
അഹമ്മദാബാദ്: പറക്കുന്നതിനിടെ വിമാനത്തിന്റെ രണ്ട് എഞ്ചിനുകളിലൊന്ന് കേടായി. പരിചയ സമ്പന്നനായ പൈലറ്റ് കേടായ എഞ്ചിൻ ഓഫ് ചെയ്‌ത് ഒരു എഞ്ചിൻ ഉപയോഗിച്ച് വിമാനം സുരക്ഷിതമായി വിമാനത്താവളത്തിൽ ഇറക്കി. ഗോഎയറിന്റെ അഹമ്മദാബാദിലേക്ക് പുറപ്പെട്ട എയർബസ് എസ്ഇ എ 320 വിമാനത്തിനാണ് ഇങ്ങനെ സംഭവിച്ചത്. സെപ്‌തംബർ 19നായിരുന്നു സംഭവം. ലോകത്ത് ഏറ്റവുമധികം ഉപയോഗിക്കുന്ന വിമാന എഞ്ചിൻ കമ്പനികളിൽ മൂന്നാമതായ റെയ്‌തെയോൻ ടെക്‌നോളജീസിന്റെ ഉപ കമ്പനിയായ പ്രാറ്റ് ആന്റ് വിറ്റ്നിയുടെ എഞ്ചിനായിരുന്നു വിമാനത്തിൽ. ലോകമാകെ നിരവധി യുദ്ധവിമാനങ്ങളിൽ ഉൾപ്പടെ ഉപയോഗിക്കുന്ന എഞ്ചിനാണിത്.
കഴിഞ്ഞ വർഷവും ഇതേ പ്രശ്‌നം നേരിട്ട ഇൻഡിഗോ എയർലൈൻസ് പ്രാറ്റ് ആന്റ് വിറ്റ്നി കമ്പനിയുമായുളള കരാർ തന്നെ അവസാനിപ്പിച്ചിരുന്നു. ഇന്ത്യൻ ഡയറക്‌ടർ ജനറൽ ഓഫ് സിവിൽ ഏവിയേഷൻ (ഡിജിസിഎ) കഴിഞ്ഞ വർഷം സാങ്കേതിക പ്രശ്‌നം നേരിടുന്ന ഈ എഞ്ചിനുകൾ പരിഷ്‌കരിക്കണമെന്നും ഇല്ലെങ്കിൽ തകരാറുകൾക്കും വലിയ അപകടങ്ങൾക്ക് തന്നെ ഇവ വഴി വയ്‌ക്കുമെന്ന് അറിയിപ്പ് നൽകിയിരുന്നു. ഗോ എയറിന്റെ എ320 വിമാനങ്ങൾക്കും മുൻപ് ഇതേ തകരാർ ഉണ്ടായിരുന്നു. എന്നാൽ നിലവിൽ പ്രശ്‌നമുണ്ടായത് പരിഷ്‌കരിച്ച എഞ്ചിനിലാണ്. എന്നാൽ വിവരം പുറത്തറിയാതെയിരിക്കുകയായിരുന്നു. വിമാനത്തിന്റെ തകരാറിനെ കുറിച്ചുളള പരാതി കമ്പനി പോലും അവഗണിക്കുകയാണുണ്ടായത്.