
1. ഇടതുപക്ഷ ജനാധിപത്യ മുന്നണിയുമായി സഹകരിക്കാന്‍ തീരുമാനിച്ചു എന്ന് ജോസ് കെ മാണി. ഈ മാറ്റം കേരള രാഷ്ട്രീയത്തിന്റെ ഗതി നിര്‍ണയിക്കും. കേരള കോണ്‍ഗ്രസിന് നിലവിലുള്ള രാജ്യസഭാ എം.പി സ്ഥാനം രാജിവയ്ക്കും എന്ന് ജോസ് കെ മാണി. ജനകീയ അടിത്തറയുള്ള കേരള ാേകണ്‍ഗ്രസ് പാര്‍ട്ടിക്ക് അവകാശമുള്ളത് ആണ് ഈ സ്ഥാനം. രാഷ്ട്രീയ ധാര്‍മിക ഉയര്‍ത്തിപ്പിടേണ്ടതിനാല്‍ ആണ് ഈ സ്ഥാനം രാജിവയ്ക്കുന്നത്. ജനകീയ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ ആത്മാര്‍ത്ഥമായി താന്‍ പരിശ്രമിച്ചിട്ടുണ്ട്. യു.ഡി.എഫ് കേരള കോണ്‍ഗ്രസിനെ പിന്നില്‍ നിന്ന് കുത്തി. മുന്നണിയില്‍ നിന്ന് പുറത്താക്കിയ അന്ന് മുതല്‍ ഇന്നു വരെ കേരള കോണ്‍ഗ്രസ് എടുത്തത് സ്വതന്ത്ര നിലപാട് എന്ന് ജോസ് കെ മാണി.
2. കെ.എം മാണിയേയും മാണിയുടെ രാഷ്ട്രീയത്തേയും ഒപ്പം നിന്ന ജന വിഭാഗത്തേയും യു.ഡി.എഫ് അപമാനിച്ചു. കോണ്‍ഗ്രസിലെ ചില കേന്ദ്രങ്ങളില്‍ നിന്ന് കടുത്ത അനീതി ആണ് കേരള കോണ്‍ഗ്രസിന് നേരിടേണ്ടി വന്നത്. ഒരു ചര്‍ച്ചയ്ക്ക് പോലും യു.ഡി.എഫ് തയ്യാറായില്ല. കടുത്ത നീചമായ വ്യക്തിഹത്യയാണ് തനിക്ക് എതിരെ പി.ജെ. ജോസഫ് നടത്തിയത് എന്ന് ജോസ് കെ മാണി. കെ.എം. മാണി ചികിത്സയില്‍ ആണ് എന്ന് അറിഞ്ഞതു മുതല്‍ ജോസഫ് കരുനീക്കം ആരംഭിച്ചു. പാലാ ഉപതിരഞ്ഞെടുപ്പ് സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ കടുംപിടിത്തം പിടിച്ചു. മാണിയുടെ ഭവനം പോലും മ്യൂസിയം ആക്കണം എന്ന് പി.ജെ. ജോസഫ് പറഞ്ഞു. കേരള കോണ്‍ഗ്രസ് പാര്‍ട്ടിയെ പുറത്താക്കിയത് ഒരു പഞ്ചായത്തിന്റെ പേരില്‍ മാത്രം. ഒരു രാജ്യത്തും കേട്ടു കേള്‍വി ഇല്ലാത്ത കാര്യമാണിതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
