iphone

ഐഫോണ്‍ ആരാധകരുടെ കാത്തിരിപ്പിന് വിരാമം. കുപ്പര്‍ട്ടിനോയിലെ ആപ്പിള്‍ പാര്‍ക്കില്‍ ആപ്പിള്‍ പുത്തന്‍ ഐഫോണ്‍ മോഡല്‍ അവതരിപ്പിച്ചു. 'ഹൈ സ്പീഡ്' എന്ന് പേരിട്ട ഐഫോണ്‍ 12-ന്റെ ലോഞ്ച് ചടങ്ങ് മുന്‍ ഐഫോണ്‍ ലോഞ്ചുകളില്‍ നിന്നും വ്യത്യസ്തമായി പൂര്‍ണമായും ഓണ്‍ലൈന്‍ ആയാണ് നടന്നത്.

റിപ്പോര്‍ട്ടുകള്‍ ശരിവയ്ക്കും വിധം പുത്തന്‍ ഐഫോണ്‍ 12 ശ്രേണിയില്‍ ഐഫോണ്‍ 12 മിനി, ഐഫോണ്‍ 12, ഐഫോണ്‍ 12 പ്രോ, ഐഫോണ്‍ 12 പ്രോ മാക്‌സ് എന്നിങ്ങനെ നാല് മോഡലുകളാണുള്ളത്. പുതുതായി അവതരിപ്പിച്ച ഐഫോണ്‍ 12 മിനിയാണ് പേര് സൂചിപ്പിക്കും പോലെ കൂട്ടത്തില്‍ ചെറുതും ഏറ്റവും വിലക്കുറവുള്ളതുമായ മോഡല്‍. ഐഫോണ്‍ 12, ഐഫോണ്‍ 12 പ്രോ, ഐഫോണ്‍ 12 പ്രോ മാക്‌സ് എന്നിവ യഥാക്രമം ഐഫോണ്‍ 11, ഐഫോണ്‍ 11 പ്രോ, ഐഫോണ്‍ 11 പ്രോ മാക്‌സ് മോഡലുകളുടെ പിന്‍ഗാമികളാണ്.

5ജി സപ്പോര്‍ട്ടോടുകൂടിയാണ് ഐഫോണ്‍ 12 ശ്രേണിയിലെ എല്ലാ ഫോണുകളും വില്പനക്കെത്തിയിരിക്കുന്നത്. ഒപ്പം ആപ്പിളിന്റെ ഏറ്റവും പുതിയ A14 ബയോണിക് ചിപ്പും, iOS 14 ഓപ്പറേറ്റിംഗ് സിസ്റ്റവുമാണ് ഐഫോണ്‍ 12 ശ്രേണിയ്ക്ക് കരുത്ത് പകരുന്നത്. ഈ മാസം 30 മുതലാണ് പുത്തന്‍ ഐഫോണ്‍ 12 ഇന്ത്യയില്‍ വില്പനക്കെത്തുക.

ഐഫോണ്‍ 12 - ഡിസൈന്‍, ഡിസ്‌പ്ലേ, നിറങ്ങള്‍

ഐഫോണ്‍ 5-ന് സമാനമായി മെറ്റല്‍ എഡ്ജ് ഡിസൈനിലേക്കുള്ള മടങ്ങിപ്പോക്കാണ് ഐഫോണ്‍ 12. സെറാമിക് ഷീല്‍ഡ് ഗ്ലാസ് കവറുള്ള സൂപ്പര്‍ റെറ്റിന XDR ഓഎല്‍ഇഡി ഡിസ്‌പ്ലെയുള്ള സ്‌ക്രീന്‍ ആണ് ഐഫോണ്‍ 12 മോഡലുകള്‍ക്ക്. ഐഫോണ്‍ 11-ന്റെ എല്‍.സി.ഡി പാനലുമായി താരതമ്യം ചെയ്യുമ്പോള്‍ വളരെയേറെ മികച്ചതാണ് പുത്തന്‍ ഓ.എല്‍.ഇഡി ഡിസ്‌പ്ലെ.

5.4-ഇഞ്ച് വലിപ്പമുള്ള ഡിസ്‌പ്ലേ ആണ് ഐഫോണ്‍ 12 മിനിയ്ക്ക്. ഐഫോണ്‍ 12, ഐഫോണ്‍ 12 പ്രോ മോഡലുകള്‍ക്ക് 6.1-ഇഞ്ച് ലഭിക്കുമ്പോള്‍ ഐഫോണ്‍ 12 പ്രോ മാക്സിന് ഏറ്റവും വലിപ്പമുള്ള 6.7-ഇഞ്ച് സ്‌ക്രീന്‍ ആണ്.

