
ബിരിയാണി എന്ന ചിത്രത്തിലൂടെ മികച്ച നടിയായി തിരഞ്ഞെടുക്കപ്പെട്ട കനി കുസൃതി
ഖദീജയെ ആദ്യം കേട്ടപ്പോൾ എനിക്ക് കണക്ട് ചെയ്യാൻ സാധിച്ചില്ല. എന്റെ ലോകവും ഖദീജയുടെ ലോകവും ഒരുപാട് ദൂരമുണ്ട്. എനിക്ക് ഒട്ടും പരിചയമില്ലാത്ത വഴികളിലൂടെയാണ് ഖദീജ കടന്നുപോകുന്നത്. ഖദീജ പ്രതിസന്ധികളെ നേരിടുന്നത് പോലെയല്ല കനി നേരിടുക. കടൽ തീരത്ത് താമസിക്കുന്ന ഖദീജയുടെയും ഉമ്മയുടെ ജീവിതത്തിൽ അപ്രതീക്ഷിതമായി ഉണ്ടാകുന്ന ചില സംഭവങ്ങളാണ് ബിരിയാണി പറയുന്നത്. ഖദീജയെ കേൾക്കുന്ന സമയത്ത് ഞാൻ മാനസികമായി തളർന്നിരിക്കുന്ന ഒരു അവസ്ഥയിലായിരുന്നു. അതുകൊണ്ട് തന്നെ ഒരു ടീമിന്റെ കൂടെ വർക്ക് ചെയ്യാൻ ആത്മവിശ്വാസം ഇല്ലായിരുന്നു. സജിൻ (സംവിധായകൻ സജിൻ ബാബു ) ആദ്യം ബിരിയാണിയെ കുറിച്ച് സംസാരിച്ചപ്പോൾ ഞാൻ റെഡിയായിരുന്നില്ല. അതങ്ങനെ തുറന്നു പറയുകയും ചെയ്തു. എന്നാൽ കുറച്ചു മാസങ്ങൾക്ക് ശേഷം അതേ പ്രോജക്ട് എന്റെ മുന്നിലേക്ക് വീണ്ടും വരികയായിരുന്നു. എന്റെ എല്ലാ മാനസികാവസ്ഥയും മനസിലാക്കി ഞങ്ങൾക്കിടയിലുള്ള അഭിപ്രായ വ്യത്യസങ്ങളെല്ലാം ഉൾകൊണ്ടുകൊണ്ടാണ് ബിരിയാണി ചെയ്യാമെന്ന തിരുമാനത്തിലെത്തുന്നത്. തുടക്കത്തിൽ ഒരുപാട് അവസരങ്ങൾ വന്നിട്ടുണ്ടായിരുന്നു. നാടകത്തിന്റെ തിരക്കുള്ള സമയങ്ങളിലെല്ലാം ഇതേപോലെ വരുന്ന അവസരങ്ങൾക്ക് നോ പറയേണ്ടിവന്നിട്ടുണ്ട്. വിനീതേട്ടന്റെ ഹൃദയത്തിലും മഹേഷേട്ടന്റെ മാലിക്കിലുമെല്ലാം എന്നെ കാസ്റ്റ് ചെയ്തിട്ടുണ്ടായിരുന്നു പക്ഷേ ചില കാരണങ്ങൾ കൊണ്ട് എനിക്ക് അതൊന്നും ചെയ്യാൻ സാധിച്ചില്ല. മുഖ്യധാരാ ചിത്രങ്ങളിലൂടെയാണ് എന്റെ സിനിമ ജീവിതം തുടങ്ങുന്നത്. കേരള കഫേ, ശിക്കാർ, കോക്ക്ടെയ്ൽ തുടങ്ങിയ മുഖ്യധാര ചിത്രങ്ങളിൽ കഥാപാത്രം ഞാൻ ചെയ്തിട്ടുണ്ട്. ഓഡിഷനു വിളിക്കുമ്പോൾ ഞാൻ ഇപ്പോഴും അയക്കാറുണ്ട്. എന്നാൽ എന്നെ അറിയാം, വിളിക്കാമെന്നൊക്കെ പറയും. പലപ്പോഴും എനിക്ക് തോന്നിയിട്ടുണ്ട് അറിയപ്പെടുന്ന നടിമാരാണേലും ഓഡിഷനിൽ വിളിച്ച് കഥാപാത്രത്തിന് ചേരുന്നതാണോയെന്ന് നോക്കണമെന്ന്. അല്ലാതെ മുൻ വിധികളില്ല.