3. ജോസ് കെ മാണിയുടെ ഇടത് മുന്നണി പ്രവേശം സ്വാഗതാര്‍ഹം എന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഇടതുപക്ഷം ശരിയെന്ന് തെളിഞ്ഞു. തുടര്‍ന്നുള്ള കാര്യങ്ങള്‍ മുന്നണി യോഗം ചേര്‍ന്ന് തീരുമാനിക്കും എന്നും മുഖ്യമന്ത്രി. എന്‍.സി.പി രൂപീകൃതം ആയതു മുതല്‍ ഇടതുപക്ഷ ജനാധിപത്യ മുന്നണിയ്‌ക്കൊപ്പമാണ് എന്ന് മാണി സി കാപ്പന്‍. യു.ഡി.എഫുമായി ചര്‍ച്ച നടത്തി എന്ന തരത്തില്‍ പ്രചരിക്കുന്ന വാര്‍ത്തകള്‍ തെറ്റെന്നും പ്രതികരണം. ആഴ്ചകള്‍ നീണ്ട ചര്‍ച്ചകള്‍ക്കൊടുവില്‍ ആണ് ജോസ് കെ മാണി വിഭാഗത്തിനായി എല്‍.ഡി.എഫ് വാതില്‍ തുറന്നത്. മത്സരിക്കേണ്ട സീറ്റുകളുടെ കാര്യത്തില്‍ ജോസ് വിഭാഗവും ഇടതു മുന്നണിയും തമ്മില്‍ ധാരണയായി. കോട്ടയം ജില്ലയില്‍ മാത്രം അഞ്ച് സീറ്റുകള്‍ എല്‍.ഡി.എഫ് ജോസ് വിഭാഗത്തിന് വിട്ടു നല്‍കും. കാഞ്ഞിരപ്പള്ളിയും പാലായും അടക്കമുള്ള സീറ്റുകള്‍ വിട്ടു തരും എന്നാണ് എല്‍ഡിഎഫിന്റെ വാഗ്ദാനം
4. ലൈഫ് മിഷന്‍ അഴിമതിക്കേസില്‍ ഒരാഴ്ചക്കകം വിജിലന്‍സ് അന്വേഷണ പുരോഗതി റിപ്പോര്‍ട്ട് സമര്‍പ്പിക്കും. യുണിടാക്ക് ഉടമ സന്തോഷ് ഈപ്പനെ ഇന്ന് വീണ്ടും ചോദ്യം ചെയ്യും. വടക്കാഞ്ചേരി ലൈഫ് പദ്ധതിയില്‍ ക്രമക്കേട് നടന്നു എന്നാണ് വിജിലന്‍സിന്റെ പ്രാഥമിക നിഗമനം. ലൈഫ് മിഷന്‍ അഴിമതി കേസില്‍ മൊഴികളും രേഖകളും ഏറെ കുറേ വിജിലന്‍സ് ശേഖരിച്ചു കഴിഞ്ഞു. ലൈഫ് മിഷന്‍ സി.ഇ.ഒ യു വി ജോസ്, ലൈഫ ്മിഷനിലെ എഞ്ചിനിയര്‍മാര്‍, വടക്കാഞ്ചേരി നഗരസഭയിലെ ഉദ്യോഗസ്ഥര്‍, മുന്‍ കണ്‍സള്‍ട്ടന്റ് ഹാബിറ്റാറ്റ് ശങ്കര്‍, യുണിടാക്ക് ഉടമ സന്തോഷ് ഈപ്പന്‍, ഇട നിലക്കാരനായി പ്രവര്‍ത്തിച്ച യദു, പണമിടപാട് നടന്ന ബാങ്കിലെ ഉദ്യോഗസ്ഥര്‍ എന്നിവരുടെ മൊഴികളാണ് രേഖപ്പെടുത്തിയത്. സ്വപ്ന സുരേഷ്, സന്ദീപ്, ശിവശങ്കര്‍ എന്നിവരുടെ മൊഴി ഇനി രേഖപ്പെടുത്തേണ്ടതുണ്ട്.
