
കൊച്ചി: തൃശൂർ ആസ്ഥാനമായുള്ള പ്രമുഖ സ്വകാര്യ ബാങ്കായ ധനലക്ഷ്‌മി ബാങ്ക് പുതിയ മാനേജിംഗ് ഡയറക്‌ടർ ആൻഡ് സി.ഇ.ഒയെ തേടി അപേക്ഷ ക്ഷണിച്ചു. മാനേജിംഗ് ഡയറക്‌ടറും സി.ഇ.ഒയുമായിരുന്ന സുനിൽ ഗുർബക്‌സാനിയുടെ നിയമനത്തിന് സെപ്‌തംബർ അവസാനവാരം ചേർന്ന ഓഹരി ഉടമകളുടെ യോഗം അനുമതി നൽകിയിരുന്നില്ല.
റിസർവ് ബാങ്കിന്റെ അനുമതിയോടെ ജി. സുബ്രഹ്മണ്യ അയ്യർ ചെയർമാനും ജി. രാജഗോപാലൻ നായർ, പി.കെ. വിജയകുമാർ എന്നിവർ അംഗങ്ങളുമായുള്ള ഡയറക്‌ടേഴ്‌സ് സമിതിയാണ് നിലവിൽ മാനേജിംഗ് ഡയറക്‌ടറുടെയും സി.ഇ.ഒയുടെയും ചുമതലകൾ വഹിക്കുന്നത്.
മാനേജിംഗ് ഡയറക്‌ടറും സി.ഇ.ഒയുമാകാൻ താത്പര്യമുള്ളവർ ഈമാസം 29നകം അപേക്ഷിക്കണം. ബാങ്കിംഗ് രംഗത്ത് പ്രത്യേകിച്ച് ശാഖാ ഓപ്പറേഷൻസ്, അഡ്‌മിനിസ്‌ട്രേഷൻ, ക്രെഡിറ്റ്, റീട്ടെയിൽ, എസ്.എം.ഇ., ട്രഷറി, റിസ്‌ക് മാനേജ്‌മെന്റ്, പ്ളാനിംഗ് എന്നീ രംഗങ്ങളിൽ വൈദഗ്ദ്ധ്യത്തോടെ കുറഞ്ഞത് 25 വർഷത്തെ പ്രവൃത്തിപരിചയമുള്ളവരാണ് യോഗ്യർ.
അപേക്ഷകർ രണ്ടുവർഷത്തിൽ കുറയാതെ ജനറൽ മാനേജർ അല്ലെെങ്കിൽ അതിനു മുകളിലെ തസ്‌തികകൾ വഹിച്ചവരാകണം. പ്രായപരിധി 52-63. കുറഞ്ഞ വിദ്യാഭ്യാസ യോഗ്യത : ബിരുദം. റിസർവ് ബാങ്കിന്റെ മാനദണ്ഡങ്ങൾ ഉൾപ്പെടെ പാലിച്ചാകും ശമ്പള പാക്കേജ്.