
കൊല്ലം: ഫേസ് ബുക്ക് പ്രണയം പിരിയാനാകാത്ത വിധം വളർന്നതോടെ ജീവിത പങ്കാളികളെയും മക്കളെയും ഉപേക്ഷിച്ച് വിവാഹത്തിന് മുതിർന്ന കമിതാക്കളെ പൊലീസ് അറസ്റ്റ് ചെയ്ത് റിമാൻഡ് ചെയ്തു. പ്രായപൂർത്തിയാകാത്ത കുട്ടികളെ ഉപേക്ഷിച്ചതിന് ജുവനൈൽ ജസ്റ്റിസ് ആക്ട് പ്രകാരമാണ് നടപടി.
കൊട്ടറ മാടൻവിള ഭാഗത്ത് തോട്ടത്തിൽ വീട്ടിൽ അഞ്ജു (31), കാമുകനും രണ്ട് കുട്ടികളുടെ പിതാവുമായ കൊട്ടിയം ഉമയനല്ലൂർ കുന്നുംപുറത്ത് വീട്ടിൽ രഞ്ജിത്ത്(28) എന്നിവരെയാണ് പൂയപ്പള്ളി പൊലീസ് റിമാൻഡ് ചെയ്തത്. അഞ്ജുവിന് പത്തും എട്ടും വയസുള്ള മക്കളുണ്ട്. രഞ്ജിത്തിനും രണ്ട് മക്കളുണ്ട്. ഫേസ് ബുക്കിലൂടെ പരിചയപ്പെട്ട ഇരുവരും തമ്മിൽ ഏറെ നാളായി അടുപ്പത്തിലായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.പ്രണയം പിരിയാനാകാത്ത വിധം വളർന്നതോടെയാണ് ഇരുവരും വിവാഹത്തിനൊരുമ്പെട്ടത്. വിവരമറിഞ്ഞ ഇരുവരുടെയും ജീവിത പങ്കാളികൾ നൽകിയ പരാതിയിലാണ് പൊലീസ് ഇവരെ പിടികൂടിയത് . പ്രായപൂർത്തിയാകാത്ത കുട്ടികളെ ഉപേക്ഷിച്ച് പോയതിനാണ് പ്രധാനമായും കേസ് ചാർജ്ജ് ചെയ്തത്. പൂയപ്പള്ളി സി.ഐ. വിനോദ് ചന്ദ്രന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് ഇരുവരെയും അറസ്റ്റ് ചെയ്തത്.