virus

ലോസ്ആഞ്ചലസ് : കൊവിഡിനെ ഫലപ്രദമായി നിയന്ത്രിച്ച പല രാജ്യങ്ങളും രണ്ടാം തരംഗത്തിന് മുന്നിൽ പകച്ചു നിൽക്കുകയാണ്. യൂറോപ്യൻ രാജ്യങ്ങളാണ് ഇപ്പോൾ വീണ്ടും ഭീഷണി ഘട്ടത്തിലേക്ക് കടക്കുന്നത്. എത്രയും വേഗം വാക്സിൻ ലഭ്യമാകുമെന്ന പ്രതീക്ഷകൾക്ക് മങ്ങലേൽപ്പിക്കുന്ന തരത്തിലെ വാർത്തകളാണ് യു.എസിൽ നിന്നും പുറത്തുവന്നത്. രണ്ട് വാക്സിൻ ക്ലിനിക്കൽ ട്രയലുകളാണ് യു.എസിൽ നിറുത്തിവച്ചത്. കൊവിഡ് രൂക്ഷമായതോടെ പല യൂറോപ്യൻ രാജ്യങ്ങളും ലോക്ക്ഡൗൺ ഉൾപ്പെടെയുള്ള കടുത്ത നിയന്ത്രണങ്ങളിലേക്ക് കടക്കുന്നതിനിടെയാണിത്.

നിലവിൽ 38 ദശലക്ഷത്തിലേറെ പേർക്കാണ് ലോകമെമ്പാടും കൊവിഡ് ബാധ സ്ഥിരീകരിച്ചിരിക്കുന്നത്. കഴി‌ഞ്ഞ ദിവസം യു.എസിൽ എലി ലില്ലി ഫാർമസ്യൂട്ടിക്കൽസ് നടത്തിവന്ന ആൻഡിബോഡി ട്രീറ്റ്മെന്റിന്റെ മൂന്നാം ഘട്ട ട്രയലാണ് വ്യക്തമാക്കാത്ത കാരണത്താൽ ആദ്യം നിറുത്തിവച്ചത്. തൊട്ടുപിന്നാലെ, വെറും 24 മണിക്കൂറിനുള്ളിൽ ജോൺസൺ ആൻഡ് ജോൺസണും വോളന്റിയർമാരിലൊരാൾക്ക് രോഗലക്ഷണങ്ങൾ കണ്ടതിനെ തുടർന്ന് ട്രയൽ നിറുത്തിവച്ചു.

നെതർലൻഡ്സിൽ വീണ്ടും ഭാഗിക ലോക്ക്ഡൗൺ പ്രഖ്യാപിച്ചു. ബ്രിട്ടണിലും കേസ് കുത്തനെ ഉയരുന്ന സാഹചര്യത്തിൽ ഉടൻ ലോക്ക്ഡൗൺ വരാനിടെയുണ്ട്. ഫ്രാൻസിൽ നിയന്ത്രണങ്ങൾ കടുപ്പിക്കാൻ പ്രസിഡന്റ് ഇമ്മാനുവൽ മാക്രോൺ തീരുമാനിച്ചിട്ടുണ്ട്. പാരീസ് ഉൾപ്പെടെയുള്ള നഗരങ്ങളിൽ രാത്രികാല കർഫ്യു നിലവിൽ വന്നേക്കും.

കൊവിഡ് മരണനിരക്ക് നിയന്ത്രിച്ചിരുന്ന റഷ്യയ്ക്കും കാര്യങ്ങൾ കൈവിട്ട് തുടങ്ങി. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 244 പേരാണ് റഷ്യയിൽ മരിച്ചത്. രാജ്യത്ത് ഇതുവരെ രേഖപ്പെടുത്തിയിട്ടുള്ളതിൽ വച്ച് ഏറ്റവും ഉയർന്ന കണക്കാണിത്. പ്രതിദിന രോഗികളുടെ എണ്ണം കുറഞ്ഞ് വന്നതാണെങ്കിലും വീണ്ടും കുത്തനെ ഉയർന്ന് 14,000 എന്ന റെക്കോർഡ് കണക്കിലെത്തി.

ഇറ്റലിയിൽ അമച്വർ ഫുട്ബോൾ മാച്ചുകൾക്കും പാർട്ടികൾക്കും നിരോധനമേർപ്പെടുത്തി. രോഗിയുമായി സമ്പർക്കമുണ്ടായതിനെ തുടർന്ന് പോളണ്ടിന്റെ പ്രധാനമന്ത്രി മാത്യൂസ് മൊറാവീകി ക്വാറന്റൈനിലാണ്. പോർച്ചുഗലിൽ ഫുട്ബോൾ താരം ക്രിസ്റ്റ്യാനോ റൊണാൾഡോയ്ക്ക് കഴിഞ്ഞ ദിവസം കൊവിഡ് സ്ഥിരീകരിച്ചിരുന്നു.

അതേ സമയം, കൊവിഡിന്റെ ഉത്ഭവ കേന്ദ്രമായ ചൈനയിൽ ക്വിംഗ്ഡാവോ നഗരത്തിൽ സമ്പർക്കത്തിലൂടെ എട്ട് പേർക്ക് കൊവിഡ് സ്ഥിരീകരിച്ചതിനെ തുടർന്ന് നഗരത്തിലെ 90 ലക്ഷം പേർക്ക് അഞ്ച് ദിവസം കൊണ്ട് കൊവിഡ് പരിശോധന നടത്താൻ ഞായറാഴ്ചയാണ് അധികൃതർ തീരുമാനിച്ചത്. ചൊവ്വാഴ്ച ഉച്ചവരെ ശേഖരിച്ചത് 40 ലക്ഷം സാമ്പിളുകളാണ്. ഇതിൽ 19 ലക്ഷം റിസൾട്ടുകൾ പുറത്തുവരികയും ചെയ്തു.