
വെല്ലിംഗ്ടൺ: കൊവിഡ് വ്യാപന പശ്ചാത്തലത്തിൽ ആൾക്കൂട്ട നിയന്ത്രണവും സാമൂഹിക അകലവും മാസ്ക് ധരിക്കലും ഉൾപ്പടെയുളള മുൻകരുതൽ നടപടികളുമായി ജാഗ്രതയോടെ മുന്നോട്ടുപോകുന്ന ലോകത്തെ അമ്പരപ്പിച്ച് ന്യൂസിലാൻഡ് സ്റ്റേഡിയത്തിൽ നിന്നുളള ചിത്രം. ആയിരക്കണക്കിന് റഗ്ബി ആരാധകർ തിങ്ങിനിറഞ്ഞ ന്യൂസിലാൻഡ് വെല്ലിംഗ്ടൺ സ്റ്റേഡിയത്തിൽ നിന്നുളള ദൃശ്യം സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ്.
ബ്ലെഡിസ്ലോ കപ്പ് ടെസ്റ്റ് മത്സരം കാണുന്നതിനായി സ്റ്റേഡിയത്തിലെത്തിയ റഗ്ബി ആരാധകരുടെ ദൃശ്യമാണിത്. മാസ്ക് ധരിക്കുകയോ സാമൂഹിക അകലം പാലിക്കുകയോ ചെയ്യാതെയാണ് മുപ്പതിനായിരത്തോളം വരുന്ന കാണികൾ സ്റ്റേഡിയത്തിലിരുന്ന് മത്സരം വീക്ഷിക്കുന്നത്. ഏഴുമാസത്തെ നിയന്ത്രണങ്ങൾക്കൊടുവിൽ ആദ്യമായി നടക്കുന്ന റഗ്ബി മത്സരമാണിതെന്ന് ന്യൂസിലാൻഡ് ഹെറാൾഡ് റിപ്പോർട്ട് ചെയ്യുന്നു.
കൊവിഡ് മഹാമാരിക്കിടയിൽ നിരുത്തരവാദമായ നടപടിയെന്ന് ചിലർ കുറ്റപ്പെടുത്തുമ്പോൾ മറ്റൊരു വിഭാഗം ഇതിനെ ശുഭസൂചകമെന്നാണ് വിശേഷിപ്പിക്കുന്നത്. ഇത്ര ആത്മവിശ്വാസത്തോടെ ജനങ്ങൾക്ക് ഈ മഹാമാരിക്കിടയിലും ഒന്നിച്ചിരിക്കാൻ കഴിയുന്നത് ന്യൂസിലാൻഡിലെ കൊവിഡ‌് പ്രതിരോധ പ്രവർത്തനങ്ങളുടെ മികവാണെന്നും അഭിപ്രായമുണ്ട്.