12year-old-boy

ന്യൂയോർക്ക്: പതിനെട്ട് വയസിനും ഇരുപത്തഞ്ച് വയസിനും ഇടയിൽ പ്രായമുള്ളവരാണ് സാധാരണയായി എയ്‌റോസ്‌പേസ് എഞ്ചിനീയറിംഗ് പോലുള്ള വിഷയങ്ങൾ പഠിക്കുക. ഇരുപത്തഞ്ച് വയസിന് മുകളിലുള്ളവരും പഠിക്കാറുണ്ട്. എന്നാൽ വെറുമൊരു പന്ത്രണ്ട് വയസുകാരനായ സ്‌കൂൾ വിദ്യാർത്ഥിക്ക് ഒരു സർവകലാശാലയിൽ ഇത്തരമൊരു വിഷയം പഠിക്കാൻ മതിയായ വൈദഗ്ദ്ധ്യം ഉണ്ടെന്ന് പറഞ്ഞാൽ വിശ്വസിക്കുമോ?

സംഗതി സത്യമാണ്. യു.എസിൽ നിന്നുള്ള കാലെബ് ആൻഡേഴ്സൺ എന്ന 12 വയസുകാരൻ ഒരു സർവകലാശാലയിൽ എയ്‌റോസ്‌പേസ് എഞ്ചിനീയറിംഗ് പഠിക്കുന്ന ലോകത്തിലെ ഏറ്റവും പ്രായം കുറഞ്ഞ വിദ്യാർത്ഥിയാകാൻ ഒരുങ്ങുകയാണ്. ജോർജിയ യൂണിവേഴ്സിറ്റിയിൽ അധികം വൈകാതെ കുട്ടി ചേർന്നേക്കുമെന്നാണ് റിപ്പോർട്ടുകൾ.

കാര്യങ്ങൾ പെട്ടെന്ന് പഠിച്ചെടുക്കാൻ കഴിയുമെന്നതാണ് പന്ത്രണ്ടുകാരനെ വ്യത്യസ്തനാക്കുന്നത്. വളരെ ചെറുപ്പം മുതലേ ആൻഡേഴ്സൺ ഇങ്ങനെയൊരു കഴിവ് പ്രകടിപ്പിക്കാൻ തുടങ്ങിയിരുന്നു. വെറും ഒൻപത് മാസം പ്രായമുള്ളപ്പോൾ അവൻ ആംഗ്യഭാഷയിലൂടെ ആശയവിനിമയം നടത്താൻ തുടങ്ങി.

'ഫസ്റ്റ് ഗ്രേഡ് ക്ലാസിൽ പോയി പഠിച്ചതിനെക്കുറിച്ച് എനിക്ക് നല്ല ഓർമയുണ്ട്. എല്ലാവരും എന്നെക്കാൾ പ്രായമുള്ളവരായിരുന്നു. നിങ്ങൾക്കറിയാമോ അന്ന് എനിക്ക് വെറും രണ്ട് വയസേ ഉണ്ടായിരുന്നുള്ളൂ. കഷ്ടിച്ച് നടക്കാൻ കഴിയുമായിരുന്നു'-പന്ത്രണ്ടുകാരൻ പറഞ്ഞു. അവന്റെ മാതാപിതാക്കളും അവന് യൂണിവേഴ്സിറ്റിയിൽ പഠിക്കാൻ കഴിയണമെന്ന് ഒരുപാട് ആഗ്രഹിക്കുന്നു.