resort

റിസോർട്ടുകളും ഹോട്ടലുകളും നിർമ്മിക്കുന്നതിനായി കാടുകൾ നശിപ്പിക്കുകയും വന്യ ജീവികളെ ഒഴിപ്പിക്കുകയും ചെയ്യുകയാണ് പതിവ്. എന്നാൽ, പതിവിൽ നിന്നു വ്യത്യസ്തമായി ഒരു അത്യുഗ്രൻ റിസോർട്ട് നിർമ്മിക്കാൻ ആലോചിക്കുകയാണ് ബിൽ ബെൻസ്ലി.
ബാങ്കോക്ക് ആസ്ഥാനമായി പ്രവർത്തിക്കുന്ന പ്രശസ്ത ലാൻഡ്‌സ്‌കേപ്പ് ഡിസൈനറാണ് ബിൽ ബെൻസ്ലി. പ്രകൃതിക്ക് ഇണങ്ങുന്ന രീതിയിൽ വ്യത്യസ്തമായ ഹോട്ടലുകൾ, റിസോർട്ടുകൾ, സ്പാ സെന്ററുകൾ എന്നിവ ബെൻസ്ലി ഡിസൈൻ ചെയ്യും. തെക്കൻ ചൈനയിലെ വുച്ചുവാൻ പ്രദേശത്ത് മൃഗശാല ഉൾപ്പെടുന്ന റിസോർട്ട് പണിയാൻ താല്പര്യപ്പെട്ടവർക്ക് വ്യത്യസ്തമായ ഒരു ആശയം നൽകിയിരിക്കുകയാണ് ബെൻസ്ലി.പുതിയൊരാശയത്തെ തലതിരിച്ചാണ് അദ്ദേഹം ആലോചിച്ചത്. മൃഗങ്ങളെ കൂട്ടിൽ ഇടുന്ന പതിവ് രീതിക്ക് പകരം മനുഷ്യരെ കൂട്ടിലാക്കി എന്തുകൊണ്ട് റിസോർട്ട് നിർമ്മിച്ചുകൂട? കേ‍ൾക്കുന്നവർക്ക് ഇത് കൗതുകമായി തോന്നും എന്നാൽ, ബെൻസ്ലിക്ക് ഇതേപ്പറ്റി കൃത്യമായ ധാരണയുണ്ട്.

ഈ റിസോർട്ടിന് 2400 മുറികളാണുള്ളത്. വംശനാശ ഭീഷണി നേരിടുന്ന മൃഗങ്ങളെ പാർപ്പിക്കുകയാണ് ഈ റിസോർട്ട് നിർമ്മാണത്തിനു പിന്നിലെ പ്രധാന ലക്ഷ്യം. മൃഗങ്ങൾക്ക് അവയുടെ സ്വന്തം ആവാസ വ്യവസ്ഥയിൽ ജീവിക്കാൻ സാധിക്കും. റിസോർട്ടിനെ കുറിച്ചുള്ള ആലോചനകൾ പ്രാരംഭ ഘട്ടത്തിലായിട്ടേയുള്ളു. 2022ഓടെ ഈ റിസോർട്ട് പ്രവർത്തനമാരംഭിക്കുമെന്നാണ് കരുതുന്നത്. ഇതുപോലുള്ള നിരവധി വിചിത്രമായ ആശയങ്ങൾ ബെൻസ്ലി മുമ്പും പ്രാവർത്തികമാക്കിയിട്ടുണ്ട്. കംബോഡിയയിലെ അദ്ദേഹത്തിന്റെ ഷിന്റാ മണി വൈൽഡ് റിസോർട്ടിലെത്താൻ സൗത്ത് കാർഡമം നാഷണൽ പാർക്കിലൂടെ അതിഥികൾ 380 മീറ്റർ സിപ്പ് വയർ വഴി യാത്ര ചെയ്യേണ്ടതുണ്ട്.