
പൊതുമേഖലാ സ്ഥാപനങ്ങളെ ഒന്നൊന്നായി കൈയൊഴിഞ്ഞുകൊണ്ടിരിക്കുന്ന കേന്ദ്ര സർക്കാർ സംസ്ഥാന പൊതുമേഖലാ സ്ഥാപനങ്ങൾക്കും മരണ വാറണ്ട് പുറപ്പെടുവിച്ചിരിക്കുകയാണ്. സംസ്ഥാന പൊതുമേഖലാ സ്ഥാപനങ്ങളുടെ ഓഹരി വില്ക്കാനും സംസ്ഥാന സർക്കാരുകൾക്കു മേൽ സമ്മർദ്ദം ചെലുത്തുമെന്ന് ബഡ്ജറ്റ് രേഖകളിൽ പറയുന്നു. ഇവയുടെ ആസ്തികൾ വിൽപ്പന നടത്തിയാൽ വമ്പിച്ച തോതിൽ വിഭവ സമാഹരണം നടത്താനാകുമെന്നാണ് ധനകാര്യ കമ്മിഷന്റെ ശുപാർശ. പീഡിത വ്യവസായങ്ങളെ പുനരുദ്ധരിക്കാനുള്ള പരിപാടികളെല്ലാം നിറുത്തലാക്കുകയാണ്. അടച്ചുപൂട്ടിയ വ്യവസായങ്ങൾ വീണ്ടും തുറന്നു പ്രവർത്തിപ്പിക്കുന്നതിനു പകരം അവയുടെ ആസ്തികൾ മുഴുവനും വിറ്റ് ഖജനാവ് നിറയ്ക്കുകയെന്നതാണ് പുത്തൻ സാമ്പത്തിക നയത്തിന്റെ കാതൽ. ലക്ഷക്കണക്കിനു തൊഴിലാളികളെ തെരുവാധാരമാക്കുന്നതാണിത്. ഇന്ത്യൻ സമ്പദ്ഘടനയിൽ നിർണായക സ്വാധീനം ചെലുത്തുന്ന ഏറ്റവും വലിയ പൊതുമേഖലാ സഥാപനമായ സ്റ്റേറ്റ്ബാങ്ക് ഓഫ് ഇന്ത്യയിൽ സർക്കാരിനുള്ള ഓഹരി പങ്കാളിത്തം 51 ശതമാനമായി കുറയ്ക്കുന്നതിനുള്ള നിയമ നടപടി ആരംഭിച്ചിരിക്കുകയാണ്.
എസ്. ബി. ഐ യുടെ 8.4 ശതമാനം ഓഹരി വിൽക്കാൻ വേണ്ടിയാണീ നിയമ നിർമ്മാണം. സർക്കാരിന് ഇപ്പോഴുള്ള ഓഹരി പങ്കാളിത്തം 59.4 ശതമാനം. ഉന്നത വിദ്യാഭ്യാസം, ആരോഗ്യ ഇൻഷ്വറൻസ്, ഗ്രാമീണ ബാങ്കിംഗ് എന്നീ മേഖലകളും നേരിട്ടുള്ള വിദേശ നിക്ഷേപത്തിന് തുറന്നു കൊടുക്കുകയാണ്.