5. കൈക്കൂലി നല്‍കുന്നതിന് മുമ്പ് സ്വപ്നയുടെ നിര്‍ദ്ദേശ പ്രകാരം ശിവശങ്കറിനെ കണ്ടുവെന്നാണ് സന്തോഷ് ഈപ്പന്‍ കേന്ദ്ര ഏജന്‍സികള്‍ക്ക് നല്‍കിയിരുന്ന മൊഴി. സന്തോഷ് ഈപ്പനെ ചോദ്യം ചെയ്ത ശേഷമാകും ശിവശങ്കറിനെ ചോദ്യം ചെയ്യുക. കോടതി അനുമതി ലഭിച്ചാല്‍ സ്വപ്നയുടെയും മൊഴി ദിവസങ്ങള്‍ക്കകം രേഖപ്പെടുത്തും. ഇതിനുശേഷം അന്വേഷണ പുരോഗതി റിപ്പോര്‍ട്ട് വിജിലന്‍സ് ഡയറക്ടര്‍ക്ക് കൈമാറും. വിദേശ സംഭാവന നിയന്ത്രണ ചട്ടത്തിന്റെ ലംഘനമില്ലെന്നും ലൈഫ് ക്രമക്കേടില്‍ വിജിലന്‍സ് അന്വേഷണം മതി എന്നുമാണ് സര്‍ക്കാര്‍ നിലപാട്. ക്രമക്കേട് നടന്നുവെന്ന പ്രാഥമിക നിഗമനത്തിലാണ് വിജിലന്‍സ് എഫ.്‌ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തത്.
6. തൃശൂരിലും പാലക്കാടും ഗുണ്ടാ കേന്ദ്രങ്ങളില്‍ വ്യാപക റെയ്ഡ്. ഓപ്പറേഷന്‍ റേഞ്ചര്‍ എന്ന പേരിലാണ് റെയ്ഡ് നടക്കുന്നത്. തൃശൂര്‍ എ.സി.പിയുടെ നേതൃത്വത്തിലാണ് റെയ്ഡ്. റെയ്ഡില്‍ ആയുധങ്ങള്‍ പൊലീസ് പിടിച്ചെടുത്തിട്ടുണ്ട്. തൃശൂര്‍ സിറ്റി പൊലീസിന് കീഴില്‍ വരുന്ന ഇരുപതോളം സ്റ്റേഷനുകളുടെ പരിധിയിലാണ് റെയ്ഡ് നടക്കുന്നത്. പാലക്കാട് മണ്ണാര്‍ക്കാട്, ഒറ്റപാലം എന്നിവടങ്ങില്‍ റെയ്ഡ് നടന്നു. 335 ഒളിത്താവളങ്ങളില്‍ ആണ് റെയ്ഡ് നടത്തിയത്. പരിശോധനക്ക് വിധേയമായ കുറ്റവാളികളുടെ എണ്ണം 592. 105 പേര്‍ക്കെതിരെ ക്രിമിനല്‍ചട്ടപ്രകാരം കരുതല്‍ നടപടിക്ക് ശുപാര്‍ശ ചെയ്തു
7. തൃശൂര്‍ ജില്ലയില്‍ ഒമ്പത് ദിവസത്തിനിടെ ഏഴ് കൊലപാതകങ്ങള്‍ നടന്നിരുന്നു. ഇതേ തുടര്‍ന്നാണ് റെയ്ഡിന് പൊലീസ് നിര്‍ബന്ധിതര്‍ ആയത്. ജില്ലയില്‍ കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ 158 കൊലപാതകങ്ങളാണ് നടന്നത്. ഇവയില്‍ അമ്പത് ശതമാനത്തിലധികം കേസുകളും സാമൂഹ്യ വിരുദ്ധരും ഗുണ്ടകളും ഉള്‍പ്പെട്ടവയാണ്. ലഹരി വ്യാപാരവും വരുമാനം പങ്കിടുന്നതിലെ തര്‍ക്കങ്ങളുമാണ് മിക്ക ആക്രമണങ്ങള്‍ക്കും പിന്നിലെന്ന് പൊലീസ് പറയുന്നു. പൊലീസ് ചട്ടങ്ങളും നിയമങ്ങളും കാലത്തിനൊത്ത് പരിഷ്‌കരിക്കാത്തത് ഗുണ്ടകള്‍ക്ക് അവസരം ഒരുക്കുന്നു എന്ന് വിദഗ്ദ്ധര്‍ അഭിപ്രായപ്പെടുന്നു.