leoperd

വാഷിംഗ്ടൺ: ഒന്നു നടക്കാനിറങ്ങിയ കെയ്ൽ ബർഗെസിന് കിട്ടിയത് ഒരു മുട്ടൻ പണി. അമേരിക്കൻ സംസ്ഥാനമായ യൂട്ടയിലെത്തിയതാണ് കെയ്ൽ. കുറച്ച് ദൂരം നടന്നു പുറകിലേക്ക് തിരിഞ്ഞു നോക്കിയപ്പോൾ ദേ.. 100 മീറ്റർ അകലത്തിൽ ഒരു പുള്ളിപ്പുലി. ഭയന്നുപോയെങ്കിലും, പുലിയെ ആട്ടിയോടിക്കാൻ കെയ്ൽ ശ്രമിച്ചു. ഇതു പക്ഷേ, പുലിയെ പ്രകോപിപ്പിച്ചു.

പലകുറി പുള്ളിപ്പുലി കെയ്‌ലിനെതിരെ പാഞ്ഞടുക്കുന്നുണ്ടെങ്കിലും കെയ്‌ൽ നില്ക്കാൻ ആക്രോശിക്കുമ്പോൾ അല്പനേരത്തേക്ക് ശാന്തയാകും. ഏകദേശം ആറ് മിനിറ്റോളം കെയ്ലിനെ പിന്തുടർന്ന ശേഷം പുലി അതിന്റെ പാട്ടിന് പോവുകയും ചെയ്തു. പ്രശസ്ത അമേരിക്കൻ ബാസ്‌കറ്റ് ബോൾ താരമായിരുന്ന റെക്സ് ചാപ്മാൻ ഈ സംഭവത്തിന്റെ വീഡിയോ സമൂഹമാദ്ധ്യമങ്ങളിൽ പോസ്റ്റ് ചെയ്തിരുന്നു. വീഡിയോ ഇപ്പോൾ സൂപ്പർഹിറ്റാണ്.

 എന്തുകൊണ്ട് പുലി ഉപദ്രവിച്ചില്ല?

സ്വാഭാവികമായും നിങ്ങൾക്കുണ്ടാകുന്ന ചോദ്യം എന്തുകൊണ്ട് പുള്ളിപ്പുലി കെയ്‌ലിനെ ആക്രമിച്ചില്ല എന്നതാവും. യഥാർത്ഥത്തിൽ അതൊരു പെൺ പുള്ളിപ്പുലി ആണ്. നടക്കാൻ ഇറങ്ങിയതിനിടെ ഒരു മലഞ്ചരിവിൽ പൂച്ചകുട്ടികളുടെ ശബ്‍ദം കേട്ടപ്പോൾ അവിടേക്ക് കെയ്‌ൽ കയറിചെന്നിരുന്നു. എന്നാൽ, അത് പൂച്ചക്കുട്ടികളായിരുന്നില്ല, പുലിക്കുട്ടികളായിരുന്നു. കുറെ തിരഞ്ഞെങ്കിലും, കെയ്ലിന് പൂച്ചക്കുട്ടികളെ കണ്ടെത്താനായില്ല. എന്നാൽ, അമ്മപ്പുലി ഇതെല്ലാം കണ്ട് കൊണ്ട് കെയ്ലിന്റെ സമീപത്ത് തന്നെയുണ്ടായിരുന്നു. തന്റെ മക്കളെ തട്ടിയെടുക്കാൻ വന്ന ശത്രു ആയിട്ടാണ് പുള്ളിപ്പുലി കെയ്‌ലിനെ കണ്ടത്. അതുകൊണ്ടാണ് കെയ്‌ലിനെ ആക്രമിക്കാതെ എന്നാൽ തന്റെ പരിധിവിട്ട് പോകുന്നതുവരെ പുള്ളിപ്പുലി പിന്തുടർന്നത്. എന്തായാലും മരണത്തെ മുഖാമുഖം കണ്ട സന്ദർഭം തനിക്ക് ജീവിതത്തിൽ മറക്കാനാവില്ലെന്ന് കെയ്‌ൽ പിന്നീട് ഫേസ്ബുക്കിൽ കുറിച്ചു.