
''സമൂഹ മാദ്ധ്യമങ്ങൾക്ക് ആരെയും കൊല്ലാം" എന്ന കേരളകൗമുദി മുഖപ്രസംഗം എന്തുകൊണ്ടും ശ്രദ്ധേയമായിരുന്നു. അനൂപ് കൃഷ്ണയുടെ ചികിത്സോപദേശം തേടിയിട്ടുള്ള ഏതൊരാളുടെയും ഹൃദയവേദനയാണ് ആ വരികളിൽകണ്ടത്. ഈ ലേഖകനുൾപ്പെടെ അദ്ദേഹത്തെ സമീപിച്ചിട്ടുള്ള ഏതൊരാൾക്കും അദ്ദേഹത്തിന്റെ വിയോഗം തീരാനഷ്ടമാണ്. പണവും സമയവും വളരെയധികം നഷ്ടപ്പെടുന്ന ഒരു മേഖലയാണ് അസ്ഥിരോഗങ്ങൾ. ഈ മേഖലയുടെ ഒരു സൂര്യതേജസായിരുന്നു ഡോക്ടർ അനൂപ് കൃഷ്ണൻ. എല്ലാ ആധുനിക സൗകര്യങ്ങളും ഏർപ്പെടുത്തി വൻ തുക ചെലവഴിച്ച് വികസിപ്പിച്ചുകൊണ്ടിരിക്കുകയായിരുന്നു. രോഗികളോടുള്ള അദ്ദേഹത്തിന്റെ പെരുമാറ്റം കരുണാർദ്രമായിരുന്നു. അപ്രതീക്ഷിതമായുണ്ടായ കുട്ടിയുടെ മരണവും തുടർന്നുണ്ടായ സംഭവങ്ങളും അദ്ദേഹത്തെ ആത്മഹത്യയിൽ കലാശിച്ചു. ചികിത്സയെ തുടർന്ന് മരിച്ച കുട്ടിയുടെ മാതാപിതാക്കൾ അപലപിച്ചിട്ടുണ്ട്. ഈ സംഭവത്തിന് മുമ്പ് ഡോക്ടറുടെ ആശുപത്രിയെക്കുറിച്ചും ഒരു പരാതിയും വന്നിട്ടില്ലെന്ന് പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്. അർപ്പണബോധവും മനുഷ്യത്വവുമാണ് ഡോക്ടറെ ജീവനൊടുക്കാൻ പ്രേരിപ്പിച്ചത്.
ടി.ടി. ഹരികുമാർ, കുണ്ടറ
നിയമനം പി.എസ്.സിക്ക് വിടണം
സർക്കാർ ശമ്പളം നൽകുന്ന സഹകരണ വകുപ്പിന്റെ കീഴിലുള്ള ബോർഡുകളായ സംസ്ഥാന സഹകരണ യൂണിയൻ, സഹകരണ പരീക്ഷാ ബോർഡ്, സഹകരണ എംപ്ളോയീസ്വെൽഫെയർ ബോർഡ്, സഹകരണ പെൻഷൻ ബോർഡ്, സഹകരണ നിക്ഷേപ ഗാരന്റി ഫണ്ട് ബോർഡ്, കേപ്പ്, സഹകരണ മേഖലയിലെ കിക്മ, അഗ്രികൾച്ചറൽ കോ - ഓപ്പറേറ്റീവ് സ്റ്റാഫ് ട്രെയിനിംഗ് ഇൻസ്റ്റിറ്റ്യൂട്ട്. ഇത്രയും സ്ഥാപനങ്ങളിൽ ജീവനക്കാരെ നിയമിക്കുന്നത് പി.എസ്.സി വഴിയാക്കിക്കൊണ്ട് ഗവൺമെന്റ് എക്സിക്യുട്ടീവ് ഓർഡർ ഇറക്കണം. കൂടാതെ മൂന്ന് മിൽമാ സ്ഥാപനമായ തിരുവനന്തപുരം മിൽക്ക് പ്രൊഡ്യൂസേഴ്സ് യൂണിയൻ, എറണാകുളം മിൽക്ക് പ്രൊഡ്യൂസേഴ്സ് യൂണിയൻ, കോഴിക്കോട് മിൽക്ക് പ്രൊഡ്യൂസേഴ്സ് യൂണിയൻ എന്നീ സ്ഥാപനങ്ങളിലെ എല്ലാനിയമനങ്ങളും പി.എസ്.സി വഴിയാക്കണം.
ഒരു സംഘം ഉദ്യോഗാർത്ഥികൾ, തിരുവനന്തപുരം
സർക്കാർ നാണക്കേട് വിലയ്ക്ക് വാങ്ങുന്നു
കേരള നിയമസഭയിൽ സ്പീക്കറുടെ മേശപ്പുറത്തുവച്ചിരുന്ന പൊതുമുതൽ അടിച്ചു തകർത്തവർക്കെതിരെ പൊലീസ് സമർപ്പിച്ച കേസ് പിൻവലിക്കാൻ സംസ്ഥാന സർക്കാർ നൽകിയ അപേക്ഷ, 'ഇതു തെറ്റായ സന്ദേശം നൽകു"മെന്ന അഭിപ്രായത്തോടു കൂടി കോടതി തള്ളി. ഇത് സർക്കാരിനേറ്റ പ്രഹരമാണ്.
ഒരു കൊലപാതക കേസിൽ സംസ്ഥാന പൊലീസിന്റെ അന്വേഷണം നിഷ്പക്ഷമല്ലെന്ന് കൊല്ലപ്പെട്ടവരുടെ ബന്ധുക്കൾ കേരള ഹൈക്കോടതിയിൽ നൽകിയ ഹർജി പ്രകാരം കേസന്വേഷണം സി.ബി.ഐക്ക് വിടാൻ കോടതി ഉത്തരവായി. അത് അസാധാരണ സംഭവമല്ല. പ്രതികളെ രക്ഷിക്കാൻ സാദ്ധ്യതയില്ലാത്ത ഭരണകൂടം അവരെ രക്ഷിക്കുകയെന്ന രാഷ്ട്രീയ താത്പര്യാർത്ഥം, സാമ്പത്തികമായി ബുദ്ധിമുട്ടനുഭവിക്കുന്ന അവസ്ഥയിലും 88 ലക്ഷം രൂപ ചെലവാക്കി ഹൈക്കോടതി ഉത്തരവ് സ്റ്റേ ചെയ്യാൻ സുപ്രീംകോടതിയിൽ നൽകിയ അപേക്ഷ അനുവദിക്കാതെ വന്നത് സർക്കാരിനേറ്റ രണ്ടാമത്തെ പ്രഹരമാണ്.
എൻ. ഗോപിനാഥൻ
വടശ്ശേരിക്കോണം