
സ്റ്റോക്ക്ഹോം: ഈ വർഷത്തെ നോബൽ പുരസ്കാര ജേതാക്കളിൽ ഒരാളായ പോൾ ആർ.മിൽഗ്രോമിനോട് തങ്ങൾക്ക് നോബൽ പുരസ്കാരം ലഭിച്ചെന്ന് അറിയിക്കാനെത്തിയ റോബർട്ട് ബി.വിൽസണിന്റെ വീഡിയോയാണ് ഇപ്പോൾ സമൂഹമാദ്ധ്യമങ്ങളിൽ ചിരിപടർത്തുന്നത്. പുലർച്ചെ 2.15 ഉറങ്ങിക്കിടക്കുമ്പോൾ വാതിലിൽ മുട്ടി വിളിച്ചാണ് റോബർട്ടും അദ്ദേഹത്തിന്റെ ഭാര്യയും പോളിനോട് ഇന്റർകോമിലൂടെ വിവരം പറയുന്നത്. സി.സി.ടി.വി കാമറയിൽ പതിഞ്ഞ ദൃശ്യത്തിൽ റോബർട്ടും ഭാര്യയും ഇന്റർകോമിലൂടെ, ഉറങ്ങിക്കിടക്കുന്ന പോളിനോട് സംസാരിക്കാൻ ശ്രമിക്കുന്നത് വീഡിയോയിൽ കാണാം.
പോൾ, ഇത് ബോബ് വിൽസൺ ആണ്. നിനക്ക് നൊബൽ സമ്മാനം കിട്ടി." റോബർട്ട് പറഞ്ഞു. "പക്ഷേ, അവർക്ക് (റോയൽ സ്വീഡിഷ് അക്കാദമി) നിന്നെ ഈ വിവരം അറിയിക്കാൻ പറ്റുന്നില്ല. നിന്റെ നമ്പർ അവരുടെ പക്കലില്ല" - റോബർട്ട് പറയുന്നു.
സ്റ്റാൻഫോർഡ് യൂണിവേഴ്സിറ്റിയാണ് വീഡിയോ പോസ്റ്റ് ചെയ്തത്. നോബൽ സമ്മാനം നേടിയ വാർത്ത പങ്കിടാൻ നോബൽ പ്രൈസ് കമ്മിറ്റിക്ക് പോളുമായി ബന്ധപ്പെടാൻ സാധിച്ചില്ല. അതുകൊണ്ട് സഹ പുരസ്കാര ജേതാവും അയൽവാസിയുമായ റോബർട്ട് വിൽസൺ അർദ്ധരാത്രിയിൽ വാതിലിൽ മുട്ടി.” സ്റ്റാൻഫോർഡ് സർവകലാശാല വീഡിയോയോടൊപ്പം കുറിച്ചു.
മറ്റൊരു ട്വീറ്റിൽ റോബർട്ട് പോളിനോട് സന്തോഷ വാർത്ത പറയുന്ന കാര്യം തത്സമയം കാണാൻ സ്റ്റോക്‌ഹോമിലുള്ള പോളിന്റെ ഭാര്യയ്ക്ക് കഴിഞ്ഞെന്നും വ്യക്തമാക്കുന്നുണ്ട്. പുലർച്ചെ കോളിംഗ് ബെൽ അടിച്ചപ്പോൾ സെക്യൂരിറ്റി കാമറ നോട്ടിഫിക്കേഷൻ ഭാര്യയുടെ ഫോണിൽ വന്നതാണ് ഇതിന് കാരണം.