പ്രതിരോധം, വാർത്താവിനിമയം, ബാങ്കിംഗ്, ഇൻഷ്വറൻസ് തുടങ്ങിയ തന്ത്രപ്രധാന മേഖലകളിൽ വിദേശ നിക്ഷേപം വർദ്ധിപ്പിക്കുന്നതിനു പുറമേയാണിത്. ഉന്നത വിദ്യാഭ്യാസ മേഖലയിൽ വിദേശനിക്ഷേപം യാഥാർത്ഥ്യമാകുന്നതോടെ വിദേശ സർവകലാശാലകൾ ഇന്ത്യയിലെ ഉന്നത വിദ്യാഭ്യാസ മേഖലയുടെ നിയന്ത്രണം കൈയാളുന്ന അവസ്ഥ വന്നുചേരും. രാജ്യത്തിന് ഉൾക്കൊള്ളാനാവുന്നതിലും കൂടുതൽ വിദേശ നിക്ഷേപം കൊണ്ടുവരുന്നത് ഭാവിയിൽ ഗുരുതരമായ സാമ്പത്തിക പ്രശ്നങ്ങൾക്ക് കാരണമാകുമെന്ന് സാമ്പത്തിക സർവേയിൽ സമ്മതിക്കുന്നുണ്ടെങ്കിലും സർക്കാർ അതിലേയ്ക്കു തന്നെയാണ് പോകുന്നത്.
കാർഷികമേഖലയാകെ വൻകിട കോർപറേറ്റുകളുടെ അധീനതയിൽ ആകുന്ന ഒന്നാണ് പാർലമെന്റ് പാസാക്കിയ നിയമങ്ങൾ എന്ന വിമർശനം തള്ളാനാവില്ല. കോടിക്കണക്കായ കർഷകരെ ബാധിക്കുന്ന നിയമങ്ങൾ വിശദമായ ചർച്ചയ്ക്ക് വിധേയമാക്കണമെന്നത് പാർലമെന്ററി ജനാധിപത്യ സംവിധാനത്തിന്റെ ഭാഗമാണ്. മൃഗീയ ഭൂരിപക്ഷമുള്ളതു കൊണ്ട് എന്തും ചെയ്യാമെന്ന ഈ ശൈലി ഇന്ത്യൻ ജനാധിപത്യത്തിനും ഫെഡറൽ സംവിധാനത്തിനും കനത്ത വെല്ലുവിളിയാണ് ഉയർത്തുന്നത്.2020 ജൂണിൽ ഓർഡിനൻസായി പുറപ്പെടുവിച്ച നിയമങ്ങളാണ് ഇപ്പോൾ പാസാക്കിയെടുത്തത്.
കൊവിഡ് മഹാമാരിക്ക് മുൻപുതന്നെ ഇന്ത്യയിലെ തൊഴിലില്ലായ്മ നിരക്ക് ഏറ്റവും ഉയർന്ന നിലയിലായിരുന്നു. 2020 ജനുവരിയിലെ 7.16 ൽ നിന്ന് മാർച്ച് മാസത്തിൽ 8.7 ആയി. തൊഴിൽ ചെയ്യുന്നവരുടെ എണ്ണം 42 കോടിയിൽ നിന്ന് 39.6 കോടിയായി കുറഞ്ഞു. ഇന്ത്യയിലെ മൊത്തം തൊഴിൽ ശക്തിയിൽ 93 ശതമാനത്തിലധികവും അസംഘടിത മേഖലയിലാണ്. ലോകവ്യാപകമായിഉണ്ടാകുന്ന ജലപ്രതിസന്ധി ഇന്ത്യയെയും വലയം ചെയ്യുമെന്നതിൽ സംശയമില്ല. ഇന്നും രാജ്യത്തെ 57 ശതമാനം ജനങ്ങൾക്കും കുടിവെള്ളം കിട്ടാക്കനിയാണ്. അതീവഗുരുതരമായ ഈ പ്രശ്നം കേന്ദ്രസർക്കാരിനെ അല്പം പോലും അലട്ടുന്നില്ലയെന്നത് കാണാതിരുന്നുകൂടാ. കുടിവെള്ളം കമ്പോളച്ചരക്കായി കാണണമെന്ന ലോകബാങ്കിന്റെ നിർദ്ദേശത്തിന് കേന്ദ്രസർക്കാർ വഴങ്ങുകയാണോ എന്ന സംശയത്തിന്റെ നിഴലിലാണ് ജനങ്ങൾ.
(ലേഖകന്റെ ഫോൺ : 9447247066 )