
തിരുവനന്തപുരം: കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയെ പുകഴ്ത്തി മുഖ്യമന്ത്രി പിണറായി വിജയൻ. ഏഴു ദേശീയപാത പദ്ധതികളുടെ നിർമാണോദ്ഘാടനവും കഴക്കൂട്ടം -മുക്കോല പാതയുടെ ഉദ്ഘാടനവും നടത്തുന്ന ചടങ്ങിൽ അദ്ധ്യക്ഷത വഹിക്കുമ്പോഴായിരുന്ന ഈ പുകഴ്ത്തൽ. ഏറ്റെടുക്കാൻ കഴിയില്ല എന്നുകരുതിയ ഭൂമി നാട്ടുകാരുടെയെല്ലാം സഹകരണത്തോടെ ഏറ്റെടുത്തു. ഉദ്യോഗസ്ഥതലത്തിലും ഭരണതലത്തിലും ഓരോഘട്ടത്തിലും നടത്തിയ സൂക്ഷ്മമായ ഇടപെടലാണ് ഇത്രവേഗം പദ്ധതി യാഥാർത്ഥ്യമാക്കാൻ സഹായിച്ചത്. നിതിൻ ഗഡ്കരിയെപ്പോലെ ഒരു മന്ത്രി കേന്ദ്രത്തിൽ ഉണ്ടായിരുന്നതും തടസങ്ങൾ പരിഹരിക്കാൻ സഹായകമായെന്ന് മുഖ്യമന്ത്രി പറഞ്ഞു.
പദ്ധതിയുടെ ഉദ്ഘാടനത്തിൽ നിതിൻ ഗഡ്കരി സംസ്ഥാന സർക്കാരിനെയും മുഖ്യമന്ത്രിയെയും അഭിനന്ദനങ്ങൾ കൊണ്ട് മൂടുകയായിരുന്നു. ദേശീയപാത വികസനത്തിൽ കേരള സർക്കാരിന്റെ പ്രകടനം കഴിഞ്ഞ സർക്കാരിനേക്കാൾ മികച്ചതാണെന്ന് പറഞ്ഞ അദ്ദേഹം മുഖ്യമന്ത്രി പിണറായി വിജയന്റെ മികച്ച സഹകരണം മൂലമാണ് ദേശീയപാത ഭൂമി ഏറ്റെടുക്കലുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ പരിഹരിക്കാനായതെന്നും വ്യക്തമാക്കി. കേരളത്തിൽ ഭൂമിയേറ്റെടുക്കലിന് വേണ്ടിവരുന്ന തുക വളരെ കൂടുതലാണ്. പദ്ധതി തുകയുടെ സിംഹഭാഗവും ഇതിനായി വേണ്ടിവരുന്നു.സ്റ്റാമ്പ് ഡ്യൂട്ടി ഇളവ് ചെയ്തും സ്റ്റീൽ, സിമന്റ് തുടങ്ങിയവയ്ക്ക് ജി.എസ്.ടി ഇളവ് നൽകിയും നിർമാണചെലവ് കുറയ്ക്കാൻ സംസ്ഥാന സർക്കാർ സഹകരിക്കണമെന്ന് ഗഡ്കരി അഭ്യർത്ഥിക്കുകയും ചെയ്തു.
കേരളത്തിൽ റോഡ് വികസനത്തിൽ പൊതുസ്വകാര്യ പങ്കാളിത്ത മാതൃക പരീക്ഷിക്കണമെന്ന് ആവശ്യപ്പെട്ട ഗഡ്കരി ഇക്കാര്യത്തിൽ വിശദമായ ചർച്ചകൾക്കായി മുഖ്യമന്ത്രിയെ ഡൽഹിയിലേക്ക് ക്ഷണിക്കുകയും ചെയ്തു.