
ദുബായ്: യാത്രക്കാരുമായി വെളളത്തിലേക്ക് വീണ കാർ മുങ്ങിത്താഴുന്നു. നിമിഷങ്ങൾക്കകം കാർ പൂർണമായും മുങ്ങും. ഉളളിലുളളവർ ജീവനായി പിടിയുന്നു. സംഭവം കണ്ട് ചിലർ എത്തിയെങ്കിലും അവർക്ക് ഒന്നും ചെയ്യാനാകുന്നില്ല. ഇതിനിടെ വിവരമറിഞ്ഞ് പൊലീസ് പാഞ്ഞെത്തി. പിന്നെല്ലാം കണ്ണടച്ചുതുറക്കും വേഗത്തിലായിരുന്നു. മുങ്ങൽ വിദഗ്ദ്ധർ ഉൾപ്പടെയുളളവർ നിമിഷങ്ങൾക്കകം സ്ഥലത്തെത്തി. കാറിൽ അകപ്പെട്ടവരെ പുറത്തെടുത്ത് ആശുപത്രിയിലാക്കി. പിന്നീട് കാറും വെളളത്തിൽ നിന്ന് പുറത്തെടുത്തശേഷമാണ് പൊലീസ് മടങ്ങിയത്.
അന്താരാഷ്ട്ര ഡിസാസ്റ്റർ റിസ്ക് റിഡക്ഷൻ ഡേയോടനുബന്ധിച്ച് ദുബായ് പൊലീസ് പുറത്തുവിട്ട വീഡിയോയിലെ രംഗമാണിത്. അപകടത്തെക്കുറിച്ചുളള വിവരം ലഭിച്ചാൽ എങ്ങനെയാണ് ദുബായ് പൊലീസ് പ്രവർത്തിക്കുന്നതെന്ന് ലോകത്തെ മനസിലാക്കിക്കൊടുക്കുയാണ് വീഡിയാേയുടെ ലക്ഷ്യം. പാറക്കെട്ടിൽ അകപ്പെട്ടയാളെ പൊലീസ് നായയുടെ സഹായത്തോടെ രക്ഷപ്പെടുത്തുന്നതും മരുഭൂമിയിൽ അകപ്പെട്ടുപോയ കുടുംബത്തെ കണ്ടുപിടിക്കുന്നതും അപകടത്തിൽപ്പെട്ട വാഹനത്തിലുളളവരെ പുറത്തെടുക്കുന്ന രംഗങ്ങളും വീഡിയോയിലുണ്ട്.
അത്യന്താധുനിക സാങ്കേതിക വിദ്യയുടെ സഹായത്തോടെയാണ് ദുബായ് പൊലീസിന്റെ രക്ഷാപ്രവർത്തനം. അതിനാൽ അപകടത്തിൽപ്പെടുന്നവരുടെ ജീവൻ നഷ്ടപ്പെടാനുളള സാദ്ധ്യത വളരെക്കുറവാണ്. അപകട സന്ദേശം ലഭിച്ചുകഴിഞ്ഞാൽ ഞൊടിയിടയ്ക്കുളളിൽ രക്ഷാപ്രവർത്തകർ സ്ഥലത്തെത്തിയിരിക്കും. രക്ഷപ്പെടുത്തുന്നവരെ ഉടനടി ആശുപത്രിയിലെത്തിക്കാൻ ഹെലികോപ്ടറിന്റെ സഹായവും ആവശ്യമെങ്കിൽ ലഭിക്കും. ഇതിനായി മണിക്കൂറുകൾ കാത്തുനിൽക്കേണ്ട ആവശ്യമില്ല. ഹെലികോപ്ടർ ഉൾപ്പടെയുളള സംവിധാനങ്ങൾ ആവശ്യമാണോ എന്ന് തീരുമാനിക്കുന്നത് രക്ഷാപ്രവർത്തകർ തന്നെയാണ്. ലോകത്തെ ഏറ്റവും മികച്ച രക്ഷാപ്രവർത്തന ശൃംഘലയുളള രാജ്യങ്ങളിൽ ഒന്നാണ് ദുബായ്. പൊലീസ് പുറത്തുവിട്ട വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാണ്.
First to arrive at the incidents’ scene with dedication and one thought only; saving lives. Those personnel went through extensive training and are fully equipped to spur into action whenever an emergency incident occurs.#InternationalDayforDisasterRiskReduction pic.twitter.com/7Jc97Qwjr3
— Dubai Policeشرطة دبي (@DubaiPoliceHQ) October 13, 2020