thenga

തേങ്ങ ഉടക്ക് സ്വാമീ എന്ന് ഇനി ആരും പ്രഭാകർ റെഡ്‌ഡിയോട് പറയില്ല. കക്ഷി തേങ്ങയുടച്ച് ഒരുഗ്രൻ റെക്കോർഡ് നേടിക്കഴിഞ്ഞു. ആന്ധ്രയിലെ ആയോധനകല അദ്ധ്യാപകനായ പ്രഭാകർ റെഡ്‌ഡി കുറിച്ചത് നിസ്സാരമായ റെക്കോർഡല്ല. ഒരു മിനിട്ടിൽ ഏ‌റ്റവും കൂടുതൽ തേങ്ങ ഉടച്ചാണ് പ്രഭാകർ റെഡ്‌ഡി ഗിന്നസ് ബുക്കിൽ കയറി പറ്റിയത്. വെറുതെ ഉടച്ചാലും ഒരു ത്രില്ലില്ലല്ലോ കണ്ണിൽ ഉപ്പ് വിതറി കറുത്ത തുണി കൊണ്ട് മൂടിക്കെട്ടി പൂർണമായും കണ്ണ് കാണാതെയാണ് റെഡ്‌ഡി ഈ റെക്കോർഡ് സ്വന്തമാക്കിയത്.

റെഡ്‌ഡി തേങ്ങ ഉടക്കുന്നതിന്റെ വീഡിയോ ലക്ഷക്കണക്കിന് പേരാണ് ഇതുവരെ കണ്ടത്. ശിഷ്യനായ ബോയില്ല പ്രകാശി നിലത്ത് കിടന്ന ശേഷം ചുറ്റും നിരത്തിയ തേങ്ങകൾ ചു‌റ്റിക കൊണ്ട് പ്രഭാകർ റെഡ്‌ഡി അടിച്ച് പൊട്ടിച്ചു. ഒരു മിനിട്ടിനകം 49 തേങ്ങകൾ പ്രഭാകര റെഡ്‌ഡി തകർത്തു. പൊളിച്ച തേങ്ങകളെല്ലാം ഗ്രാമത്തിലെ ജീവികൾക്ക് ഭക്ഷിക്കാനായി നൽകി മാതൃകയാകുകയും ചെയ്‌തു പ്രഭാകർ.

പ്രഭാകറിനെ കൂടാതെ മ‌റ്റൊരു ഇന്ത്യക്കാരനും ഗിന്നസ് ബുക്കിൽ സ്ഥാനം പിടിച്ചിട്ടുണ്ട്. ന്യൂഡൽഹി സ്വദേശി സോറാവാർ സിംഗ് റോളർ സ്‌കേ‌റ്റിംഗ് ഷൂസിൽ ഏ‌റ്റവുമധികം ചാട്ടം ചാടിയ റെക്കോർഡ് സ്വന്തമാക്കി. മുപ്പത് സെക്കന്റിൽ 147 തവണയാണ് സോറാവാർ ചാടിയത്. ഫെബ്രുവരിയിലായിരുന്നു സോറാവാറിന്റെ പ്രകടനം.