
തിരുവനന്തപുരം: രാജ്യത്തെ കൊവിഡ് രോഗികളുടെ വർദ്ധനവിൽ മറ്റേതൊരു സംസ്ഥാനത്തെയും മറികടന്ന് കേരളം. കഴിഞ്ഞ ഒരു മാസത്തിനിടെ സംസ്ഥാനത്ത് 166 ശതമാനമാണ് കൊവിഡ് രോഗികളുടെ വർദ്ധന. കൊവിഡ് രോഗികളുടെ എണ്ണത്തിൽ കേരളത്തിലെ 14 ജില്ലകളിലും 100 ശതമാനം കുതിച്ചു കയറ്റമാണ് ഉണ്ടായത്. അതേസമയം, ഇന്ത്യയിൽ ആകട്ടെ വർദ്ധന 50 ശതമാനം മാത്രമാണ്. ഇത്തരത്തിൽ ഒരു വർദ്ധന രേഖപ്പെടുത്തിയ മറ്റൊരു സംസ്ഥാനം മഹാരാഷ്ട്ര മാത്രമാണ്. ഒരു മാസത്തിനിടെ ഇന്ത്യയിലെ കൊവിഡ് രോഗികളുടെ എണ്ണ ത്തിൽ 11 ശതമാനം വർദ്ധനയുണ്ടായപ്പോൾ കേരളത്തിൽ അത് 233 ശതമാനമാണ്. അതായത് ആകെ രോഗികളുടെ എണ്ണത്തിന്റെ 10 ശതമാനം രോഗികളും കേരളത്തിലാണെന്ന്.
കോഴിക്കോട് (256%), തൃശൂർ (220%), കൊല്ലം (219%) എന്നീ ജില്ലകളാണ് ഏറ്റവും ഉയർന്ന വർദ്ധന രേഖപ്പെടുത്തിയത്. കാസർകോട് (105%), തിരുവനന്തപുരം (112%) എന്നീ ജില്ലകളാണ് കൊവിഡ് രോഗികളുടെ എണ്ണത്തിലുള്ള വർദ്ധനയിൽ കുറവ് രേഖപ്പെടുത്തിയത്.
രോഗികളുടെ എണ്ണത്തിലുണ്ടായ വർദ്ധന സർക്കാരിന്റെ രോഗപ്രതിരോധ നടപടികൾ ഫലം കാണുന്നില്ലെന്ന സൂചനയാണ് നൽകുന്നതെന്ന് വിദഗ്ദ്ധർ ചൂണ്ടിക്കാട്ടുന്നു. ജനസാന്ദ്രത ഏറിയ പ്രദേശങ്ങളിൽ സാമൂഹ്യ അകലം പാലിക്കുന്നതടക്കമുള്ള കൊവിഡ് പ്രോട്ടോക്കോൾ ജനങ്ങൾ പാലിക്കുന്നില്ലെന്നതിനും തെളിവാണിത്.
രോഗികളുടെ എണ്ണം ക്രമാതീതമായി വർദ്ധിക്കുന്നത് ആശുപത്രികൾക്കും കടുത്ത വെല്ലുവിളിയാണ് ഉയർത്തുന്നത്. പാലക്കാട്, കോഴിക്കോട് ജില്ലകളിലെ രോഗികളുടെ എണ്ണത്തിലുള്ള വർദ്ധന 400 ശതമാനവും എറണാകുളം, തൃശൂർ ജില്ലകളിലേത് 300 ശതമാനവുമാണ്. ദേശീയ ശരാശരിയാകട്ടെ 11 ശതമാനവും.
ടി.പി.ആർ 18% കടന്നു
കേരളത്തിലെ ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ് അഥവാ ടി.പി.ആർ 18 ശതമാനം കടന്നു. അതേസമയം മഹാരാഷ്ട്രയിൽ ടി.പി.ആർ 14.2 ശതമാനവും കർണാടകയിൽ 9.3 ശതമാവും മാത്രമാണ്. ടി.പി.ആറിലെ വർദ്ധന ആരോഗ്യവകുപ്പിനെ വല്ലാതെ ആശങ്കയിലാഴ്‌ത്തിയിട്ടുണ്ട്. ടി.പി.ആർ ഉയരുന്നതോടെ ആശുപത്രിയിലെ സ്ഥലസൗകര്യങ്ങൾ മതിയാകാതെ വരുമെന്നതും ആരോഗ്യ വകുപ്പിനെ ആശങ്കപ്പെടുത്തുന്നുണ്ട്. അതിനാൽ തന്നെ മാളുകൾ, ഓഫീസുകൾ, ഷോപ്പിംഗ് കേന്ദ്രങ്ങൾ എന്നിവിടങ്ങളിലെല്ലാം കൊവിഡ് പ്രോട്ടോക്കോൾ കർശനമായി പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്താനുള്ള ശ്രമത്തിലാണ് ആരോഗ്യവകുപ്പ്.