ്ങൾ. പൊരിവെയിലിൽ നീരും രക്തവും വറ്റി കരിഞ്ഞുണങ്ങിയ മരക്കമ്പുകൾ. അവർക്കിടയിൽ ഭക്ഷണം തിരയുന്ന തെരുവ് നായ്‌ക്കൾ. ഉണങ്ങാത്ത മുറിവുകളുമായി ഏന്തി നടക്കുന്ന ബാല്യങ്ങൾ.. എല്ലാവരും എല്ലാം അധോലോകത്തിന്റെ വരയ്‌ക്കുള്ളിൽ. ശബ്ദമില്ലാത്ത ലോകം.മാലിന്യക്കൂമ്പാരങ്ങൾ എരിഞ്ഞുതീരുന്നതു പോലെ ഈ മനുഷ്യക്കോലങ്ങളും എരിഞ്ഞു കെട്ടടങ്ങുന്നു.

അന്ന് ദുർഗാദേവി കോവിലെ പടയണി കോലം കെട്ടിയാട്ടം ആണ്.സന്ധ്യ എടുത്തപ്പോൾ മുതൽ ക്ഷേത്രത്തിലെ മേളങ്ങളും ആരവങ്ങളും കേൾക്കാറായി കത്തിച്ചു ഉയർത്തിപ്പിടിച്ചനെയ് പന്തങ്ങളിൽ നിന്ന് തീജ്വാലകൾ ഉയർന്നു പൊങ്ങും. മുഖ കവചം കെട്ടി ഉറഞ്ഞുതുള്ളുന്ന കോലങ്ങൾപടയണികൾ.. ഇരുള് കറുത്ത കനമുള്ള കമ്പളം പുതച്ച് കിടന്നു കഴിഞ്ഞു. പെട്ടെന്ന് ഷെഡ്ഡിന്റെ വാതിൽ വലിച്ചു തുറന്ന് ഒരു തടിച്ച കറുത്ത രൂപം ഉള്ളിലേക്ക് കയറി അകത്തുനിന്നും പേടിച്ചരണ്ട നിലവിളി കേൾക്കാം. കാജലിന്റെ ഉച്ചത്തിലുള്ള കരച്ചിൽ. ഷെഡ് ആകെ ഇളകിയാടുന്ന പോലെ. പിന്നിൽനിന്ന് സ്വാമിനാഥൻ പാഞ്ഞടുത്തു ..തകര വാതിൽ വലിച്ചുനീക്കി ഇരുമ്പ് ദണ്ഡ് കയ്യിലെടുത്തു. ഈ സമയം ആ കറുത്ത തടിച്ച രൂപം ഷെഡ്ഡിൽ നിന്ന് പുറത്തേക്കോടി. സ്വാമിനാഥൻ പിന്നാലെയും ഇരുളിൽ എന്തോ തകർന്നു ഉടയുന്ന ശബ്ദം കേട്ടു. ദുർഗാദേവിയുടെ ദേവിയുടെ വേഷങ്ങൾ ആടിത്തിമിർക്കുന്ന മേളത്തിൽ ആ ശബ്ദം അലിഞ്ഞുചേർന്നു…. പിന്നിലെ വടവൃക്ഷത്തിൽ നിന്നും കടവാവലുകൾ കൂട്ടത്തോടെ പറന്നു. സ്വാമിനാഥൻ അമ്മയെയും കൊച്ചു പെങ്ങളെയും സമാധാനിപ്പിച്ചു അവർ ചെറിയ ഒരു ഉറക്കത്തിൽ ആയപ്പോൾ അവൻ അവിടെ നിന്ന് പുറത്തേക്കിറങ്ങി .ഷെഡ്ഡിന്റെ മുകളിൽ വിരിച്ചിരുന്ന നീല പ്ലാസ്റ്റിക് ഷീറ്റ് എടുത്ത് ഇരുട്ടിലേക്ക് നടന്നു. അപ്പോൾ വടക്കോട്ടുള്ള അവസാന വണ്ടിയും പോയി കഴിഞ്ഞിരുന്നു .കൂരിരുട്ടിൽ ചെറിയ മിന്നാമിനുങ്ങിന്റെ വെളിച്ചം മാത്രം.രാത്രി അതിന്റെ പകുതി വട്ടം കറങ്ങി കഴിഞ്ഞു. എരിഞ്ഞു കൊണ്ടിരിക്കുന്ന മലിന്യ കൂനയിൽ രാവിലെ തന്നെ പണി തുടങ്ങി. ട്രക്കുകൾ പലതും വന്നു ഗംഗാ റാംന്റെ അനുചരന്മാർ ലാത്തിയും ചൂരലുമായി അണിനിരന്നു .ക്കൂമ്പാരത്തിന് നടുവിൽനിന്ന് മാലിന്യം ഉഴുതു മറിക്കുമ്പോൾ ഒരു ട്രാക്ടർ ഡ്രൈവർ ഭയത്തോടെ ഉറക്കെ വിളിച്ചുപറഞ്ഞു.

''ദാ ഇവിടെ ഒരാൾ കിടക്കുന്നു.""

എല്ലാവരും അങ്ങോട്ട് ഓടി കയറി. സ്വാമിനാഥൻ കാജലിന്റെ കൈപിടിച്ച് സാവധാനം മേലോട്ട് നടന്നു. നീല പ്ലാസ്റ്റിക് ഷീറ്റിൽ പൊതിഞ്ഞ് ഒരു മൃതദേഹം. തല പിളർന്ന് ചോര കട്ട കെട്ടി കറുത്ത മാംസ ഭാഗം പുറത്തേക്ക് വന്നത് പോലെ കിടക്കുന്നു. കാജൽ ചേട്ടന്റെ കണ്ണുകളിലേക്കു നോക്കി. അവൻ അനുജത്തിയുടെ കൈ മുറുകെ പിടിച്ചു നിന്നു. ഹോ ...ഇത് നമ്മുടെ ഗംഗാറാം സാബ് അല്ലേ... കൂടിനിന്നവർ .. പറയുന്നുണ്ട്.

''അതെ ഗംഗാറാം തന്നെ.""

''ഗംഗാറാം മാർഗയാ.""ആരൊക്കെയോ ഉറക്കെ വിളിച്ചു പറഞ്ഞു കൊണ്ടിരുന്നു. കൊച്ചു പെങ്ങൾ കാജലിന്റെ കൈപിടിച്ച് മാലിന്യക്കൂമ്പാരത്തിൽ നിന്നും ഇറങ്ങി നടക്കുമ്പോൾ ഗംഗാ റാം മർഗയാ എന്ന ശബ്ദം സ്വാമിനാഥന്റെ കാതുകളിൽ ഇമ്പമായി അലിഞ്ഞുചേർന്നു.