കറുപ്പ്, നീല, പച്ച, പ്രോഡക്റ്റ് (റെഡ്), വെളുപ്പ് നിറങ്ങളിലാണ് ഐഫോണ്‍ 12-ഉം ഐഫോണ്‍ 12 മിനി മോഡലും വില്പനക്കെത്തിയിരിക്കുന്നത്. അതെ സമയം ഗോള്‍ഡ്, ഗ്രാഫൈറ്റ്, പസിഫിക് ബ്ലൂ, സില്‍വര്‍ നിറങ്ങളില്‍ ഐഫോണ്‍ 12 പ്രോ, ഐഫോണ്‍ 12 പ്രോ മാക്‌സ് മോഡലുകള്‍ വാങ്ങാം.


4K വീഡിയോ എഡിറ്റിംഗ് വരെ പുഷ്പം പോലെ കൈകാര്യം ചെയ്യാന്‍ പറ്റുന്ന വിധമാണ് A14 ബയോണിക് ചിപ്പ് തയ്യാറാക്കിയിരിക്കുന്നത്. ഐഫോണ്‍ 11-ല്‍ A13 ബയോണിക് ചിപ്പിനേക്കാള്‍ 40 ശതമാനം സി.പി.യു പെര്‍ഫോമന്‍സും 30 ശതമാനം മികച്ച ഗ്രാഫിക്സും A14 ബയോണിക് ചിപ്പ് നല്‍കും എന്ന് ആപ്പിള്‍ അവകാശപ്പെടുന്നു.


ഐഫോണ്‍ 12 മിനി, ഐഫോണ്‍ 12 ഫോണുകള്‍ക്ക് പുറകില്‍ ഡ്യുവല്‍- ക്യാമറ സെറ്റപ്പും, ഐഫോണ്‍ 12 പ്രോ, ഐഫോണ്‍ 12 പ്രോ മാക്‌സ് ഫോണുകള്‍ക്ക് ട്രിപ്പിള്‍- ക്യാമറ സെറ്റപ്പും ആണ്. വൈഡ്-ആംഗിള്‍, അള്‍ട്രാ വൈഡ്-ആംഗിള്‍ ഷൂട്ടറുകളുള്ള 12-മെഗാപിക്‌സല്‍ ഡ്യുവല്‍ റിയര്‍ ക്യാമറയാണ് ഐഫോണ്‍ 12 മിനിയ്ക്കും ഐഫോണ്‍ 12-നും. ഐഫോണ്‍ 12 പ്രോ, ഐഫോണ്‍ 12 പ്രോ മാക്‌സ് പതിപ്പുകളില്‍ മേല്പറഞ്ഞ രണ്ടു ക്യാമറ സെന്‍സറുകള്‍ക്കൊപ്പം ടെലിഫോട്ടോ ലെന്‍സും ( പ്രോയില്‍ എഫ്/2.0, പ്രോ മാക്സില്‍ എഫ്/2.2) ചേരുന്നു.നാല് ഐഫോണ്‍ മോഡലുകള്‍ക്കും 12-മെഗാപിക്‌സല്‍ സെല്‍ഫി ക്യാമറയാണ്.

ഐഫോണ്‍ 12 മിനി 15 മണിക്കൂര്‍ വരെ വീഡിയോ പ്ലേബാക്ക് നല്‍കുമെന്ന് ആപ്പിള്‍ അവകാശപ്പെടുന്നു, അതേസമയം ഐഫോണ്‍ 12, ഐഫോണ്‍ 12 പ്രോ മോഡലുകളിലെ ബാറ്ററി 17 മണിക്കൂര്‍ വരെ വീഡിയോ പ്ലേബാക്ക് നല്‍കും. 15W വരെ മാഗ് സേഫ് വയര്‍ലെസ് ചാര്‍ജിംഗിനെയും 7.5W വരെ ക്യു വയര്‍ലെസ് ചാര്‍ജിംഗിനെയും ഐഫോണ്‍ 12 മോഡലുകള്‍ പിന്തുണയ്ക്കും. ലോകത്തിലെ ഏറ്റവും ചെറുതും ഭാരം കുറഞ്ഞതും കനംകുറഞ്ഞതുമായ 5ജി സ്മാര്‍ട്ട്ഫോണാണ് ഐഫോണ്‍ 12 മിനി എന്നാണ് ആപ്പിള്‍ പറയുന്നത്.