wpi-inflation

ന്യൂഡൽഹി: കൊവിഡ് കാലത്ത് വിലക്കയറ്റം രൂക്ഷമാകുന്നുവെന്ന് വ്യക്തമാക്കി സെപ്‌തംബറിൽ മൊത്തവില (ഹോൾസെയിൽ) സൂചിക അടിസ്ഥാനമാക്കിയുള്ള നാണയപ്പെരുപ്പം ഏഴ് മാസത്തെ ഉയരത്തിലെത്തി. ആഗസ്‌റ്റിലെ 0.16 ശതമാനത്തിൽ നിന്ന് 1.32 ശതമാനമായാണ് നാണയപ്പെരുപ്പം ഉയർന്നത്. 2019 സെപ്‌തംബറിൽ ഇത് 0.33 ശതമാനമായിരുന്നു.

കഴിഞ്ഞമാസം ഭക്ഷ്യോത്പന്നങ്ങളുടെ മൊത്തവില ആഗസ്‌റ്റിലെ 3.84 ശതമാനത്തിൽ നിന്ന് 8.17 ശതമാനത്തിലേക്ക് ഉയർന്നതാണ് പ്രധാന ആശങ്ക. ധാന്യങ്ങൾ, പച്ചക്കറികൾ എന്നിവയുടെ വില കുതിക്കുകയാണ്. ഉരുളക്കിഴങ്ങ് വില 107.63 ശതമാനം ഉയർന്നു. എന്നാൽ, സവാളവിലപ്പെരുപ്പം നെഗറ്റീവ് 31.64 ശതമാനമായത് ആശ്വാസമായി.

റിസർവ് ബാങ്ക് മുഖ്യ പലിശനിരക്ക് പരിഷ്‌കരണത്തിന് പ്രധാന മാനദണ്ഡമാക്കുന്ന റീട്ടെയിൽ നാണയപ്പെരുപ്പം കഴിഞ്ഞമാസം 8 മാസത്തെ ഉയരമായ 7.34 ശതമാനത്തിൽ എത്തിയിരുന്നു. സമീപഭാവിയിലെങ്ങും പലിശനിരക്ക് താഴ്‌ത്താൻ റിസർവ് ബാങ്ക് തയ്യാറാവില്ലെന്ന് വ്യക്തമാക്കുന്നതാണ് ഈ കുതിപ്പ്.